പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്നും 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സുമായി സഹകരിച്ചാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ 87.9 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍, 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകള്‍, 1.37 കോടി രൂപ എന്നിവയാണ് കണ്ടെടുത്തത്.പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. അഹമ്മദാബാദിലുള്ള ഈ അപ്പാര്‍ട്‌മെന്റ് മേഘ് ഷാ എന്നയാളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘ് ഷായുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഫ്‌ളാറ്റിന്റെ താക്കോല്‍ പൊലീസ് എടുക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

ഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ച വെച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്.

മൂന്ന് ദിവസം കൊണ്ട് 66 പൈസയുടെ നേട്ടം ഉണ്ടാക്കിയ ശേഷമാണ് രൂപയുടെ ഇടിവ്. ഇന്നലെ 25 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതേസമയം ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70.37 ഡോളറായാണ് കുറഞ്ഞത്. ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് നൂറ് പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എന്‍ടിപിസി, ടാറ്റ സ്്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

ന്യൂഡല്‍ഹി: ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കി. ബഹിരാകാശത്തു നിന്നും സുനിത വില്യംസും സംഘവും ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ സുനിത വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിലും ആഹ്ലാദം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാര്‍ സുനിതയുടെ മടങ്ങി വരവ് ആഘോഷിച്ചത്.

സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിരുന്നു. ഒമ്പതു മാസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് സുനിത വില്യംസും സംഘവും ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.

നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക്: മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി.

ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു.

മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല. ചട്ടം പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. നോട്ടീസ് നല്‍കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും, സഭ ബിസിനസില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതാണെന്നും വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും.

പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്.