ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആയിരുന്നു വിക്ഷേപണം. നാളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പത്തു ദിവസത്തിനുശേഷം സഞ്ചാരികള്‍ മടങ്ങിയെത്തും. സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ യാത്ര മുടങ്ങിയിരുന്നു.

മനുഷ്യനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യപരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍നിന്നായിരുന്നു വിക്ഷേപണം.

ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്. യുഎസ് നേവല്‍ അക്കാദമിയില്‍ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബര്‍ 9നായിരുന്നു. 2006ലും 2012ലും ബഹാരാകാശ നിലയത്തിലെത്തിയ സുനിത യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. നിലവില്‍ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?; സസ്‌പെന്‍സ് നിലനിര്‍ത്തി നിതീഷ്

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?; സസ്‌പെന്‍സ് നിലനിര്‍ത്തി നിതീഷ്

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.

ഇന്നു വൈകീട്ടു ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി രണ്ടു പാര്‍ട്ടികളും ബിജെപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍, സ്പീക്കര്‍ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ 17ാം ലോക്‌സഭ പിരിച്ചു വിടാന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാനയോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയത്തില്‍ തുടര്‍നടപടി ആലോചിക്കാനായി ഇന്ത്യാ മുന്നണി യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. വൈകീട്ട് ആറുമണിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക.

നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക്; മനസിലെന്തെന്ന് വെളിപ്പെടുത്താതെ നിതീഷ്

നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക്; മനസിലെന്തെന്ന് വെളിപ്പെടുത്താതെ നിതീഷ്

ദില്ലി: ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക്. ഒരാള്‍ എൻഡിഎ യോഗത്തിൽ പങ്കെടുക്കാനാണെങ്കിൽ മറ്റേയാൾ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാൽ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിൽ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നൽകിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൌതുകമായി മാറി. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരിൽ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാൾ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായിരുന്നു ഇരു പാർട്ടികളും. നിന്ന നിൽപ്പിൽ മുന്നണികൾ മാറാൻ ഒരു മടിയും കാണിക്കാത്തയാളാണ് നിതീഷ് എന്നതിനാൽ എൻഡിഎ പാളയത്തിൽ ആശങ്കയുണ്ട്. മോദി നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കരുതെന്ന് നിതീഷിനോടും ചന്ദ്രബാബു നായിഡുവിനോടും തൃണമൂൽ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭ്യർത്ഥിച്ചു. നിതീഷിനെ പ്രധാനമന്ത്രിയാക്കി ഇന്ത്യ സഖ്യം അധികാരത്തിൽ വരണമെന്ന നിർദേശം മമത മുന്നോട്ടുവച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. അതേസമയം ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ എൻ ഡി എയിൽ നിന്ന് വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആവശ്യപ്പെടും. ഇന്നത്തെ എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡുവിനൊപ്പം പവൻ കല്യാണും പങ്കെടുക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. അതിനു ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദവും ഉന്നയിച്ചേക്കും

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നേടിയത്. എതിര്‍സ്ഥാനാര്‍ഥികളായ വിഎസ് സുനില്‍ കുമാര്‍ 30.95 ശതമാനവും കെ മുരളീധരന്‍ 30.08 ശതമാനം വോട്ടുകളും നേടി. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ 74,686 ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി അഭിമാന വിജയം നേടിയത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്.

സംസ്ഥാനത്ത് മുന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുപ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയത്. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവന്തപുരം എന്നിവയാണ് അത്. ആലപ്പുഴയില്‍ എന്‍ഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയര്‍ന്നു. പത്തനം തിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.

15 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച അഞ്ച് മണ്ഡലങ്ങള്‍; കാസര്‍കോട്് 19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂര്‍ 18.89 ശതമാനം, കോഴിക്കോട്് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെയാണ്. വടകര, മലപ്പുറം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 62,229 വോട്ടുകള്‍ അധികം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.

കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്.

സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ ചെറുത്തു നില്‍ക്കാനായത്. സിറ്റിങ് എംപി രമ്യ ഹരിദാസാണ് രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭയായത്.

അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ പകുതിയിലേറെ ഘട്ടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പിന്നിലായിരുന്ന ശശി തരൂര്‍ അവസാന ലാപ്പിലാണ് മുന്നില്‍ കയറിയത്. ഒരുവേള രാജീവ് ചന്ദ്രശേഖര്‍ അട്ടിമറി വിജയം നേടിയേക്കുമെന്ന പ്രതീതി വരെ ജനിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ഘട്ടത്തിലും ലീഡിലേക്ക് എത്തിയിരുന്നില്ല.

ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡ് പലതവണ മാറി മറിഞ്ഞ മണ്ഡലത്തില്‍, നേരിയ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ലീഡു ചെയ്യുന്നത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നപ്പോള്‍, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരുടെ ലീഡ് രണ്ടുലക്ഷം കടന്നു. വടകരയില്‍ ഷാഫി പറമ്പില്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എംകെ രാഘവന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിവര്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

തെരഞ്ഞെടുപ്പ് ഫലം

ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം ഭൂരിപക്ഷം കടന്ന് 301 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 172 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞു ഇ.വി.എം മെഷീനിലെ വോട്ടിംഗ് എണ്ണി തുടങ്ങിയപ്പോഴാണ് ഈ ലീഡ് നില. കേരളത്തിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് നാല് സീറ്റിലും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 132 വോട്ടിന് ലീഡ് ചെയ്യുന്നു.