പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്.ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്.

ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.എന്നാൽ ആക്രമണം ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ സമയത്ത്, കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

186 കാളകൾ ഈ ജല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ മുഴുവൻ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉൾപ്പെടുന്നു. മറ്റ് ജെല്ലിക്കെട്ട് വേദികളിൽ നിന്നും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുര ജില്ലയിലെ പാലമേട്ടിൽ ഇന്നലെ 60 പേർക്ക് പരുക്കേറ്റിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

ഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ജനുവരി 22ന് 12.30നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മുതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ ആരംഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്.

തിരിച്ചടിച്ച് പാകിസ്ഥാന്‍, ഇറാനില്‍ കടന്ന് വ്യോമാക്രമണം; സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

തിരിച്ചടിച്ച് പാകിസ്ഥാന്‍, ഇറാനില്‍ കടന്ന് വ്യോമാക്രമണം; സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

ഇസ്ലാമാബാദ്: ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിച്ച് പാകിസ്ഥാന്‍. ഇറാനില്‍ കടന്ന് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തി. ഇറാനില്‍ ഏഴിടത്ത് ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. പ്രകോപനപരമായ നടപടിക്കെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി.

ഇറാനിലുള്ള ബലൂചിസ്ഥാന്‍ വിഘടനവാദികളുടെ രഹസ്യതാവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായും ഇസ്ലാമാബാദ് അവകാശപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നിവയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ ഇറാനില്‍ കടന്ന് തിരിച്ചടി നല്‍കിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ കനത്തു. തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു.

ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ച്​ഗുർ മേഖലയിലാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇറാനുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമീണ മേഖലയാണ് പഞ്ച്​ഗുർ. ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പെൺകുട്ടികൾക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ പാകിസ്ഥാൻ ഇറാൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയിരുന്നു.

ഇറാനിൽ നിന്നു സ്വന്തം പ്രതിനിധിയെ പാകിസ്ഥാൻ തിരിച്ചു വിളിക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ജയ്ഷ് അൽ അദ്ൽ ഭീകര സം​ഘടയ്ക്ക് നേർക്കാണ് ആക്രമണമെന്നു ഇറാൻ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ വ്യോമ മേഖലയിലേക്ക് ഇറാൻ പ്രകോപനമില്ലാത്ത കടന്നു കയറ്റമാണ് ആക്രമണത്തിലൂടെ ഇറാൻ നടത്തിയതെന്നു പാകിസ്ഥാൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠ; 22ന് കോടതികള്‍ക്ക് അവധി നല്‍കണം

രാമക്ഷേത്ര പ്രതിഷ്ഠ; 22ന് കോടതികള്‍ക്ക് അവധി നല്‍കണം

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവെ ചന്ദ്രചൂഡിന് കത്തയച്ചു. സാംസ്‌കാരികവും മതപരവുമായി പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ബിസിഐ ചെയര്‍പേഴ്‌സണ്‍ മന്നന്‍ കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന മറ്റ് അനുബന്ധ പരിപാടികളിലും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും പങ്കെടുക്കേണ്ടതിനാല്‍ അവധി നല്‍കണമെന്ന് കത്തില്‍ പറയുന്നു. ജനുവരി 22 ന് അടിയന്തര വാദം കേള്‍ക്കേണ്ട കേസുകള്‍ പുനഃക്രമീകരിക്കുകയോ അടുത്ത ദിവസം പരിഗണിക്കുകയോ ചെയ്യാം. കത്ത് സഹാനുഭൂതിയോടെ പരിഗണിക്കണമെന്നുമാണ് ബിസിഐയുടെ ആവശ്യം.

‘രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം മതപരവുമായും ചരിത്രപരമായും സാംസ്‌കാരികമായും ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്, ദീര്‍ഘകാലമായി കാത്തിരുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്നും കത്തില്‍ പറയുന്നു. രാമക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ട് 2019 നവംബര്‍ 09ന് വന്ന സുപ്രീം കോടതി വിധി ഹിന്ദു സമൂഹത്തിന്റെ സത്യത്തിലും വിശ്വാസത്തിലും പ്രതിധ്വനിക്കുന്നതാണ്. ശ്രീരാമന്റെ പ്രാധാന്യം സാംസ്‌കാരികവും മതപരവുമായ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും’- കത്തില്‍ പറയുന്നു.

അടുത്ത മാസം ഇന്ധനവിലയില്‍ പത്തുരൂപ വരെ കുറയും?

അടുത്ത മാസം ഇന്ധനവിലയില്‍ പത്തുരൂപ വരെ കുറയും?

ഡല്‍ഹി: അടുത്ത മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. ലിറ്ററിന് അഞ്ചുരൂപ മുതല്‍ പത്തുരൂപ വരെ ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണവിതരണ കമ്പനികള്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിന് മുകളിലാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് എണ്ണവിതരണ കമ്പനികള്‍ മൊത്തത്തില്‍ 75000 കോടി രൂപ ലാഭം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി അടുത്ത മാസം ഇന്ധനവിലയില്‍ എണ്ണ വിതരണ കമ്പനികള്‍ കുറവ് വരുത്തുമെന്നാണ് സൂചന.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2022 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് ദേശവ്യാപകമായി എണ്ണ വില കുറച്ചത്. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ലിറ്ററിന് എട്ടുരൂപയും ഡീസലിന്റേതില്‍ ആറു രൂപയുടെയും കുറവ് വരുത്തുകയായിരുന്നു.

‘ഹണിമൂൺ യാത്ര 13 മണിക്കൂറാണ് വെെകിയത്’; പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി

‘ഹണിമൂൺ യാത്ര 13 മണിക്കൂറാണ് വെെകിയത്’; പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി

വിമാനം പുറപ്പെടാൻ വെെകിയതിൽ പ്രതിഷേധിച്ച് പെെലറ്റിനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന്റെ മൊഴി പുറത്ത്. താൻ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് യാത്രക്കാരൻ മൊഴി നൽകി. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹിൽ കതാരിയ പൊലീസിനോട് പറഞ്ഞു.

മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളമാണ് വിമാനം വൈകിയത്. ഡൽഹിയിൽനിന്ന്‌ ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹിൽ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. ഇയാളെ വിമാനത്തിൽ നിന്നിറക്കിയശേഷം അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ സാഹിൽ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരിൽ പരാതി നൽകിയതായി ഇൻഡിഗോ അറിയിച്ചു.