by Midhun HP News | Jan 22, 2024 | Latest News, ദേശീയ വാർത്ത
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഇന്നു പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ.
ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.
രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും ഇന്നലെ തന്നെ പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍ നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്ന് പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും.
ചടങ്ങുകളോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ 13,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സിസിടിവികള്‍. വിഐപികള്‍ പോകുന്ന മേഖലകളില്‍ പെട്രോളിങ്. ക്ഷേത്രത്തിന് ചുറ്റും യു.പി പൊലീസ്, യുപി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സിആര്‍പിഎഫ് എന്നിവയുടെ സുരക്ഷയുണ്ട്. യുപി ഭീകരവിരുദ്ധ കമാന്‍ഡോകളും നിരീക്ഷണത്തിനുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്‌ക്വാഡും നിരീക്ഷണത്തിന് ഉണ്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ സംപ്രേഷണം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ദൂരദര്‍ശന്‍ നാഷണല്‍, ദൂരദര്‍ശന്‍ ന്യൂസ് ചാനലുകള്‍ ഫോര്‍ കെ ക്വാളിറ്റിയിലാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്‍ ന്യൂസ് യൂട്യൂബ് ചാനലിലും കാണാം.
by Midhun HP News | Jan 20, 2024 | Latest News, ദേശീയ വാർത്ത
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെൻ്റ് സെക്യൂരിറ്റിസ് സെറ്റിൽമെൻറ് എന്നീ ഇടപാടുകൾക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ്ണ അവധിയായിരിക്കും.
അതേസമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും.
by Midhun HP News | Jan 19, 2024 | Latest News, ദേശീയ വാർത്ത
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികൾ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മണിപ്പൂരിൽ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉൾപ്പടെ സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാൽ ജില്ലയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ മോറെയ്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആൾക്കൂട്ടം ആദ്യമെത്തിയത്. എന്നാൽ, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാൻ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Jan 19, 2024 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പൊലീസ് കേസെടുത്തത്.
യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസെടുത്തത്. കെബി റോഡു വഴി പോകാനാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നഗരത്തില്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് വന്‍ തിരക്കും ഗതാഗത സ്തംഭനത്തിനും ഇടയാക്കിയെന്നും പൊലീസ് പറയുന്നു.
ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ യാത്രയില്‍ പാലിച്ചില്ലെന്നും, റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ റൂട്ട് മാറ്റിയില്ലെന്നും യാത്രയ്ക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്ന് സംഘാടകര്‍ ആരോപിച്ചു. യാത്ര പരാജയപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ചയാണ് അസമില്‍ പ്രവേശിച്ചത്. എട്ടു ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്നുപോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.
by Midhun HP News | Jan 19, 2024 | Latest News, ദേശീയ വാർത്ത
പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി.
എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അംഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
by Midhun HP News | Jan 18, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് അടുത്ത തവണ പരിഗണിക്കുന്നതു വരെയാണ് സ്റ്റേ. വാദങ്ങള്‍ എഴുതി നല്‍കാന്‍ സ്ഥാനാര്‍ത്ഥികളായിരുന്ന കെ ബാബുവിനോടും എം സ്വരാജിനോടും കോടതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബാബുവിനെതിരെ സ്വരാജ് നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ.
അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങള്‍ അടക്കം ഉയര്‍ത്തിയായിരുന്നു സ്വരാജിന്റെ ഹര്‍ജി. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.
Recent Comments