by Midhun HP News | Sep 8, 2026 | Latest News, കേരളം
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ പേരിനൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്. കെഎല്‍ 7സിയു 2020 കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മാറ്റം വരുത്തിയത്. ആധാര്‍ കാര്‍ഡിലേതിനു സമാനമായ പേരേ ആര്‍സി രേഖകളില്‍ ചേര്‍ക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വെട്ടല്‍.

വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി മോഹന്‍ലാലിന്റെ ഏജന്റ് ആര്‍ടി ഓഫീസില്‍ എത്തിയപ്പോഴാണ് ആധാറിലെ പേരും ആര്‍സിയിലെ പേരും തമ്മില്‍ സാധ്യമല്ലാത്തതിനാല്‍ സാങ്കേതിക തടസ്സം നേരിട്ടത്. ഇതേതുടര്‍ന്ന് ആര്‍സി രേഖകളിലെ പേര് ആധാറിലേതുപോലെ ആക്കുകയായിരുന്നു.
ഇതുവരെ ലഫ്റ്റന്റ് കേണല്‍ ഡോ. വി മോഹന്‍ലാല്‍ എന്നായിരുന്നു വാഹന രേഖകളില്‍. ഇപ്പോള്‍ വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍ എന്നാക്കി മാറ്റി. 2020ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വാഹനം.



by Midhun HP News | Sep 8, 2026 | Latest News, കേരളം
കൊച്ചി: കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെതിരേ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് അന്‍സാറിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവച്ചുണ്ടായ സംഭവത്തിലായിരുന്നു തൃക്കാക്കര പൊലീസിന്റെ കേസ്. പാലാരിവട്ടത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന പടമുഗള്‍ സ്വദേശി സി.ബി.റെജിന്‍സ് എന്നയാളാണ് അതിക്രമം നേരിട്ടത്. അമിതവേഗതയിലും ഉച്ചത്തില്‍ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് വഴി ബ്ലോക്കാക്കി നിര്‍ത്തി.

തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തുകൊണ്ട് റെജിന്‍സ് ഹോണ്‍ അടിച്ചതില്‍ കോപാകുലനായ അന്‍സാര്‍ ബസില്‍ നിന്നിറങ്ങിവന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തിയ ഉടന്‍ കടുത്ത അസഭ്യവര്‍ഷം ചൊരിയുകയും കാറിന്റെ ബോണറ്റില്‍ ശക്തിയായി അടിക്കുകയും കാറിന് യാത്രാതടസം ഉണ്ടാക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.


by Midhun HP News | Sep 8, 2026 | Latest News, കേരളം
കൊച്ചി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉള്‍പ്പെടുന്ന യാത്രയാണിത്. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനില്‍ക്കുന്ന നയനമനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളില്‍ വിരിഞ്ഞിരിക്കുന്ന ഈ നീലവസന്തം നേരില്‍ കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സ്വകാര്യ കമ്പനിയായ കെഡിഎച്ച്പിയുടെ (കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ്) ഉടമസ്ഥതയിലുള്ള പ്രദേശത്താണ് പൂക്കള്‍ വ്യാപകമായി കാണുന്നത്. നിലവില്‍ പൂര്‍ണമായി വിരിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ വരും ദിവസങ്ങളില്‍ മഴ മാറുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരും.
സെപ്റ്റംബര്‍ 30 വരെ ഈ അപൂര്‍വ പ്രതിഭാസം മലനിരകളില്‍ കാണാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും കണക്കുകൂട്ടല്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രൊബിലാന്തസ് കുന്തിയാനസ് ഇനത്തില്‍പ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ വസന്തമൊരുക്കിയിരിക്കുന്നത്.



by Midhun HP News | Sep 8, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 880 രൂപയാണ് കൂടിയത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.



by Midhun HP News | Sep 8, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 36.2 ഡിഗ്രി വരെ ചൂട് ഉയര്‍ന്നു ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.*
*കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.*
*ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.*
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Sep 7, 2026 | Latest News, കേരളം
കുന്നംകുളം: ആർത്താറ്റ് കുറുക്കൻപാറയിൽ ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ച വാഹനാപകടത്തിനിടയാക്കിയ കാർ ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് അയ്യൻകുളങ്ങര സ്വദേശി ബെന്നിയെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്നുവയസ്സുകാരനായ മകൻ എമിൽ ഐബക്ക് എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മരിച്ചത്.

അപകടസമയത്ത് കാർ ഓടിച്ചിരുന്ന ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റും കാറിടിച്ച് പൂർണ്ണമായി തകർന്നു വീണു.അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായി തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.



Recent Comments