ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നി​ഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; കൊലപാതകം കവർച്ചയ്ക്കിടെയെന്ന് സംശയം

തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; കൊലപാതകം കവർച്ചയ്ക്കിടെയെന്ന് സംശയം

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ നിലയില്‍. പല്ലടം സെമലൈ കവുണ്ടന്‍പാളയം ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ദൈവശിഖാമണി ( 78), ഭാര്യ അലമേലു, മകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസിന്റെ സംശയം. രാത്രി ആയുധങ്ങളുമായെത്തിയ കവര്‍ച്ചാ സംഘം ഇരുമ്പു വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് മൂവരെയും കൊലപ്പെടുത്തിയത്.

രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അവിനാശിപാളയം പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വൃദ്ധദമ്പതികളുടെ മകനായ സെന്തില്‍കുമാര്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കോയമ്പത്തൂരിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് സെന്തില്‍കുമാര്‍ വ്യാഴാഴ്ച രാവിലെ മാതാപിതാക്കളുടെ അടുത്തെത്തിയത്.

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുതെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.

ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ.
പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ല. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കമെന്നും അദ്ദേഹം നിർദേശിച്ചു.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ധനവകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയത്‌.

കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ അന്വേഷണം. നഗരസഭയിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. ബിഎംഡബ്‌ള്യു കാർ ഉടമ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ചില ക്ഷേമപെൻഷൻകാരുടെ വീടുകളിൽ എസി ഉൾപ്പെടെയുള്ള സുഖസൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധനവകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്തത്.

സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം; ഇന്നലെ പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 83,933 പേർ

സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം; ഇന്നലെ പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 83,933 പേർ

അയ്യപ്പ ദർശനപുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം. ഇന്നലെ രാത്രി അത്താല പൂജയ്ക്ക് ശേഷം നട അടയ്ക്കുമ്പോൾ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് യു ടേൺ വരെ ഉണ്ടായിരുന്നു. ആദ്യമായാണ് നട അടയ്ക്കുമ്പോൾ ഇത്രയും വലിയ തിരക്ക് വരുന്നത്.

ശബരിമലയിൽ ഇന്നലെ 83,933 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. അതിൽ 15,052 ചേർ വെർച്വൽ ക്യു വഴിയാണ് ദർശനം നടത്തിയത്. തമിഴ്നാട്ടില്‍ മഴ കനത്തതോടെ അവിടെ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ ഈ ആഴ്ച കുറവ് സംഭവിച്ചേക്കാം. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുട‌െ എണ്ണത്തിൽ ഗണ്യമായ വർധനവ് ഇന്ന് ഉണ്ടായേക്കും.

ഹേമ കമ്മിറ്റിക്കെതിരെ നടി മാലാപാർവതി

ഹേമ കമ്മിറ്റിക്കെതിരെ നടി മാലാപാർവതി

കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി.

സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി പറയുന്നു. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് എസ്ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവെന്നും വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിൻ്റെ പേരിൽ വിളിച്ചു വരുത്തുകയാണെന്നും നടി കൂട്ടിച്ചേർത്തു.