‘ഓം പ്രകാശിനെ മുൻ പരിചയമില്ല’; ശ്രീനാഥ് ഭാസിയെ നാല് മണിക്കൂർ ചോദ്യം ചെയ്തു; പ്രയാ​ഗ പൊലീസിനു മുന്നിൽ

‘ഓം പ്രകാശിനെ മുൻ പരിചയമില്ല’; ശ്രീനാഥ് ഭാസിയെ നാല് മണിക്കൂർ ചോദ്യം ചെയ്തു; പ്രയാ​ഗ പൊലീസിനു മുന്നിൽ

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നടി എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രതികരിച്ചില്ല. നടൻ കൂടിയായ സാബുമോനാണ് പ്രയാ​ഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാ​ഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴിയെടുക്കും.

മൂന്ന് വയസുകാരന് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റില്‍

മൂന്ന് വയസുകാരന് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂുരല്‍ കൊണ്ട് അടിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കള്‍ പരാതി നല്‍കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.

അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യം; ഹര്‍ജി തള്ളി ഹൈക്കോടതി

അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യം; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി പൊതുതാല്‍പര്യത്തോടെയല്ലെന്നും സ്വകാര്യതാല്‍പര്യം മാത്രമാണെും കോടതി പറഞ്ഞു.

ക്യാംപസിനുള്ളില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ സ്മാരകം നിര്‍മിച്ചത് ശരിയായില്ല എന്നു കാണിച്ച് കെഎസ്‌യു പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യംപസില്‍ എസ്എഫ്‌ഐ സ്മാരകം പണിതത്.

സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മഹാരാജാസ് ക്യംപസില്‍ സ്മാരകം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്?; വിശദീകരണം തേടി ഹൈക്കോടതി

വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്?; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലെയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.

ന്യൂനമര്‍ദ്ദം തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം തീവ്രമാകും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി വരും ദിവസങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

പൂജ; സംസ്ഥാനത്ത് നാളെ പൊതു അവധി

പൂജ; സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക