സാമ്പത്തിക തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി

സാമ്പത്തിക തട്ടിപ്പ്: കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ. മുബൈ സിബിഐ ഓഫീസില്‍ നിന്നെന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി പലപ്പോഴായി പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1,65,83,200 രൂപ കൈമാറിയത്. പണം കൈമാറിയ ശേഷം തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരി മനസിലാക്കിയത്. പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കാനും പൊലീസ് പറഞ്ഞു. നേരത്തെ വിവരം അറിയിച്ചാല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറഞ്ഞു.

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്.

അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജില്ലാ അധികൃതരും എംഎല്‍എയും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു.

എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ‘‘അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം’’– ജിതിൻ പറഞ്ഞു.

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

‘ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തി’; പരാതി നല്‍കി ആശ ലോറന്‍സ്

‘ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തി’; പരാതി നല്‍കി ആശ ലോറന്‍സ്

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ചടങ്ങില്‍ തനിക്കും മകനും മര്‍ദനമേറ്റെന്ന പരാതിയുമായി മകള്‍ ആശാ ലോറന്‍സ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം എല്‍ സജീവന്‍, സഹോദരീ ഭര്‍ത്താവായ ബോബന്‍ വര്‍ഗീസ് എന്നിവര്‍ തന്നെയും മകനെയും കയ്യേറ്റം ചെയ്‌തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇ മെയിലായാണ് പരാതി നല്‍കിയത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എം എം ലോറന്‍സ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ടൗണ്‍ഹാളില്‍ എത്തിയ ആശയും മകനും മൃതദേഹം മാറ്റാന്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് കയ്യാങ്കളിയുണ്ടായത്. ആശയുടെ മകനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്.

മകന്‍ മിലനോടൊപ്പം ടൗണ്‍ഹാളിലെത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തിയിരുന്നെന്നാണ് ആശയുടെ പരാതിയില്‍ പറയുന്നത്. പൊലീസ് നിഷ്‌ക്രിയരായിരുന്നു. ബോബന്‍ വര്‍ഗീസും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി തന്റെ മകന്‍ മിലന്‍ ജോസഫിനെ നിലത്തിട്ട് ചവിട്ടിയെന്നും ആശയുടെ പരാതിയില്‍ പറയുന്നു.

മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ സ്വദേശികളായ വള്ളിയമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമാണ് ആക്രമണമുണ്ടായത്.

മാലിന്യ പ്ലാന്റില്‍ ജോലിക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ ഒരാനയില്‍ നിന്നാണ് ആക്രമണമുണ്ടായത്. വളളിയമ്മയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ കാലില്‍ ആനയുടെ കുത്തേറ്റിട്ടുണ്ട്, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വളളിയമ്മയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ശേഖറിന് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കും രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് കാട്ടാനായുടെ ആക്രമണം സ്ഥിരമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയാണ്.

ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. എം ആര്‍ അജിത് കുമാര്‍ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച എല്‍ഡിഎഫ് മുന്നണിക്കകത്തും സിപിഎമ്മിനുള്ളിലും വലിയ ചര്‍ച്ചാവിഷയമായിരുന്നു.

അജിത് കുമാറിനെതിരെ നടപടി വേണമെന്ന തരത്തിലായിരുന്നു പല നേതാക്കളും വിമര്‍ശനം ഉന്നയിച്ചത്. സ്വകാര്യ സന്ദര്‍ശനത്തില്‍ എന്താണ് തെറ്റ് എന്ന തരത്തില്‍ മറ്റു ചില നേതാക്കള്‍ അജിത് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാക്കളുമായി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വാര്‍ത്തകള്‍ വന്ന് 20 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

രണ്ടു ആര്‍എസ്എസ് നേതാക്കളുമായാണ് എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും വച്ചായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വച്ച് രാം മാധവുമായും തൃശൂരില്‍ ദത്താത്രേയ ഹൊസബാളെയുമായാണ് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്തുദിവസത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രാംമാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നത്.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്.

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.

ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ധരാത്രിയും തുടര്‍ന്നു.