പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാർശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും, അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നല്‍കണ്ട; അധ്യാപകര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ് വിലക്കി. പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം.

സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ

സ്വര്‍ണവില; 56,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തന്നെയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7060 രൂപ നല്‍കണം. ഒരാഴ്ചയ്ക്കിടെ 1700 രൂപ വര്‍ധിച്ച് ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചാണ് സ്വര്‍ണവില കഴിഞ്ഞ ദിവസം വരെ മുന്നേറിയത്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരും

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരും

കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കും. ഫലം വന്നാലുടന്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നിലവില്‍ അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ലോറി പൂര്‍ണമായും കരയ്‌ക്കെത്തിനായിരുന്നില്ല.

മണ്ണിടിച്ചിലില്‍ കാണാതായ മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തിരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായ് കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു

ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.