സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.

ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. സിദ്ദിഖിനെതിരെ സര്‍ക്കാരും തടസ്സ ഹര്‍ജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ധരാത്രിയും തുടര്‍ന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; മൂന്നാഴ്ചയ്ക്കിടെ 3000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെടാം; അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് എന്താണ് ?

റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെടാം; അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് എന്താണ് ?

തിരുവനന്തപുരം: നിരത്തുകളില്‍ അപകടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് നിര്‍ബന്ധമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകില്‍ ഇടിച്ചാണെന്നും കണക്കുകള്‍ നിരത്തി എംവിഡി പറയുന്നു.

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022-ല്‍ 98668 അപകടങ്ങളില്‍ 32907 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മറ്റു വാഹനങ്ങളുടെ വശങ്ങളിലെ ഇടിയാണ്. 71146 അപകടങ്ങളും 20357 മരണവും 2022-ല്‍ സംഭവിച്ചത് ഇത്തരത്തിലാണ്. നിസ്സാരം എന്നു തോന്നാവുന്ന റിയര്‍/സൈഡ് അണ്ടര്‍ റണ്‍ പ്രൊട്ടക്ടര്‍ നിര്‍ബന്ധമാക്കേണ്ടതിന്റെയും അത് കൃത്യമായി പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ഇവിടെയാണെന്നും എംവിഡി കുറിപ്പില്‍ പറഞ്ഞു.

ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതല്‍ മരണത്തിന് ഹേതു ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളില്‍ മനുഷ്യ ശരീരമാണ് ഒരു തടസവും ഇല്ലാതെ ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക. പാസഞ്ചര്‍ കാറുകള്‍ ആണെങ്കില്‍ അതില്‍ ഏറ്റവും സുരക്ഷ കുറവുള്ള അ പില്ലറും മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസും മാത്രമാണ് അതിലെ യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നതിന് തടസ്സമായി മുന്‍പില്‍ ഉണ്ടാവുക. ഗുരുതരമായ പരിക്കിനും മരണത്തിനും ഇത് കാരണമാകുമെന്ന് മാത്രമല്ല എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെ വരും. എയര്‍ ബാഗുകളുടെ സെന്‍സറുകള്‍ കാറിന്റെ മുന്‍ബമ്പറിന് തൊട്ടു പുറകില്‍ ആയിട്ടാണ് സ്ഥാപിക്കപ്പെടുക. ഇടിച്ചുകയറുമ്പോള്‍ ഈ ഭാഗം ഇടിച്ചാല്‍ മാത്രമേ എയര്‍ബാഗുകള്‍ തുറക്കുകയുള്ളൂ. കാര്‍ യാത്രികര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കിയിട്ടുള്ള ക്രമ്പിള്‍ സോണും ഫലവത്താകില്ല.

അതുകൊണ്ടാണ് റിയര്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് 55 സെന്റീമീറ്റര്‍ മുതല്‍ 70 സെമീ വരെ ഉയരത്തില്‍ ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം കൃത്യമായി ഉറപ്പ് വരുത്താന്‍ സാധിക്കാത്ത വിധം വാഹനസാന്ദ്രതയേറിയ നമ്മുടെ നിരത്തുകളില്‍ അതുകൊണ്ടുതന്നെ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസുകള്‍ നിര്‍ണ്ണായകമാണ്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങള്‍ക്ക് ലാറ്ററല്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ടിവ് ഡിവൈസ് നിര്‍ബന്ധമാണ്. വാഹനങ്ങളുടെ നിര്‍മ്മാതാക്കളും ഡീലറും ഇത് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറും ടിപ്പര്‍ വാഹനങ്ങളും ഒഴിച്ചുള്ളവക്ക് പുറകിലെ അണ്ടര്‍ റണ്‍ പ്രൊട്ടക്ടറും നിര്‍ബന്ധമാണ്. ഐഎസ് 14812/ ഐഎസ് 14682 എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇത് നിര്‍മ്മിക്കേണ്ടത്.

ഈ അണ്ടര്‍ റണ്‍ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. ഇത്തരം ഡിവൈസുകളില്‍ കാണുന്ന ഓരോ ആക്‌സിഡന്റ് അടയാളങ്ങളും ജീവന്‍ രക്ഷിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലുകളാവാം. എംവിഡി ഫെയ്‌സബുക്ക് കുറിപ്പില്‍ പറഞ്ഞു.

സിദ്ദിഖ് എവിടെ? ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

സിദ്ദിഖ് എവിടെ? ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം, ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു.

അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തയാറാക്കുന്നത്. 2016 ഇല്‍ നടന്ന സംഭവത്തില്‍ 2024ല്‍ പരാതി നല്‍കിയത് ചോദ്യം ചെയ്താകും ഹര്‍ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്‍കൂട്ടി കണ്ട്, തടസവാദ ഹരജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരി.

കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ‘റൈസ് പുള്ളര്‍’ ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്.

കഴിഞ്ഞദിവസം കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിനുള്ളില്‍ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത് ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറിന് ഫോണ്‍കോള്‍ വന്നത്. ഡ്രൈവര്‍ അപകട സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കാറില്‍ 4 പേരുണ്ടായിരുന്നു. യുവാവിന്റെ ശരീരം റോഡില്‍ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. യുവാവിനെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍, കൂടെ വരാന്‍ ആംബുലന്‍സ് ഡ്രൈവര്‍ സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു. കാറില്‍ വരാമെന്ന് സംഘം പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഘം എത്തിയിരുന്നില്ല. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അരുണ്‍ മരിച്ചതായി മനസ്സിലായി. അരുണിന്റെ ദേഹത്തുടനീളം മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു.

അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മര്‍ദനമേറ്റ നിലയില്‍ പിന്നീട് പൊലീസ് കണ്ടെത്തി. ശശാങ്കനാണ് മര്‍ദനവിവരം പൊലീസിനോട് പറഞ്ഞത്. ഐസ് ഫാക്ടറി ഉടമ സാദ്ദിഖുമായി അരുണിന് സാമ്പത്തിക ഇടപാടുണ്ടെന്നുള്ള വിവരം ശശാങ്കന്‍ പൊലീസിനെ അറിയിച്ചു. റൈസ് പുള്ളറിനായി 10 ലക്ഷംരൂപ ഐസ് ഫാക്ടറി ഉടമ നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നല്‍കിയില്ല.

രണ്ടു ദിവസം മുന്‍പ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സാദ്ദിഖ് തൃശൂരിലേക്ക് വിളിച്ചു വരുത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ ഭാഗത്ത് കാണാമെന്നായിരുന്നു ധാരണ. സ്ഥലത്തെത്തിയ അരുണിനെയും സുഹൃത്തിനെയും ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കാറിലാക്കി കയ്പ്പമംഗലം ഭാഗത്തെത്തിച്ചശേഷം ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. സാദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി കളമശേരി മെഡിക്കല്‍ കോളജ്. നിലവില്‍ എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കാന്‍ ലോറന്‍സിന്റെ മൂന്ന് മക്കള്‍ക്കും കളമശേരി മെഡിക്കല്‍ കോളജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കളായ എംഎല്‍ സജീവന്‍, സുജാത, ആശ എന്നിവരോടാണ് സമിതി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോരുത്തര്‍ക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേള്‍ക്കും. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആശയുടെ എതിര്‍പ്പു കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നാണ് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകന്‍ എംഎല്‍ സജീവനും മകള്‍ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നും ഇളയമകള്‍ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ പരിശോധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.