by liji HP News | Sep 25, 2024 | Latest News, കേരളം
മലപ്പുറം: നിപ ഭീതി ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ച് കലക്ടര്‍ ഉത്തരവിട്ടു.
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. സമ്പര്‍ക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും. ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവാണ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


by liji HP News | Sep 25, 2024 | Latest News, കേരളം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വരും. ഇന്നും ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്.
ഇന്നലെ റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങളല്ലാതെ അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനപരിശോധന. എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. തിരച്ചില്‍ എന്ന് വരെ തുടരണമെന്ന് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നത്.

by liji HP News | Sep 25, 2024 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) റെയ്ഡ്. സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. സംഘത്തിന്റെ കാറും പിടികൂടി.
ഡിആര്‍ഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നലെ കേരളത്തിലെത്തിയത്. താമരശ്ശേരി മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു ഇവര്‍. തുടര്‍ന്ന് പേരാമ്പ്ര ചിരുതക്കുന്നില്‍ സ്വര്‍ണവ്യാപാരിയുടെ വസതിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരുടെ കാറിലെ രഹസ്യ അറയില്‍ നിന്ന് ഉള്‍പ്പെടെ പണം പിടിച്ചെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10:45 വരെ നീണ്ടു.എറണാകുളം, കോഴിക്കോട് ഡിആര്‍ഐ സംഘങ്ങളും റെയ്ഡില്‍ പങ്കെടുത്തു.

by Midhun HP News | Sep 24, 2024 | Latest News, കേരളം
ഈ ഫോട്ടോയിൽ കാണുന്ന, ഉദ്ദേശം 65 വയസ്സ് പ്രായം വരുന്ന പേരോ,വിലാസമോ അറിയാത്ത ആളെ കഴിഞ്ഞ ദിവസം രേവതി ആഡിറ്റോറിയത്തിന് മുന്നിൽ വച്ച് നടന്ന വാഹന അപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെട്ടു. ഈ വ്യക്തിയെ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യെ വിവരം അറിയിക്കേണ്ടതാണ്.
by liji HP News | Sep 24, 2024 | Latest News, കേരളം
തിരുവനനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


by Midhun HP News | Sep 24, 2024 | Latest News, കേരളം
തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു.
ഇന്നലെ വൈകീട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലന്‍സിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഒരാളെ വണ്ടി തട്ടിയിട്ടുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് അവിടെയെത്തി. സമീപത്തുണ്ടായിരുന്ന കാറില്‍ നാലംഗ സംഘവും ഉണ്ടായിരുന്നു. വാഹനം ഇടിച്ചതാണെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും അവര്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഒരാള്‍ ആംബുലന്‍സില്‍ കയറണമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും കാറില്‍ വരാമെന്ന് യുവാക്കള്‍ അറിയിക്കുകയും ചെയ്തു.
യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും പുറകില്‍ വന്നവര്‍ സ്ഥലം വിട്ടിരുന്നു. ആശുപത്രി അധികൃതര്‍ പരിശോധിച്ചപ്പോഴെക്കും യുവാവ് നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മര്‍ദനമേറ്റ യുവാവിന്റെ ദേഹമാസകലം പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം കൊടുങ്ങല്ലൂര്‍ പൊലീസിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
കണ്ണൂര്‍ അഴിക്കലില്‍ ഉള്ള ഐസ് ഫാക്ടറി ഉടമ സാദിഖാണ് കോയമ്പത്തൂരില്‍ നിന്ന് അരുണിനെയും ശശാങ്കനെയും വിളിച്ചുവരുത്തിയതെന്ന് പൊലീസ് കണ്ടെത്തി. അരുണും സാദിഖും തമ്മില്‍ പത്തുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരിച്ചുകിട്ടാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനായാണ് അരുണിനെ കോയമ്പത്തൂരില്‍ നിന്ന് വിളിച്ചുവരുത്തിയത്. തൃശൂരിലെത്തിയ ഇരുവരെയും നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചു.
മര്‍ദനത്തില്‍ അരുണ്‍ മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഉപേക്ഷിക്കാന്‍ വേണ്ടി ഐസ് ഫാക്ടറി ഉടമയും സുഹൃത്തുക്കളും കണ്ടെത്തിയ മാര്‍ഗമാണ് ആംബുലന്‍സ് വിളിച്ചുവരുത്തല്‍. മൃതദേഹം ആംബുലന്‍സ് കയറ്റിയതിന് പിന്നാലെ നാലംഗസംഘം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. അരുണിനൊപ്പം കോയമ്പത്തൂരില്‍ നിന്നും എത്തിയ ശശാങ്കനില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ശശാങ്കന്‍ പൊലീസ് കസ്റ്റഡിയിലാണ്.
Recent Comments