by Midhun HP News | Jun 13, 2024 | Latest News, കേരളം
കൊച്ചി: സൂര്യനെല്ലി കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
നിര്‍ഭയം എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് സൂര്യനെല്ലി കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതില്‍ പെണ്‍കുട്ടിയുടെ പേരില്ലെങ്കിലും തിരിച്ചറിയാനാവുന്ന വിധത്തില്‍ വിവരങ്ങളുണ്ടെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ വിലാസം സഹിതം പുസ്തകത്തിലുണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു. സിബി മാത്യൂസിന് എതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്നാണ് ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുളളത്. ഇത് ലൈംഗിക അതിക്രമത്തിന് ഇരയായ ആളെക്കുറിച്ചു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരാളുടെ വിവരങ്ങള്‍ തിരിച്ചറിയാവുന്ന വിധം പരസ്യപ്പെടുത്തുന്നത് ഐപിസി 228 എ പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
by Midhun HP News | Jun 13, 2024 | Latest News, കേരളം
മുതലപ്പൊഴിയിൽ നിർമ്മാണം ആരംഭിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം കാടുകയറി നശിക്കുന്നു. ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച മുതലപ്പൊഴിയിലെ ശൗചാലയ കെട്ടിടമാണ് വർഷങ്ങൾ കഴിയുമ്പോഴും നിർമ്മാണ പ്രവർത്തികൾ പൂർണ്ണമാകാത്ത അവസ്ഥയിൽ കാടുകയറി നശിക്കുന്നത്.
ഈ കെട്ടിടത്തിന്റെ ഉൽഘാടനം സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായ് നടത്തുവാനായിരുന്നു പദ്ധതി എന്നാൽ സാമ്പത്തിക കാരണങ്ങളാൽ കരാർ കമ്പനിക്ക് നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. കരാറുകാർക്ക് കൃത്യമായ ഇടവേളകളിൽ ഫണ്ട് അനുവദിക്കാൻ കഴിയായാതെ പോയതോടെ ആദ്യം നിശ്ചയിക്കപ്പെട്ട എസ്റ്റിമേറ്റ് തുകയിൽ പദ്ധതി പൂർത്തീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഇനി അവശേഷിക്കുന്നത് കെട്ടിടത്തിനുള്ളിലെ ഏതാനും ചില ഫിനിഷിങ് ജോലികളും ചുറ്റുമതിൽ നിർമ്മാണവുമാണ്.
ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് മുതലപ്പൊഴിയിൽ എത്തുന്ന സഞ്ചാരികൾക്കായ് ഒരുക്കുവാൻ പദ്ധതി ഇട്ടിരുന്നത്.
നിലവിൽ മുതലപ്പൊഴിയിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറുകണക്കിന് സഞ്ചാരികൾ ഇവിടെ ശൗചാലയമില്ലാത്തതിനെ തുടർന്ന് വളരെയേറെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. എത്രയും പെട്ടെന്ന്തന്നെ ഈ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി സഞ്ചാരികൾക്കായ് തുറന്നുകൊടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
by Midhun HP News | Jun 13, 2024 | Latest News, കേരളം
മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്.
by Midhun HP News | Jun 13, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ബന്ധിപ്പിക്കാന്‍: bit.ly/rationaadhaar
civilsupplieskerala.gov.in ല്‍ കയറി സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍കാര്‍ഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-പോസ് മെഷീനുകള്‍ മുഖേന റേഷന്‍കടകളിലും ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.
by Midhun HP News | Jun 13, 2024 | Latest News, കേരളം
സംസ്ഥാനത്തെ സ്കൂളുകളിൽ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സർക്കാർ. സ്കൂൾ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടൻ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായെന്നാണ് അധ്യാപകർ പറയുന്നത്.
എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവൻസ് നൽകുന്നില്ല. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ലെന്നും അധ്യാപകർ ആരോപിച്ചു.സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. കുടിശിക ഈ വര്‍ഷം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു പ്രതികരണം വന്ന് ഒരുമാസം കഴിഞ്ഞും യാതൊരു നടപടിയുമായിട്ടില്ല. എയ്ഡഡ് സ്‌കൂളുകള്‍ക്ക് യൂണിഫോം അലവൻസ് ലഭിച്ചിട്ട് വര്‍ഷങ്ങളായി. കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയിലാണ്.
by Midhun HP News | Jun 13, 2024 | Latest News, കേരളം
ഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കും. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീംകോടതി അംഗീകരിച്ചു. 23ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീംകോടതി അനുവാദം നൽകി. അതേസമയം, കൗൺസിലിംഗ് നടപടികൾ തടയാനാകില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് ഈക്കാര്യം പരിശോധിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത്. ഒന്നാം റാങ്ക് ലഭിച്ച 47 പേർ ഉൾപ്പെടെ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം എൻടിഎ റദ്ദാക്കും. ഇവർക്കായി 23ന് വീണ്ടും പരീക്ഷ നടത്തും. ജൂലൈ ആറിന് നടക്കുന്ന കൗൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ 30ന് ഫലം പ്രഖ്യാപിക്കുമെന്നും എൻടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
Recent Comments