അമ്പതിനാലായിരവും കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പില്‍ ഒറ്റയടിക്ക് വര്‍ധിച്ചത് 720 രൂപ

അമ്പതിനാലായിരവും കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പില്‍ ഒറ്റയടിക്ക് വര്‍ധിച്ചത് 720 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു.ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് 53,760 പഴങ്കഥയാക്കി ഇന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. അതിനിടെ ശനിയാഴ്ച മാത്രമാണ് ഒരു ഇടിവ് നേരിട്ടത്.

കരുവന്നൂര്‍: പുതിയ നിര്‍ദേശവുമായി ഇഡി; പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാം

കരുവന്നൂര്‍: പുതിയ നിര്‍ദേശവുമായി ഇഡി; പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാവുന്നതാണെന്ന് ഇഡി. 54 പ്രതികളുടെ പക്കല്‍ നിന്നും കണ്ടുകെട്ടിയ 108 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.

നിക്ഷേപകരില്‍ ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ നിലപാട് അറിയിച്ചത്. പിടിച്ചെടുത്ത തുക, ശരിയായ നിക്ഷേപകര്‍ തന്നെയെന്ന് കോടതിക്ക് ബോധ്യപ്പെടുന്നവര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ കോടതിക്ക് സ്വീകരിക്കാമെന്നും ഇഡി അറിയിച്ചു.

പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാന്‍ പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം അവസരമുണ്ട്. പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുകയില്‍ നിന്നും തങ്ങളുടെ നിക്ഷേപതുക അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്.

ഇരുചക്രവാഹന യാത്രയില്‍ കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പാദങ്ങള്‍ക്കും വരെ റോള്‍ ഉണ്ട്!; മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു

ഇരുചക്രവാഹന യാത്രയില്‍ കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പാദങ്ങള്‍ക്കും വരെ റോള്‍ ഉണ്ട്!; മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു

തിരുവനന്തപുരം: വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.ചെറുതോ വലുതോ എന്തുതന്നെയായാലും വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. വാഹന യാത്രയില്‍ ഏറ്റവുമധികം അപകട സാധ്യത ഉള്ളത് ഇരുചക്രവാഹനയാത്രയ്ക്കാണ്. ഇരുചക്രവാഹന യാത്രയില്‍ ശരിയായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുക എന്നത് പ്രധാനമാണ്. അല്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. സുരക്ഷാ ബെല്‍റ്റോ മറ്റു സ്ഥാന ക്രമീകരണ സംവിധാനങ്ങളോ ഒന്നുമില്ല. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണുകള്‍, തോളുകള്‍, കൈമുട്ടുകള്‍, കൈകള്‍, ഇടുപ്പ്, കാല്‍മുട്ടുകള്‍, പാദങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുണ്ടെന്നും ഇവയുടെ സ്ഥാനം ഏങ്ങനെയായിരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും…7.O

വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ യാത്രകള്‍ ഒഴിച്ചു കൂടാനാവത്തതുമായി. ചെറുതോ വലുതോ ഹ്രസ്വമോ ദീര്‍ഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. നാം വാഹനങ്ങളായി, നാമാണ് വാഹനങ്ങളല്ല യാത്ര ചെയ്യുന്നത് എന്ന ബോധ്യത്തിലേയ്ക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇരുചക്രവാഹനയാത്രയിലെ മറ്റൊരു അനിശ്ചിതത്വമാണ് വാഹനത്തിന് മുകളില്‍ നമ്മെ എങ്ങിനെ ഇരുത്തണം എന്നത്. നമ്മുടെ ശരീരത്തെ, സീറ്റിന് മുകളില്‍ ശരിയായ രീതിയില്‍ യഥാസ്ഥാനത്ത് യഥാവിധി ‘പ്രതിഷ്ഠിക്കേ’ണ്ടത് ഇരുചക്രവാഹനസുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. ബാലന്‍സിംഗിനേയും ഡ്രൈവിംഗിനേയും സ്ഥിരതയേയും ബ്രേക്കിംഗിനേയും ഒക്കെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് നിസ്സാരമെന്ന് നാം കരുതുന്ന ഈ ‘ശകടാസനം’

ഇരുമെയ്യായ ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ആദ്യഭാഗത്ത് സൂചിപ്പിച്ച പോലെ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്, പ്രത്യേകിച്ചും ഇരുചക്രവാഹനഡ്രൈവിംഗ്

മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. പുറംതാങ്ങിയും കൈത്താങ്ങിയും ബെല്‍റ്റും സ്ഥാനക്രമീകരണസംവിധാനങ്ങളുമില്ല. മാത്രമല്ല, ഇതരവാഹനങ്ങളില്‍ സ്വശരീരത്തെ വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തുക എന്നതാണെങ്കില്‍ ഇവിടെ വാഹനത്തെ ശരീരത്തോട് ഇറുകേ ചേര്‍ത്ത് പിടിച്ചുള്ള ഒരു ‘യോഗവിദ്യാ’പ്രയാണമാണ് ഇരുചക്രവാഹനത്തിന് മുകളിലെ ഇരുപ്പ് എന്നത്. അതൊരു ഒന്നൊന്നര ഇരിപ്പാണ്. ആ ഇരിപ്പ് ശരിയല്ലെങ്കില്‍ പരിപ്പിളകും ചിലപ്പോള്‍ വിരിപ്പിടേണ്ടി വരും കിടപ്പ് ശരിയാക്കാന്‍….

വാഹനങ്ങള്‍ ജീവിതത്തിന്റെ മാത്രമല്ല ശരീരത്തിന്റെ തന്നെ ഭാഗമായി മാറേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാല്‍ നമ്മുടെ ദൈനംദിനോപയോഗത്തിന് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോള്‍, ഒരു ചെരുപ്പ് വാങ്ങുന്ന ജാഗ്രത ഇവിടേയും പ്രസക്തമാണ്.

സ്വകാര്യാവശ്യങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവര്‍ത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍പായി ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.
ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ :

ശകടാസനം വികടാസനമായാല്‍ അപകടാസനമാകും…..

അപകടം ആസന്നവുമാകും.

_____________________________

എര്‍ഗണോമിക്‌സ്

1) കണ്ണുകള്‍ :-

റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക

2) തോളുകള്‍ :-

ആയാസരഹിതമായി വച്ച് നടു നിവര്‍ത്തി ഇരിക്കുക

3) കൈമുട്ടുകള്‍ :-

ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക

4) കൈകള്‍ :-

പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധം പിടിയ്ക്കുക

5) ഇടുപ്പ് :-

സ്റ്റിയറിംഗ് ഹാന്‍ഡിലും പെഡലുകളും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ ആയാസരഹിതമായി വയ്ക്കുക

6) കാല്‍മുട്ടുകള്‍ :-

വാഹനത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍, ഫ്യുവല്‍ ടാങ്കിനോട് ചേര്‍ത്ത് വയ്ക്കുക

7) പാദങ്ങള്‍ :-

പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റില്‍ അത്യാവശ്യം അമര്‍ത്തി കാല്‍പ്പാദം മുന്‍പിലേയ്ക്കായി മുന്‍അഗ്രങ്ങള്‍ (Toes) ബ്രേക്ക്, ഗിയര്‍ പെഡലുകളില്‍ ലഘുവായി അമര്‍ത്തി വയ്ക്കുക.

NB : മറ്റുതരം വാഹനങ്ങളിലും ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍ ശരീരഭാഗങ്ങള്‍ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുന്‍പിലേയ്‌ക്കോ പുറകിലേയ്‌ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക

തൃശൂര്‍ പൂരത്തിന് ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരത്തിന് ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി. ആറു മീറ്ററിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.

ആനകളുടെ ഫിറ്റ്‌നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫിറ്റ്‌നസ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, എങ്ങനെ ഈ ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും കോടതി ചോദിച്ചു.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വെറ്ററിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദിച്ചു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. അക്കാര്യം അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. 50 മീറ്റര്‍ ദൂരപരിധി ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ മാറ്റം വരുത്തിയ കാര്യം വനംവകുപ്പ് കോടതിയെ അറിയിച്ചു.

എത്ര വരെ ദൂരപരിധിയാകാമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോട് കോടതി ചോദിച്ചു. പരമാവധി അഞ്ചുമീറ്റര്‍ പരിധിയില്‍ കൂടുതല്‍ പാടില്ലെന്നാണ് പാറമേക്കാവ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ആനകളുടെ മുന്നില്‍ ആറുമീറ്റര്‍ പരിധി കോടതി നിശ്ചയിച്ചത്

ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും; പുതുവര്‍ഷം പുതിയ തുടക്കമെന്ന് മോദി

ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും; പുതുവര്‍ഷം പുതിയ തുടക്കമെന്ന് മോദി

തൃശൂര്‍: ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ്. ഇനിയാണ് സിനിമ. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വികസനത്തിനും പാരമ്പര്യത്തിനും മുന്‍തൂക്കം നല്‍കും. ലോക്‌സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കുന്നംകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വടക്കുനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി സംസാരിച്ച് തുടങ്ങിയത്. വടക്കുംനാഥന്‍, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും ഈ പാവനഭൂമിക്ക് പ്രണാമം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ചൈത്ര നവരാത്രിയുടെ പുണ്യനാളുകളില്‍ ആലത്തൂരില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ പുതുവത്സരത്തിന്റെ വിഷുവിന്റെ ആഘോഷം നടക്കുകയാണ്. കേരളത്തിന്റെ ഈ പുതുവര്‍ഷം പുതിയ തുടക്കമെന്ന് മോദി പറഞ്ഞു. ഈ കാലഘട്ടം വികസിത ഭാരതത്തിനായി പ്രതിജ്ഞ എടുക്കാനുള്ളതാണ്. അതിനുള്ള ഊര്‍ജ്ജം തരുന്നതാണ്.

വികസിതമായ ഭാരതത്തിന്റെ മുഖമുദ്ര ആധുനിക അടിസ്ഥാന സൗകര്യങ്ങളായിരിക്കും. ഇന്ന് രാജ്യത്ത് എക്‌സ്പ്രസ്‌വേകള്‍ ഉണ്ടാക്കുന്നു, പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നു. പശ്ചിമ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇനി വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും മാത്രമല്ല ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുവഴി വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കും. അനേകായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

വരാന്‍ പോകുന്ന എന്‍ഡിഎ സര്‍ക്കാര്‍ എത്രയും വേഗം ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ജോലി ആരംഭിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തില്‍ അക്രമം സാധാരണ സംഭവമായി മാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. കോളജുകളില്‍ കുട്ടികള്‍ വരെ ആക്രമിക്കപ്പെടുന്നു. വികസനം തടസ്സപ്പെടുത്തുന്നതാണ് ഇടതിന്റെ നയം. എല്ലാം നശിപ്പിക്കുന്നതാണ് ഇടതു നയം. ത്രിപുരയിലും ബംഗാളിലും ഇതു നാം കണ്ടതാണ്. പാവപ്പെട്ടവരുടെ പണം സിപിഎം കൊള്ളയടിച്ചെന്ന്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സഹകരണ തട്ടിപ്പിനെക്കുറിച്ച് സിപിഎം മുഖ്യമന്ത്രി മൂന്നു വര്‍ഷമായി നുണ പറയുകയാണെന്ന് മോദി പറഞ്ഞു. സിപിഎമ്മുകാര്‍ പാവങ്ങളുടെ കോടികളാണ് കൊള്ളയടിച്ചത്. വിവാഹം പോലും മുടക്കി പാവപ്പെട്ട കുടുംബങ്ങളെ വിഷമത്തിലാക്കി. സഹകരണ തട്ടിപ്പിനെപ്പറ്റി രാഹുല്‍ഗാന്ധി ഒന്നും പറയുന്നില്ല. സഹകരണ തട്ടിപ്പുകാരെ ഒരാളെയും വെറുതെ വിടില്ല. കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്‍പ്പര്യം. കേരളത്തിലെ ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ സൂക്ഷിക്കണം. കേരളത്തിന് പുറത്ത് അവര്‍ ഒന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് പ്രധാനമന്ത്രി എത്തിയത്. രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്.

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; സ്ഥിരീകരിച്ച് തൃശൂര്‍ സ്വദേശിനിയുടെ കുടുംബം

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; സ്ഥിരീകരിച്ച് തൃശൂര്‍ സ്വദേശിനിയുടെ കുടുംബം

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ ഇന്ത്യയെ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

കപ്പലിലുള്ള 17 ഇന്ത്യക്കാരില്‍ നാലു മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സയുടെ കുടുംബം. മകള്‍ ട്രെയിനിംഗിന്റെ ഭാഗമായി 9 മാസമായി ഷിപ്പില്‍ ഉണ്ടെന്ന് പിതാവ് ബിജു എബ്രഹാം 24 നോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ ആന്‍ ടെസയുടെ പേരില്ലെന്നും പിതാവ് പറയുന്നു.

വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റ് മലയാളികള്‍ . ജീവനക്കാര്‍ സുരക്ഷിതരാണെന്ന് എം എസ് സി കമ്പനി അധികൃതര്‍ കപ്പലില്‍ കുടുങ്ങിയവരുടെ കുടുംബങ്ങളെ അറിയിച്ചു. കപ്പലിലുള്ള 17 പേരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇറാന്‍ അനുമതി നല്‍കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയേയും ഇസ്രയേല്‍ വിദേശകാര്യമന്ത്രിയേയും ഇന്ത്യയുടെ ആശങ്ക അറിയിച്ചു.