by liji HP News | Apr 15, 2024 | Latest News, കേരളം
കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം.
തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.
by liji HP News | Apr 15, 2024 | Latest News, കേരളം
ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലെ അബ്രൂസേയിലെ മയിലേലയിലാണുണ്ടായത്. കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്.
സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയതായിരുന്നു അനൂപ്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിച്ചത് രാത്രി ഹെലികോപ്റ്ററിലെത്തിയ വ്യോമസേനയാണ്. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.
by liji HP News | Apr 15, 2024 | Latest News, കേരളം
തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പാടില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കാത്ത തരത്തില്‍ സുരക്ഷ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. പുതിയ ഉത്തരവ് ഹൈക്കോടതിയെ അറിയിക്കും.
പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോള്‍ ആനകളുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍, പടക്കങ്ങള്‍, തീവെട്ടികള്‍, താളമേളങ്ങള്‍ തുടങ്ങിയവ പാടില്ലെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. സര്‍ക്കുലര്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കുലറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.50 മീറ്റര്‍ ദൂരപരിധി പ്രായോഗികമല്ലെന്നാണ് പൂരം സംഘാടകര്‍ അറിയിച്ചിരുന്നത്. നാട്ടാനകള്‍ ഇടഞ്ഞോടിയാല്‍ നിരോധിക്കപ്പെട്ട ചില ഉപകരണങ്ങള്‍ ആനകള്‍ക്കെതിരെ ഉപയോഗിക്കരുതെന്ന് വനംവകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ആ ഉപകരണങ്ങളുടെ പേരുകള്‍ പുതിയ സര്‍ക്കുലറില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
by liji HP News | Apr 15, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.
പുലർച്ചെ 5.30ന് പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
by liji HP News | Apr 15, 2024 | Latest News, കേരളം
കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില തിരിച്ചുകയറി. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 55 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ശനിയാഴ്ചയാണ് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞത്. സ്വര്‍ണവില അമ്പതിലായിരവും കടന്നു മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില ഇനിയും ഉയരുമെന്ന സൂചന നല്‍കിയാണ് ഇന്ന് ശക്തമായി തിരിച്ചുവന്നത്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ മൂവായിരത്തിലധികം രൂപ വര്‍ധിച്ച് വെള്ളിയാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. ഒരു പവന് 53,760 രൂപയായാണ് അന്ന് വില ഉയര്‍ന്നത്.
by liji HP News | Apr 15, 2024 | Latest News, കേരളം
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Recent Comments