പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും കാട്ടാക്കടയിലും ഇന്ന് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിലും കാട്ടാക്കടയിലും ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും കാട്ടാക്കടയിലും ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ ഒന്‍പതു മുതല്‍ രാവിലെ 11 വരെയും എംജി. റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോടതി ഭാഗം എന്നിവിടങ്ങളിലാണ് നിയന്ത്രണം.

കാട്ടാക്കടയില്‍ രാവിലെ 10 മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവന്‍ റോഡുകളും അടക്കും. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഒന്നും കടത്തി വിടില്ല. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ചൂണ്ടുപലക കള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ യാത്ര വാഹനങ്ങള്‍ നക്രാംചിറയില്‍ യാത്ര അവസാനിപ്പിക്കണം. ഈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ബസുകള്‍ നക്രാംചിറവിളപ്പില്‍ശാല വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പോകണം.

നെയ്യാര്‍ ഡാം ഭാഗത്ത് നിന്നും വരുന്ന യാത്ര വാഹനങ്ങള്‍ പട്ടകുളം വഴി നക്രാംചിറ വഴി തിരുവനന്തപുരത്തേക്ക് പോകണം. ന്മമണ്ഡപത്തിന്‍കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പ്ലാവൂര്‍ അമ്പലത്തിന്‍കാല വഴി തൂങ്ങാംപാറ വഴി തിരുവവന്തപുരത്തേക്കും തിരിച്ചും പോകണം.

ബാലരാമപുരം,നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുന്ന യാത്ര വാഹനങ്ങള്‍ തൂങ്ങാംപാറയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങണം.

സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരുമായി എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കോളജിനു മുന്നില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ചൂണ്ടുപലകകള്ളിക്കാട് റോഡില്‍ പാര്‍ക്ക് ചെയ്യണം.

കാട്ടാക്കട പട്ടണത്തിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ പ്രധാന മന്ത്രി മടങ്ങും വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്.

ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു.

350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.വിവരം അറിഞ്ഞ് രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ഡല്‍ഹി: മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നിവയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നെഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത് എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 14 ഭാ​ഗങ്ങളുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

‘ജസ്‌ന മുണ്ടക്കയം വിട്ടുപോയിട്ടില്ല; ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെ’

‘ജസ്‌ന മുണ്ടക്കയം വിട്ടുപോയിട്ടില്ല; ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെ’

കോട്ടയം: ജസ്‌ന മുണ്ടക്കയം വിട്ടുപോയതായി കരുതുന്നില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെയെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമമുണ്ടായെന്നും ലവ് ജിഹാദ് ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അവളുടെ കൈവശം ആധാറില്ല, പാന്‍കാര്‍ഡ് ഇല്ല, അക്കൗണ്ടില്‍ നിന്ന് പണം മാറിയിട്ടുമില്ല. പിന്നെ എങ്ങനെ പുറത്തുപോകുമെന്ന് പിതാവ് ചോദിച്ചു. മകളെ കാണാതായത് മുതല്‍ താന്‍ തന്നെ ഒരു ടീമുണ്ടാക്കി സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. അതില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ജീവനോടെ ഉണ്ടെങ്കില്‍ ഒരിക്കലെങ്കിലും ജസ്‌ന തന്നെ ബന്ധപ്പെട്ടേനെയെന്നും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും മുണ്ടക്കയം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും പിതാവ് പറഞ്ഞു.

19ാം തീയതി കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനോട് ഹാജരകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ദിവസം കോടതിയില്‍ ഹാജരാകും. അവരെ കൂടി കേട്ടശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് ജയിംസ് പറഞ്ഞു.

പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു

പരാതി അന്വേഷിക്കാനെത്തി; വീടിന്റെ ​ഗെയ്റ്റ് ചാടിയെത്തിയത് മുപ്പതോളം നായ്ക്കൾ; എസ്ഐക്ക് കടിയേറ്റു

കൊച്ചി: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ നായ്ക്കൾ ആക്രമിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെആർ രാജീവ് നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റത്. പരാതി അന്വേഷിക്കാൻ വീടിന് വെളിയിൽ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെ ​ഗെയ്റ്റ് ചാടിക്കടന്നെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ- ഹിൽപാലസ് റോഡിൽ റെയിൽവേ മേൽപ്പാലത്തിനു താഴെ ചാത്താരിഭാ​ഗത്ത് ഒരു വീടിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തെരുവുനായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ഒരു സ്ത്രീ നൽകിയ പരാതി അന്വേഷിക്കാനാണ് എസ്ഐ എത്തിയത്. ബൈക്കിൽ എത്തിയ എസ്ഐ വീടിനു പുറത്ത് നിന്ന് വിളിച്ചു. സ്ത്രീ ​ഗേറ്റ് തുറന്നെത്തുന്നതിനു മുൻപായി നായ്ക്കൾ പാ‍ഞ്ഞെത്തുകയായിരുന്നു.

മുപ്പതോളം നായ്ക്കൾ ​ഗെയ്റ്റ് ചാടിയെത്തി തന്നെ ആക്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ബൈക്കിൽ വരെ നായ്ക്കൾ കയറിയെന്നും ചെരുപ്പ് കൊണ്ട് എറിഞ്ഞാണ് രക്ഷപ്പെട്ടതെന്നും കൂട്ടിച്ചേർത്തു. ബൈക്കിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ നായ്ക്കൾ കടിച്ചുകൊല്ലുമായിരുന്നു എന്നാണ് എസ്ഐ പറയുന്നത്. നായയുടെ കടിയേറ്റ എസ്ഐ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിനെ വിളിച്ചുവരുത്തിയ പരാതിക്കാരിക്കെതിരെ കേസെടുത്തു.

കാനഡയിൽ ഇനി ‘മമ്മൂക്ക’ കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

കാനഡയിൽ ഇനി ‘മമ്മൂക്ക’ കുതിച്ചു പായും; പുതിയ കാറിന് സൂപ്പർതാരത്തിന്റെ പേര് നൽകി മധുരരാജ നിർമാതാവ്

മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റുകളിൽ ഒന്നാണ് വൈശാഖിന്റെ മധുര രാജ. നെൽസൺ ഐപ്പാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകിയിരിക്കുകയാണ് നെൽസൺ ഐപ്പ്. അദ്ദേഹത്തിന്റെ മകൻ കാനഡയിൽ വാങ്ങിയ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിലാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്.

ഫെയ്സ്ബുക്കിലൂടെ നെൽസൺ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ മമ്മൂക്ക കാർ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുന്നത്.

മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെൽസൺ നിർമ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിർമ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.