‘ആദ്യം റിക്വസ്റ്റ്, ശേഷം മെസേജ്, പിന്നാലെ വീഡിയോ കോള്‍, ഒടുവില്‍ കെണി’; മുന്നറിയിപ്പുമായി പൊലീസ്

‘ആദ്യം റിക്വസ്റ്റ്, ശേഷം മെസേജ്, പിന്നാലെ വീഡിയോ കോള്‍, ഒടുവില്‍ കെണി’; മുന്നറിയിപ്പുമായി പൊലീസ്

ഹണിട്രാപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി വീണ്ടും കേരളാ പൊലീസ്. അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാമെന്ന് പൊലീസ് പറഞ്ഞു. അത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതാണ് ഇത്തരം സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് മുന്നറിയിപ്പ്: ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ്, അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിനോദിന്റെ മരണത്തിൽ ഞെട്ടൽ; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമയിൽ; പുലിമുരുകൻ ഉൾപ്പടെ 14 സിനിമകളിൽ വേഷമിട്ടു

വിനോദിന്റെ മരണത്തിൽ ഞെട്ടൽ; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമയിൽ; പുലിമുരുകൻ ഉൾപ്പടെ 14 സിനിമകളിൽ വേഷമിട്ടു

കൊച്ചി: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് തടഞ്ഞതിന് അന്യസംസ്ഥാനത്തൊഴിലാളി കൊലപ്പെടുത്തിയ ടിടിഇ കെ വിനോദ് മലയാള സിനിമയിലും സജീവം. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പടെ 14 സിനിമകളിലാണ് വിനോദ് വേഷമിട്ടിട്ടുള്ളത്.

മമ്മൂട്ടി ചിത്രം ​ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരം​ഗത്തേക്ക് ചുവടുവച്ചത്. ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ഈ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറക്കുന്നത്. മമ്മൂട്ടിയുടെ ​ഗുണ്ടാസംഘത്തിലെ പ്രധാനിയുടെ വേഷത്തിലാണ് വിനോദ് എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തി. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.

വിനോദിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സാന്ദ്ര തോമസ് രം​ഗത്തെത്തി. വിനോദിന്റെ കൊലപാതകം തന്നെ ഞെട്ടിച്ചെന്നും. ഒന്നും പറയാനാവാത്ത അവസ്ഥയിലാണെന്നുമാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ അവസാനത്തെ ചിത്രമായ നല്ല നിലാവുള്ള രാത്രിയില്‍ അദ്ദേഹം വേഷമിട്ടിരുന്നതായും സാന്ദ്ര പറഞ്ഞു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നു മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നു മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയത്തിൽ 10,000ത്തോളം അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും. 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ എട്ട് ക്യാമ്പിലായി നടത്തും. 2200 അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഉത്തരക്കടലാസ് മൂല്യനിർണ്ണയം 20നകം പൂർത്തീകരിക്കാനാണ് തീരുമാനം. മെയ് രണ്ടാം വാരം പരീ​ക്ഷാഫലം പ്രസിദ്ധീകരിക്കും. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസിന്റെ സഹകരണവും ഉണ്ടാകും. മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന ഇടവേളകളില്ലാതെ നടത്തും.

ടിഎച്ച്എസ്എൽസിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയത്തിന് ഒരു ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്.

എസ്എസ്എൽ‌സി പരീക്ഷകളുടെ മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസാണ് മൂല്യനിർണയം നടത്തുക. ഹയർ സെക്കൻഡറിയിൽ 52 ലക്ഷം ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തും. വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 3,40000 ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്.

ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും കൊടും ചൂട്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണം.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ, തൃശൂര്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 409 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SC 161209 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SG 869928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ഇന്നത്തെ നറുക്കെടുപ്പിലൂടെ നാലാം സമ്മാനമോ അതിൽ താഴെയുള്ള സമ്മാനങ്ങളോ (അയ്യായിരം രൂപയിൽ കുറവ്) ആണ് ലഭിച്ചതെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. നിങ്ങൾക്ക് ലഭിച്ചത് ആദ്യത്തെ മൂന്നു സമ്മാനങ്ങളോ സമാശ്വാസ സമ്മാനമോ ആണെങ്കിൽ ടിക്കറ്റ് ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.

ചൂടിന് ആശ്വാസമാകുമോ? ഇന്ന് 9 ജില്ലകളില്‍ മഴ സാധ്യത

ചൂടിന് ആശ്വാസമാകുമോ? ഇന്ന് 9 ജില്ലകളില്‍ മഴ സാധ്യത

സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇതില്‍ തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത. ഏപ്രില്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’ ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം(INCOIS) സ്ഥിരീകരിച്ചു. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 2024 മാര്‍ച്ച് 23-ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുകയും, മാര്‍ച്ച് 25 ഓടെ ഈ ന്യുനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (11 മീ) വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും ആ തിരമാലകള്‍ പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്തു.

ഇതാണ് കള്ളക്കടലിന് കാരണമായതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02 വരെ തുടരാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.