കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി.

ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹത്തിൽ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും.
മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. മരണവിവരം സര്‍വകലാശാല അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലക്ഷ പ്രഭു!; മുത്തച്ഛന്‍ വാങ്ങിയ 500 രൂപ മൂല്യമുള്ള എസ്ബിഐ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കണ്ട് അമ്പരന്ന് ഡോക്ടർ

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലക്ഷ പ്രഭു!; മുത്തച്ഛന്‍ വാങ്ങിയ 500 രൂപ മൂല്യമുള്ള എസ്ബിഐ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കണ്ട് അമ്പരന്ന് ഡോക്ടർ

ചണ്ഡീഗഡ്: ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരന്‍! ഇത്തരത്തില്‍ ഭാഗ്യം തുണച്ച നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവ കഥയാണ് ചണ്ഡീഗഡ് സ്വദേശിയായ ഡോക്ടര്‍ക്ക് പറയാനുള്ളത്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ബാങ്കിന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റാണ് ഡോക്ടറിന് കണ്ടുകിട്ടിയത്. അന്ന് 500 രൂപ മുടക്കിയാണ് മുത്തച്ഛന്‍ എസ്ബിഐ ഓഹരികള്‍ വാങ്ങിയത്. എവിടെയാണ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വച്ചിരുന്നത് എന്ന് മുത്തച്ഛന്‍ മറന്നുപോയി കാണാം എന്ന് കുട്ടികളുടെ ഡോക്ടര്‍ ആയ ഡോ. തന്‍മയ് മോത്തിവാല എക്‌സില്‍ കുറിച്ചു. എക്‌സിലൂടെയാണ് തന്നെ അത്ഭുതപ്പെടുത്തി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം ഡോക്ടര്‍ വെളിപ്പെടുത്തിയത്.

ഇതിന്റെ ഇപ്പോഴത്തെ മൂല്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഡോക്ടര്‍ തയ്യാറായി. ഇപ്പോള്‍ എസ്ബിഐ ഓഹരികള്‍ക്ക് 3.75 ലക്ഷം രൂപ മൂല്യം വരുമെന്നാണ് ഡോക്ടര്‍ എക്‌സിലൂടെ തന്നെ വെളിപ്പെടുത്തിയത്.

പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി

പെരുമാറ്റച്ചട്ട ലംഘന പരാതി: മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.പ്രസംഗത്തിനിടെ കോഴിക്കോട് സ്‌റ്റേഡിയം രാജ്യാന്തര സ്‌റ്റേഡിയമായി മാറ്റാന്‍ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രസംഗം ചിത്രീകരിച്ച ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ വേദിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായ എളമരം കരീം മാറ്റിനിര്‍ത്തിയിരുന്നു.

സ്റ്റേജിന് പിന്നിലേക്ക് കാമറാമാനെ മാറ്റുകയായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ കാമറാമാനെ മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്.

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്.പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലായാണ് താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് കുടുംബാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കത്തി കൊണ്ട് ഇവര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരാളുടെ കൈക്കും മറ്റേയാളുടെ തോളിനും പരിക്കേറ്റിട്ടുണ്ട്. ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റേയാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.

31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.

ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു

ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു

ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാ ണ് (55) സൂര്യതാപമേറ്റത്. വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വ്യാഴാഴ്ച വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്. ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം.