by liji HP News | Mar 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട് ) പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 30 വരെ കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കാം. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാം.
ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലൊഴികെ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സാധാരണയെക്കാള്‍ നാല് ഡിഗ്രിവരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ, സംസ്ഥാന വിവിധ ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യത.
by liji HP News | Mar 26, 2024 | Latest News, കേരളം
അടിമാലി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് കസ്റ്റഡിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചതായാണ് പരാതി. ബിബിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി.
തുടര്‍ന്നും ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുണ്ടായിരുന്ന പീഡന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങാതിരുന്ന യുവതി, ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. അവരുടെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 408 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SW 648015 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SW 418076 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ഇന്നത്തെ നറുക്കെടുപ്പിലൂടെ നാലാം സമ്മാനമോ അതിൽ താഴെയുള്ള സമ്മാനങ്ങളോ (അയ്യായിരം രൂപയിൽ കുറവ്) ആണ് ലഭിച്ചതെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. നിങ്ങൾക്ക് ലഭിച്ചത് ആദ്യത്തെ മൂന്നു സമ്മാനങ്ങളോ സമാശ്വാസ സമ്മാനമോ ആണെങ്കിൽ ടിക്കറ്റ് ,തിരിച്ചറിയൽ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.
by liji HP News | Mar 26, 2024 | Latest News, കേരളം
കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍. നിയമലംഘനം സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇഡി കോടതിയെ അറിയിച്ചത്.
തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തിനാണ് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നതെന്ന് കോടതി ഇഡിയോട് ചോദിച്ചു. അന്വേഷണ നടപടികളില്‍ കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത്. ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇഡി പറഞ്ഞു.
by liji HP News | Mar 26, 2024 | Latest News, കേരളം
കേന്ദ്ര വിഹിതം മുൻകൂറായി അടച്ചിട്ടും ക്ഷേമ പെൻഷൻകാർക്ക് തുക ലഭിച്ചില്ല. ക്ഷേമ പെൻഷൻ പൂർണമായി ലഭിക്കാത്തത് 1.94 ലക്ഷം പേർക്ക്. സാങ്കേതിക പ്രശ്‌നമെന്നും ഉടൻ പരിഹരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ചിലർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു. 52ലക്ഷം പേർക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ നല്‍കുന്നത്.
അതില്‍ 6.3ലക്ഷം പേർക്കാണ് കേന്ദ്രസഹായമുള്ളത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവർക്ക് പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പെൻഷൻ നല്‍കുന്നത്. ഇത്തവണ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം 1.94ലക്ഷം പേർക്ക് പെൻഷൻ കിട്ടിയില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവരുകയാണ്. പി എഫ് എം എസിലെ പ്രശ്നമാണ് തുക അക്കൗണ്ടില്‍ എത്താൻ തടസമായത്. അടുത്ത ദിവസംതന്നെ പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചെന്നും സർക്കാർ വ്യക്തമാക്കി.
Recent Comments