by liji HP News | Mar 4, 2024 | Latest News, കേരളം
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേധ മാര്‍ച്ച്.
സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
എസ് എഫ് ഐ അരും കൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
by liji HP News | Mar 4, 2024 | Latest News, കേരളം
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു.
വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ ആവശ്യം സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
by liji HP News | Mar 4, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു.
കേസ് കൊടുത്തു എന്നതിന്റെ പേരില്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബുദ്ധിമുട്ടിക്കും. ശമ്പളം നല്‍കിയത് കൊണ്ടോ പെന്‍ഷന്‍ കൊടുത്തത് കൊണ്ടോ സംസ്ഥാനത്തിന്റെ പ്രശ്‌നം തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് മാസം 22,000 കോടി രൂപയാണ് ചെലവഴിച്ചത്. നിലവില്‍ 14000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരായ ആളുകള്‍ക്ക് നല്‍കുന്നതാണ് സാമൂഹിക ക്ഷേമ പെന്‍ഷന്‍. 62 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്തുസമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്? സാമൂഹിക ക്ഷേമ പെന്‍ഷന്‍ കിട്ടാനുള്ള ആളുകള്‍ ഉള്‍പ്പടെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യണോ? അത്തരം കാര്യങ്ങളില്‍ യുഡിഎഫിന്റെ സമീപനം എന്താണ്? കേരളത്തോട് കേന്ദ്രം കാണിക്കുന്ന നിലപാടില്‍ യുഡിഎഫ് നിലപാട് എന്താണെന്നും ധനമന്ത്രി ചോദിച്ചു.
by liji HP News | Mar 4, 2024 | Latest News, കേരളം
കൊച്ചി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോതമംഗലം ടൗണിലാണ് മൃതദേഹവുമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്ന് ഇന്ദിരയുടെ കുടുംബം നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
by liji HP News | Mar 4, 2024 | Latest News, കേരളം
സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.
ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ 19.17 ലക്ഷം കുഞ്ഞുങ്ങള്‍ക്കും പോളിയോ ബൂത്തുകള്‍ വഴിയാണ് തുള്ളി മരുന്ന് നല്‍കിയത്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചത്. പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിച്ചത്.
by liji HP News | Mar 4, 2024 | Latest News, കേരളം
മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റിൽ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബിനെ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടറാണ് ഇയാൾ. സീറ്റിൽ ഇരുന്നതിന് പെൺകുട്ടിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
പെരുമ്പിലാവിലെ കോളജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് കയറിയ ഇവർ ഒഴിവുള്ള സീറ്റിൽ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. അതിനിടെ കണ്ടക്ടർ വിദ്യാർഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.
തുടർന്ന് വിദ്യാർഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
Recent Comments