by liji HP News | Mar 4, 2024 | Latest News, കേരളം
പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്.
പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയിൽ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേൽ ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്.
by liji HP News | Mar 2, 2024 | Latest News, കേരളം
5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു.
5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കുടലില്‍ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്.
കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.
by liji HP News | Mar 2, 2024 | Latest News, കേരളം
തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ ഉള്‍പ്പടെ പതിനെട്ട് പ്രതികളും പിടിയില്‍. സിന്‍ജോ ജോണ്‍സണെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനായി എത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.
രാവിലെ കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. കാശിനാഥന്‍, അല്‍ത്താഫ് എന്നിവരെയാണ് പിടികൂടിയത്. കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. സിന്‍ജോയ്ക്കും കാശിനാഥനും ഉള്‍പ്പെടെ ഒളിവില്‍ പോയവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.
ക്യാമ്പസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍ ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.
ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
by liji HP News | Mar 2, 2024 | Latest News, കേരളം
അപൂര്‍വ രോഗം ബാധിച്ച 2 വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
by liji HP News | Mar 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് സിദ്ധാര്‍ഥിന്റെ അച്ഛന്‍. നട്ടെല്ലുള്ള ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ച സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടപടിയില്‍ തൃപ്തന്‍ എന്നും പറഞ്ഞു. ഡീന്‍ എംകെ നാരായണനെതിരെയും നടപടി വേണമെന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധാര്‍ഥിന്റെ പിതാവ്.
സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാര്‍ഥിന്റെ വയര്‍ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാര്‍ഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവര്‍ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തില്‍ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസില്‍ സംഭവിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍വകലാശാല ക്യാമ്പസില്‍ എങ്ങനെയാണ് ഇത്തരമൊരു കിരാത സംഭവം ഉണ്ടാവുന്നത്? സര്‍വകലാശാല അധികൃതര്‍ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതില്‍ ദുരൂഹത ഉണ്ട്. എല്ലാ സര്‍വകലാശാലയിലും ഒരു ഹോസ്റ്റല്‍ എസ്എഫ്ഐ അവരുടെ ഹെഡ് ക്വര്‍ട്ടേഴ്സ് ആയി മാറ്റിയിരിക്കുകയാണ്. ക്യാമ്പസുകളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ട് ഉള്ളതായും ഗവര്‍ണര്‍ ആരോപിച്ചു.
സംഭവത്തില്‍ പൊലീസുകാരെ മുഴുവനായി കുറ്റം പറയുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണ് കേരളത്തിലുള്ളത്. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടി അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍വകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
റാഗിങ് നടന്ന് മൂന്ന് ദിവസം കഴിഞ്ഞും അധികൃതര്‍ ആരും അറിഞ്ഞില്ലേ? സംഭവം നടന്നശേഷം ചാന്‍സലറെ അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.ഇന്നലെ മാത്രമാണ് ഇത് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
by liji HP News | Mar 2, 2024 | Latest News, കേരളം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം.
ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ടിവി രാജേഷിനു ചുമതല നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലിക ചുമതലാണ് രാജേഷിനു നല്‍കിയിട്ടുള്ളത്.
Recent Comments