ബിഎസ്‌സി നഴ്‌സിങ്‌; അടുത്ത അധ്യയന വർഷം മുതൽ കേരളത്തിൽ പ്രവേശന പരീക്ഷ

ബിഎസ്‌സി നഴ്‌സിങ്‌; അടുത്ത അധ്യയന വർഷം മുതൽ കേരളത്തിൽ പ്രവേശന പരീക്ഷ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗൺസിൽ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.

കേരളം ഇതിനുള്ള നടപടികൾ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയിൽനിന്ന്‌ അഭിപ്രായം സ്വീകരിക്കും.നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിൽ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്‌. രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷ വഴിയാണ്‌ ബിഎസ്‌സി പ്രവേശനം നടത്തുന്നത്‌.

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സംഭവം പുറത്തിറഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി കേസില്‍ നിന്ന് രക്ഷപ്പെടാനും ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. പറവൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവരാണ് പണം തട്ടിയെടുത്തത്. നിലവില്‍ ഇവര്‍ രണ്ടുപേരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്.

സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച നഗരസഭാ ശരണാലയത്തിലെ അന്തേവാസിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 4 ലക്ഷം രൂപയാണ് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. അന്തേവാസിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് തട്ടിപ്പ് വിവരം പുറത്തിറങ്ങുന്നത്. ഇതോടെ മോഷ്ടിച്ച പണം അന്തേവാസിയുടെ വീട്ടിലെത്തിച്ച് ഉദ്യോഗസ്ഥര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമവും ആരംഭിച്ചു. വിവരമറിഞ്ഞിട്ടും പറവൂര്‍ നഗരസഭാ സെക്രട്ടറി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരലംഘനമാണ് രണ്ടു ഉദ്യോഗസ്ഥരും നടത്തിയത്. ആരും പരാതി നല്‍കിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സെക്രട്ടറിക്ക് ഉണ്ട്. ശരണാലയത്തില്‍ കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ ഈ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടുണ്ടോ എന്നതും പരിശോദിക്കുന്നുണ്ട്. നിലവില്‍ പറവൂരില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ രണ്ടു ഉദ്യോഗസ്ഥരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉദ്യോഗസ്ഥരെ സംരക്ഷിച്ച സെക്രട്ടറിക്കെതിരെയും വിജിലന്‍സില്‍ പരാതി നല്‍കാനും നഗരസഭ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗുരുവായൂരിന്‍റെ ആത്മീയ ചൈതന്യമറിയാം; ‘കൃഷ്ണലീല’ വിപണിയില്‍

ഗുരുവായൂരിന്‍റെ ആത്മീയ ചൈതന്യമറിയാം; ‘കൃഷ്ണലീല’ വിപണിയില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന ‘കൃഷ്ണലീല’ വിപണിയില്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.

ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.

മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കം; എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു

മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കം; എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു. അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയാണെന്നാണ് സംശയം. മാര്‍ക്കുമായി ബന്ധപ്പട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൂര്‍വ വിദ്യാര്‍ഥി ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും അധ്യാപകര്‍ പറയുന്നു. അതിന് പിന്നാലെ അധ്യാപകനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്ദമംഗലം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി; 180ദിവസം വരെ 7.5%

ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി; 180ദിവസം വരെ 7.5%

തിരുവനന്തപുരം: ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. 91 ദിവസം മുതല്‍ 180ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.

മാര്‍ച്ച് ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക.

90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 7 ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.

മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാന്‍ പ്രതിസന്ധിയുള്ളതിനാലാണ് പരമാവധി പണം ഉയര്‍ന്നപലിശ നല്‍കി ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.

ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാർ റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന് മന്ത്രി ആരോപിച്ചു. ഭാരത് അരി സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് അത് ലഭ്യമാക്കാമായിരുന്നു. ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി ആർ അനിൽ പറഞ്ഞു.