ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ ഇവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായരീതിയിലാണ് പൂക്കോട് കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന് നേരെയുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയേന്തേ മഹാമൗനം തുടരുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീനിനെ പ്രതിയാക്കണം. കൂടാതെ ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തണമെന്നും സതീശന്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എസ്എഫ്‌ഐ നേതാക്കള്‍. ലോ കോളജില്‍ കെഎസ് യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. പൊലീസുകാരന്റെ കര്‍ണപടം അടിച്ചുതകര്‍ത്തതും എസ്എഫ്‌ഐക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും സതീശന്‍ പറഞ്ഞു.

കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്എഫ്‌ഐയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. അഴിമതികളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജില്‍വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്

കഴിഞ്ഞ നാല് ദിവസമായി അനക്കമില്ലാതെ കിടന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 30 രൂപയും ഇന്ന് കൂട്ടി. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,790 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.

ആണ്‍ കുഞ്ഞ് ജനിക്കാന്‍ കുറിപ്പ്; ശരിയെങ്കില്‍ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

ആണ്‍ കുഞ്ഞ് ജനിക്കാന്‍ കുറിപ്പ്; ശരിയെങ്കില്‍ ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തിലൊരു കുറിപ്പ് ഭര്‍തൃവീട്ടുകാര്‍ കൈമാറിയെന്ന ആരോപണം ശരിയാണെങ്കില്‍ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവള്‍ മാത്രമാണെന്നിരിക്കെ മറ്റാര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടാനാവില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകളെ ഈ പ്രശ്നം എങ്ങനെ ബാധിക്കുമെന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി; ആരോപണവുമായി മന്ത്രി ജെ ചിഞ്ചുറാണി

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി; ആരോപണവുമായി മന്ത്രി ജെ ചിഞ്ചുറാണി

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാര്‍ത്ഥിന് എന്ത് സംഭവിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി കുറ്റപ്പെടുത്തി. ഡീന്‍ ഉള്‍പ്പടെയുള്ളവര്‍ രക്ഷിതാക്കളെ അറിയിക്കേണ്ട ചുമതല നിറവേറ്റിയില്ല. കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് വെറ്ററിനറി സര്‍വകലാശാല പ്രോചാന്‍സലര്‍ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആര് തെറ്റ് കാണിച്ചാലും പ്രതിസ്ഥാനത്ത് കൊണ്ടുവരുമെന്നും രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ തങ്ങള്‍ വെറ്റിനറി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ ക്രൂരത കാണിക്കുന്ന തരത്തിലേക്ക് ഇന്ന് കുട്ടികള്‍ വരുന്നു എന്നതാണ് വേദനിപ്പിക്കുന്ന കാര്യം. സമൂഹത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം. നല്ലതുപോലെ പഠിക്കുന്ന, മൃഗങ്ങളെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. കേസില്‍ സര്‍ക്കാര്‍ കര്‍ശനമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു

തൊടുപുഴ: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

ഇന്നലെ രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. 4,14,159 വിദ്യാർഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് മുത്ൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.

ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം പൂർത്തിയായി.