by liji HP News | Feb 29, 2024 | Latest News, കേരളം
പാലക്കാട്: ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. നീലിപ്പാറ സ്വദേശി ഗീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതുകാരനായ ഭര്‍ത്താവ് ഷണ്‍മുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് സംഭവം.
ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ഗീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു. ഏറെ നാളായി ഇരുവരും അകന്നു താമസിക്കുകയാണ്. നേരത്തെയും ഷണ്‍മുഖം ഗീതുവിനെ സമാനമായ രീതിയില്‍ ആക്രമിച്ചിരുന്നു. തുടര്‍ചികിത്സയ്ക്കായി ഗീതുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
by liji HP News | Feb 28, 2024 | Latest News, കേരളം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-86 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FV 738928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FR 574179 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
by liji HP News | Feb 28, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റാമില്ലാതെ തുടരുന്നത്. 46,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 5760 രൂപയാണ് വില.ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുറഞ്ഞിരുന്നു.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയർന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.
by liji HP News | Feb 28, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by liji HP News | Feb 28, 2024 | Latest News, കേരളം
തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്ത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്റെ ഭർത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വർഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. നമ്മുടെ രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണിത്. 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ വിവാഹം ചെയ്തു. പരമ്പരാഗത ചടങ്ങുകളുമായി അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഈ വാർത്ത നിങ്ങളെ അറിയിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ’. – ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കല്യാണ സാരിയിൽ പ്രശാന്തിനൊപ്പം നിൽക്കുന്ന വിവാഹ ചിത്രവും ഇന്ന് വിക്രം സാരാഭായി സ്പേസ് സെന്ററിൽ പ്രശാന്തിനൊപ്പമുള്ള ചിത്രവും ലെന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. രചന നാരായണൻകുട്ടി, രാധിക, മീര നന്ദൻ അടക്കമുള്ള താരങ്ങൾ ലെനയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിൽ ഒരു മലയാളി കൂടിയുണ്ടാകുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും ആരാണ് അതെന്ന് ഇന്ന് രാവിലെ വരെ അഞ്ജാതമായിരുന്നു. വിക്രം സാരാഭായി സ്പേസ് സെന്ററിൽ വച്ച് ഉച്ചയോടെ പ്രധാനമന്ത്രിയാണ് പേരുകൾ പ്രഖ്യാപിച്ചത്. പ്രശാന്ത് കൃഷ്ണൻ നായർ എന്ന് പേര് വന്നതോടെ ആരാണ് പ്രശാന്ത് എന്നും ഏത് നാട്ടുകാരനാണെന്നുമൊക്കെ തിരഞ്ഞുതുടങ്ങി മലയാളികൾ. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ.
നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം ബിരുദം നേടിയത്. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് സ്വോർഡ് ഓഫ് ഓണറും സ്വന്തമാക്കി.
by liji HP News | Feb 28, 2024 | Latest News, കേരളം
മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലീംലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനിയും മത്സരിക്കും. നേരത്തെ മലപ്പുറത്ത് അബ്ദുസമദ് സമദാനിയെയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ സീറ്റുകള്‍ പരസ്പരം വച്ചുമാറാന്‍ നേതൃയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Recent Comments