സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്

സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഹര്‍ത്താല്‍ പിന്‍വലിച്ച് എല്‍ഡിഎഫ്

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷിന്റെ ബന്ധുവിന് ജോലിക്ക് വനംവകുപ്പ് ശുപാര്‍ശ നല്‍കും.

സുരേഷിന്റെ മക്കളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും. ആന തകര്‍ത്ത ഓട്ടോയ്ക്ക് പകരം പുതിയ ഓട്ടോറിക്ഷയും വനംവകുപ്പ് വാങ്ങി നല്‍കും. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവും വനംവകുപ്പ് ഏറ്റെടുത്തു.

അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെ, കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. മൂന്നാര്‍ കെഡിഎച്ച് വില്ലേജ് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

ആർക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു?; വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷൻ

ആർക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു?; വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ അപര്യാപ്തമെന്നും, കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍. ടിപി ചന്ദ്രശേഖരന്റേത് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ കൊലപാതകമല്ല. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ച് നടപ്പാക്കിയതല്ല ടിപി ചന്ദ്രശേഖരന്റെ വധം. നടന്നത് അതിക്രൂരമായ കൊലപാതകമാണ്. ആസൂത്രിതമായി നടപ്പാക്കിയതാണിത്. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു എന്നത് പ്രധാന ചോദ്യമാണ്. ചെറുതാണെങ്കിലും ടിപിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാരണമായി. വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും ടിപിയുടെ വിധവ കെ കെ രമയുടേയും ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്. ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്താന്‍ സാഹചര്യമുണ്ടോയെന്ന് വാദത്തിനിടെ, ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. കെ കെ കൃഷ്ണന്റെ പ്രസം​ഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തത്. നടന്നത് ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകമാണ്. ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.

കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡി​ഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കാൽ തുടയ്ക്കാനിട്ട തുണിയിൽ പാമ്പ്; 52കാരി കടിയേറ്റ് മരിച്ചു, ദാരുണം

കാൽ തുടയ്ക്കാനിട്ട തുണിയിൽ പാമ്പ്; 52കാരി കടിയേറ്റ് മരിച്ചു, ദാരുണം

കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുകയായിരുന്നു നസീമ.

വാതിൽക്കൽ കാൽ തുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പ് കയറിക്കൂടിയത് ഇവർ അറിഞ്ഞില്ല. ഇതറിയാതെ കാൽ തുടയ്ക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ രാവിലെ മരിച്ചു. ഭർത്താവ്: ഫക്രുദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ​ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍ സുരേഷിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു.

കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ മുന്നിലേക്ക് തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.