ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു

കോട്ടയം: മണർക്കാട് ബൈപ്പാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. നടൻ ടൊവിനോ തോമസിന്റെ പാചകക്കാരനാണ് മരിച്ച വിഷ്ണു.

അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്കുണ്ട്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിൽ സഞ്ചരിച്ച പേരൂർ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിൻ മാത്യു എന്നിവർക്കാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം- മണർക്കാട് ബൈപ്പാസിൽ ചെറുവാണ്ടൂർ- കെഎൻബി ഒഡിറ്റോറിയത്തിനു സമീപത്താണ് അപകടം. പേരൂരിലെ ബന്ധു വീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാരലൽ കോളജ് അധ്യാപികനായിരുന്ന പരേതനായ ശിവാനന്ദൻ- രാജി ദ​മ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി. സംസ്കാരം ഇന്ന് നാലിനു വെച്ചൂരിലെ വീട്ടുവളപ്പിൽ.

തിരുവനന്തപുരത്ത് സിനിമാതാരങ്ങള്‍ പരിഗണനയില്‍; അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരത്ത് സിനിമാതാരങ്ങള്‍ പരിഗണനയില്‍; അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നതില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും അടക്കം പരിഗണനയിലുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറിയാണ്. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ മലബാര്‍ മേഖലയിലാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മത്സരിക്കാനാണ് സാധ്യതയെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു.

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

2,000 കോടിയുടെ ലഹരിവേട്ട; ആസൂത്രകൻ തമിഴിലെ വമ്പൻ നിർമ്മാതാവ്, അന്വേഷണം സിനിമ മേഖലയിലേക്ക്

ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു നടത്തിയ ഓപ്പറേഷനിൽ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. അന്താരാഷ്‌ട്ര സംഘങ്ങളുമായി ചേർന്ന് ഇന്ത്യ,ന്യൂസിലൻഡ്,ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനം.

ഡൽഹിയിൽ കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായി മൂന്നുപേർ പിടിയിലായിരുന്നു.ഇവർ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. മുഖ്യ ആസൂത്രകനായ നിർമ്മാതാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ സ്യൂഡോഫെഡ്രിൻ എന്ന രാസവസ്തു അപകടകരവും ഉയർന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്. ഇവയ്‌ക്ക് ഇന്ത്യയിൽ നിയന്ത്രണമുണ്ട്. അതേസമയം അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

രാസവസ്തുവിന്റെ ഉത്പാദനം, കൈവശം വയ്‌ക്കൽ, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹെൽത്ത് മിക്‌സ് പൗഡർ, കോക്കനട്ട് പൗഡർ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ന്യൂസിലൻഡ്-ഓസ്ട്രേലിയൻ കസ്റ്റംസുമായി സഹകരിച്ചാണ് എൻസിബിയുടെ അന്വേഷണം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) നൽകുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡൽഹിയെന്നാണ് സൂചന.

ഫെബ്രുവരി 15 ന്, മൾട്ടിഗ്രെയിൻ ഫുഡ് മിക്‌സ്‌മെൻ്റിൽ സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ എൻസിബിയുടെ സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിൻ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കടത്തിയെന്നിവർ വെളിപ്പെടുത്തി.

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടി നാടകീയമായി തിരിച്ച് എത്തി; രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടി നാടകീയമായി തിരിച്ച് എത്തി; രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

കോട്ടയം: തിരുവല്ലയില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരിയാണ് ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.

അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിക്കും. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന. പോലീസ് വിശദ അന്വേഷണം ആരംഭിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് രണ്ട് പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം. സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി പി.പി സുനീർ, സത്യൻ മൊകേരി എന്നിവരെ കൂടി പരിഗണിക്കാൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം.

നേരത്തെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ദേശീയ വർക്കിങ് കമ്മിറ്റി അഗം ആനി രാജയ്ക്ക് പുറമെയാണ് ജില്ലാ കൗൺസിൽ പുതിയ പേരുകൾ നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവിന്റെ പേര് ചർച്ചയ്ക്ക് വന്നെങ്കിലും പരിഗണന പട്ടികയിൽ ഉൾപ്പെട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ യോഗം ചേർന്നിരുന്നു.