by liji HP News | Feb 24, 2024 | Latest News, കേരളം
തിരുവന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്.
ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
by liji HP News | Feb 23, 2024 | Latest News, കേരളം
പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എംഡിഎംഎ ഉണ്ടെന്നറിയിച്ച് പൊലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലത്ത് ഒരാള്‍ക്ക് 40 ലക്ഷത്തില്‍ പരം രൂപ നഷ്ടമായി. മുംബൈ പൊലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പൊലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്. പാഴ്സലിനുള്ളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ 40,30,000 രൂപ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്.
പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്‍റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്ലന്‍റിലേയ്ക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്. പാഴ്സല്‍ അയയ്ക്കുന്നതിന് പരാതിക്കാരന്‍റെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.
താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന്‍ കൊല്ലത്ത് പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ കമ്പനി പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടര്‍ന്ന് സൈബര്‍ ക്രൈം സെൽ ഉദ്യോഗസ്ഥന്‍ എന്ന് ഭാവിച്ച് ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.
പരാതിക്കാരന്‍റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാള്‍ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. സ്കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസർ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി.
അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാന്‍ ഫിനാന്‍സ് വകുപ്പിന്‍റെ സോഫ്റ്റ് വെയറില്‍ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും അയാൾ പറഞ്ഞു. തുടര്‍ന്ന് അവര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരന്‍ 40,30,000 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
by liji HP News | Feb 23, 2024 | Latest News, കേരളം
വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.
അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോളജ് അധികാരികളുടെ മൗനം വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കെഎസ്‌യു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്.
by liji HP News | Feb 23, 2024 | Latest News, കേരളം
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്നുമുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിൻ്റേതാണ് തീരുമാനം. ഒ ടി ടി റിലീസ്, കണ്ടന്‍റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട കരാര്‍, തുടര്‍ച്ചയായി ലംഘിക്കുന്ന വിഷയം നിലനില്‍ക്കെയാണ് കണ്ടന്‍റ് മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നം രൂപപ്പെട്ടിരിക്കുന്നതെന്ന് തിയേറ്ററുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റൽ കണ്ടന്റ് കാണിക്കാൻ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്. എന്നാൽ നിർമാതാക്കളുടെ സംഘടനയിൽപെട്ട ചിലർ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററിൽ നല്‍കാന്‍ കഴിയുന്ന പ്രൊജക്ടറുകള്‍ തിയ്യറ്ററുകളില്‍ സ്ഥാപിക്കണമെന്ന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ഫിയോക്ക് ഭാരവാഹികളുടെ ആരോപണം. അത്തരം സിനിമ കണ്ടന്‍റുകള്‍ പ്രദർശിപ്പിക്കണമെങ്കിൽ വിലകൂടിയ പുതിയ പ്രൊജക്ടറുകൾ വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്നും പ്രോജക്ടർ ഏത് വയ്ക്കണം എന്നത് തീയേറ്റർ ഉടമയുടെ അവകാശമാണെന്നും ഫിയോക്ക് വ്യക്തമാക്കിയിരുന്നു.കൂടാതെ 42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒ ടി ടിയിൽ നൽകുകയുള്ളു എന്ന മുൻധാരണ നിർമാതാക്കൾ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ഫിയോക്ക് ഭാരവാഹികള്‍ പറയുന്നു.
തിയറ്ററിൽ റിലീസ് ചെയ്ത് 28ദിവസമാകുമ്പോഴേക്ക് ഭൂരിപക്ഷം ചിത്രങ്ങളും ഒടിടിയിലേക്ക് നൽകുകയാണ്. തിയേറ്ററിൽ മികച്ച കലക്ഷൻ നിലനിൽക്കെയാണ് ഈ പ്രവണതയെന്നും ഫിയോക് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ തിയ്യറ്ററുകളിൽ മലയാള സിനിമികൾ വെള്ളിയാഴ്ച മുതൽ റിലീസ് ചെയ്യേണ്ടെന്ന് ഫിയോക്ക് തീരുമാനിച്ചത്. എന്നാൽ ഇതിനകം റിലീസ് ചെയ്ത, സിനിമകളുടെ പ്രദർശനം തുടരുമെന്നും ഫിയോക്ക് അറിയിച്ചിട്ടുണ്ട്. ഈ മാസം 28ന് ഫിലിം ചേംബര്‍ വിളിച്ച യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരുന്നു.
by liji HP News | Feb 23, 2024 | Latest News, കേരളം
മലപ്പുറം: കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാര്‍ തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. കുസാറ്റിലെ അസി. പ്രൊഫസര്‍ നൗഫല്‍, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ഷഹര്‍ബാനു, 2 മക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍-ചമ്രവട്ടം റോഡില്‍ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം.പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പില്‍ അനീഷ് (35), വള്ളിക്കാട്ടു വളപ്പില്‍ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. നൗഫലും കുടുംബവും കാറില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുന്ന സമയത്തായിരുന്നു ആക്രമണം.
പൊന്നാനിയില്‍ വച്ച് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. 7 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ഗതാഗതക്കുരുക്കില്‍ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
by liji HP News | Feb 23, 2024 | Latest News, കേരളം
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക.
ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Recent Comments