by Midhun HP News | Feb 24, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. പനവല്ലി കാല്‍വരി എസ്റ്റേറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കരാനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഒഴിഞ്ഞുമാറിയതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല.
by Midhun HP News | Feb 24, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപ.
by liji HP News | Feb 24, 2024 | Latest News, കേരളം
മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം നഷ്ടപ്പെടുത്താതെ എഴുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
മെയിൻ ഷീറ്റിന് എട്ട് പുറങ്ങളുണ്ടാകും. ഇതിലാണ് വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തുക. നേരത്തെ ആൻസർ ബുക്ക്ലെറ്റിൽ (മെയിൻ ഷീറ്റ്) ഒരു പേജ് മാത്രമാണ് അഡീഷണൽ ഉത്തരക്കടലാസായി ഉണ്ടായിരുന്നത്. ഇനിമുതൽ മെയിൻ ഷീറ്റിലെ ബുക്ക്ലെറ്റിൽ ആറ് പുറങ്ങൾ ഉത്തരമെഴുതാൻ ഉണ്ടാകുന്നതാണ്.
കൂടുതലായി ആവശ്യപ്പെടുന്ന ഉത്തരക്കടലാസുകൾക്ക് രണ്ട് പുറമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇനിമുതൽ വരയിട്ട ഡബിൾ ഷീറ്റായിരിക്കും ഇത്. അതേസമയം കണക്ക് ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് വരയിട്ട പേപ്പറുകൾ നൽകുന്നത് അനുചിതമാകുമെന്നതിനാൽ അത്തരം വിഷയങ്ങൾക്ക് മാത്രം പഴയ മോഡൽ ഉത്തരക്കടലാസ് നൽകാനാണ് സാധ്യത.
by liji HP News | Feb 24, 2024 | Latest News, കേരളം
തൃശൂർ: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. കുതിരാനിലാണ് വൻ ലഹരിവേട്ട. മൂന്നേമുക്കാൽ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്.
തൃശൂർ പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ദേശീയ പാതയിൽ ആഡംബര കാർ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പനയ്ക്കായാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്. പീച്ചി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
by liji HP News | Feb 24, 2024 | Latest News, കേരളം
തിരുവന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്.
ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
by liji HP News | Feb 23, 2024 | Latest News, കേരളം
പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എംഡിഎംഎ ഉണ്ടെന്നറിയിച്ച് പൊലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലത്ത് ഒരാള്‍ക്ക് 40 ലക്ഷത്തില്‍ പരം രൂപ നഷ്ടമായി. മുംബൈ പൊലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പൊലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്. പാഴ്സലിനുള്ളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ 40,30,000 രൂപ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്.
പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍ കോളിലാണ് തട്ടിപ്പിന്‍റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്ലന്‍റിലേയ്ക്ക് ഒരു പാഴ്സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്. പാഴ്സല്‍ അയയ്ക്കുന്നതിന് പരാതിക്കാരന്‍റെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.
താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന്‍ കൊല്ലത്ത് പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ കമ്പനി പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടര്‍ന്ന് സൈബര്‍ ക്രൈം സെൽ ഉദ്യോഗസ്ഥന്‍ എന്ന് ഭാവിച്ച് ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.
പരാതിക്കാരന്‍റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാള്‍ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. സ്കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസർ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി.
അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാന്‍ ഫിനാന്‍സ് വകുപ്പിന്‍റെ സോഫ്റ്റ് വെയറില്‍ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും അയാൾ പറഞ്ഞു. തുടര്‍ന്ന് അവര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരന്‍ 40,30,000 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Recent Comments