by liji HP News | Feb 23, 2024 | Latest News, കേരളം
തിരുവനന്തപുരം: 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തകർപ്പൻ മുന്നേറ്റം. ആകെയുള്ള 23 വാർഡുകളിലെ ഫലമറിവായ സീറ്റുകളിൽ 10 എണ്ണം ഇതിനോടകം എൽഡിഎഫ് നേടിയെടുത്തു. നേരത്തെ അഞ്ചു വാർഡുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത് അതാണ് ഇപ്പോൾ 10 സീറ്റുകളായി ഇതിനോടകം തന്നെ
ഉയർന്നത് .
14 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇതുവരെ 10 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മാത്രമല്ല യുഡിഎഫിന് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. നെടുമ്പാശ്ശേരി കല്പക നഗർ വാർഡിൽ സിപിഐഎമ്മിലെ അർച്ചന 98 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയം. നേടിയത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎം സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. ഫലത്തിൽ തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മട്ടന്നൂർ നഗരസഭയിൽ കോൺഗ്രസിന്റെ ഒരു വാർഡ് പിടിച്ചെടുത്തതാണ് ബിജെപിക്ക് ഉണ്ടായ നേട്ടം. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡ് ബിജെപിയിൽ നിന്ന് സിപിഐഎം പിടിച്ചെടുത്തു. തൃശൂർ മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിൽ മുതുകാട് വാർഡിൽ എൽഡിഎഫിന് വിജയം. അതേസമയം ചിറ്റൂർ എരുത്തേൻപതി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാർഡ് കോൺഗ്രസിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാർത്ഥിയാണ്
വിജയിച്ചത്.
ആകെ അഞ്ചു സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്.
ഫല പ്രഖ്യാപനം പൂർണമാകുമ്പോൾ എൽഡിഎഫ് 10 വാർഡുകളിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസിന് 14 സീറ്റുണ്ടായിരുന്നത് 10 ആയി കുറയുകയും ചെയ്തു. സീറ്റുണ്ടായിരുന്ന ബിജെപി സീറ്റുകൾ നിലനിർത്തിയെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് അടക്കം മൂന്നു വാർഡുകൾ സിപിഎം പിടിച്ചെടുത്തത് അവർക്ക് വലിയ തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ഈ മുന്നേറ്റം പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ദിശാ സൂചികയായി മാറുമെന്നാണ് വിലയിരുത്തൽ.
by liji HP News | Feb 23, 2024 | Latest News, കേരളം
കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്.
രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം വ്യക്തമാക്കി. ആല്‍ബം ലഭിക്കാത്തത് മൂലം പരാതിക്കാര്‍ക്ക് അപരിഹാര്യമായ നഷ്ടമുണ്ടായെന്ന് കമ്മീഷന്‍ വിലയിരുത്തി. അകാലത്തില്‍ വേര്‍പിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യംകൂടി ഉള്‍കൊണ്ട ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണ്- കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.
പരാതിക്കാര്‍ നല്‍കിയ 40000 രൂപ എതിര്‍കക്ഷി തിരിച്ചുനല്‍കണമെന്നും മാനസിക ക്ലേശത്തിനും കോടതിച്ചെലവിനുമായി 1,20,000 രൂപയും നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
by liji HP News | Feb 23, 2024 | Latest News, കേരളം
കൊച്ചി: മട്ടാഞ്ചേരിയില്‍ വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വ്യാജ കഥ ചമച്ച് 12കാരന്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞത്. കുട്ടിയുടെ ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപമുള്ള കടയുടെ പിറകില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.
by liji HP News | Feb 23, 2024 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ ശനിയാഴ്ച. പകല്‍ രണ്ടിനാണ് മകം ദര്‍ശനത്തിനായി നട തുറക്കുന്നത്.
രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം നടക്കും.
by liji HP News | Feb 23, 2024 | Latest News, കേരളം
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്.
ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.
by liji HP News | Feb 23, 2024 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് ക്രൂര കൊലപാതകം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.
വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ആക്രമണം.
കൊയിലാണ്ടി നഗരസഭയിലേക്ക് സത്യനാഥന്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛന്‍: അപ്പു നായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന. മരുമക്കൾ അമ്പിളി, സുനു.
Recent Comments