കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്.

ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.

കോഴിക്കോട്, സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്, സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് ക്രൂര കൊലപാതകം.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ആക്രമണം.

കൊയിലാണ്ടി നഗരസഭയിലേക്ക് സത്യനാഥന്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛന്‍: അപ്പു നായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന. മരുമക്കൾ അമ്പിളി, സുനു.

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.

കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി, മനോജ്-മീര ദമ്പതികളുടെ മകൻ എഎം പ്രജിത്ത് കഴിഞ്ഞ 15 നാണ് കാട്ടൂർ വീട്ടിൽ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടിയിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.

സ്‌കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും സ്‌കൂളിലെ തന്നെ പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികള്‍ പറയുന്നത്. സ്‌കൂളിലെ ജനലിനോട് ചേര്‍ത്തുനിര്‍ത്തിയശേഷം കായികാധ്യാപകന്‍ ചൂരലുകൊണ്ട് മര്‍ദ്ദിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തി ജീവനൊടുക്കിയത്. സഹപാഠി തലകറങ്ങി വീണപ്പോള്‍ വെള്ളം നല്‍കാന്‍ പോയ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്.

കടുത്ത മനോവിഷമത്തിലായിരുന്നു സ്‌കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രണവ് സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ഇളയ സഹോദരന്‍ സ്‌കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

താപനില ഉയരുന്ന സാഹചര്യത്തിൽ, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.

ഫലം കമ്മീഷന്റെ www.sec.kerala.gov.in sskänse TREND ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം

കൊച്ചി: ശിവരാത്രിക്ക് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യമൊരുക്കി റെയില്‍വേ. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും.

അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.