by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.’

by Midhun HP News | Jun 7, 2026 | Latest News, കേരളം
കൊച്ചി: സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മലയാള സിനിമാ- സാംസ്‌കാരിക ലോകം. അന്തരിച്ച സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
രാവിലെ എട്ടു മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും സലിംകുമാരിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നാണ് പറവൂര്‍ ടൗണ്‍ഹാളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെയ്ക്കുക. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലെന്നതായിരുന്നു സലിംകുമാറിന്റെ നിലപാട്. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും സലിംകുമാര്‍ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.
കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് അപകടം. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്രവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ എതിര്‍ ഭാഗത്തേക്കും മകന്‍ ലോറിക്ക് അടിയിലേക്കുമാണ് വീണത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്.
by Midhun HP News | Jun 6, 2026 | Latest News, കേരളം
മുതലപ്പൊഴി റിമോട്ട് ബോയ പരീക്ഷണ ദൗത്യം പരാജയപ്പെട്ടു. മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനായ് എത്തിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റിമോട്ട് ബോയയുടെ പരീക്ഷണ ദൗത്യമാണ് പരജയപ്പെട്ടത്.
റിമോട്ട് ബോയയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ നടത്തിയിരുന്നു. രാവിലെ മുതലപ്പൊഴി വടക്കേ പുലിമുട്ടിൽ നിന്നും അഴിമുഖചാലിലേക്ക് നിക്ഷേപിച്ച ബോയ തെക്കേപുളിമുട്ടിന് സമീപം രക്ഷാ പ്രവർത്തനത്തിനെത്തി അവിടെ കടലിൽ ഉണ്ടായിരുന്ന മത്സ്യതൊഴിലാളിയെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു ദൗത്യം.
എന്നാൽ, കായലിൽ നിന്ന് കടലിലേക്കുള്ള ഒഴുക്ക് പ്രതിരോധിച്ച് ആളിനെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുവാൻ കഴിയാതെ വരുകയും, ബോയ കടലിലേക്ക് ഇട്ട് മിനിട്ട്കൾക്കുള്ളിൽ തന്നെ ബാറ്ററി ചാർജ് 50% ത്തോളമായി കുറഞ്ഞതും, അപകടത്തിൽപ്പെട്ട ആളിനെവലിച്ചു കരയ്ക്കെത്തിക്കാനുള്ള ശേഷി ഇതിനില്ലെന്ന വിലയിരുത്തലിന് കാരണമായി. ഇതോടെ പരീക്ഷണ ദൗത്യം പരാജയപ്പെടുകയുമായിരുന്നു.
പികെഎം. കോ കൺസ്ട്രഷൻ കമ്പനി ഉടമ പി എം മുനീറാണ് സ്വന്തം ചെലവിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന് ഈ ഉപകരണം വാങ്ങി നൽകുന്നതിനുള്ള ശ്രമം നടത്തിയത്. എന്നാൽ ആദ്യ പരീക്ഷണം തന്നെ പരാജയപ്പെട്ടതോടെ ഇനി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുവാനുള്ള ശ്രമത്തിലാണ് ഹാർബർ വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും.

by Midhun HP News | Jun 6, 2026 | Latest News, കേരളം
പെരുംകുളം എ എം എൽ പി എസിലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളായ സന്ധ്യ, റീന എന്നിവരെ ആദരിച്ചു. മൂന്നും നാലും ക്ലാസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി.
വീടുകളിലുള്ള ഹരിതകർമസേനാ കാർഡിൻ്റെ വിവര ശേഖരണം, ചങ്ങാത്തത്തിൻ്റെ പച്ചപ്പ് എന്ന പേരിൽ വീട്ടിൽ കൂട്ടുകാരൻ്റെ പേരിൽ ഒരു മരം നട്ടുപരിപാലിക്കുക, ആൽബം നിർമ്മാണം, ജലവിഭവ മാനേജ്മെൻ്റ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തിൻ്റെഭാഗമായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ സബീർ, ഷിജി, റീന, സനീറ, കാവേരി എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയാണ് കുറഞ്ഞത്. 1,12,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്. 14,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് സ്വര്‍ണത്തിന് വിനയായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Recent Comments