by Midhun HP News | Nov 7, 2023 | Latest News, കേരളം
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.
ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല.
ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Nov 7, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നാളെ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടർന്നേക്കും. നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 6, 2023 | Latest News, കേരളം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളവർമ്മ കോളേജിലെ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.
by Midhun HP News | Nov 6, 2023 | Latest News, കേരളം
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. അഭിഭാഷകൻ വേണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും പ്രതി കോടതിയിൽ പറഞ്ഞു.
സ്ഫോടന വസ്തുക്കൾ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്. എവിടെ നിന്നാണ് ഇവയൊക്കെ വാങ്ങിയതെന്ന് അന്വേഷിക്കണം, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതിയെ കോടതിയിലെത്തിച്ചത്. നിലവിൽ മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
by Midhun HP News | Nov 6, 2023 | Latest News, കേരളം
മലപ്പുറം: തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കോഴിത്തല കണ്ടെത്തി. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്.
മുത്തൂരിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചിരുന്നു. പിന്നീട് മൂന്നാമത്തെ കവര്‍ തുറന്നപ്പോഴാണ് കോഴിത്തല കണ്ടത്. ഉടന്‍ തന്നെ തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.
by Midhun HP News | Nov 6, 2023 | Latest News, കേരളം
ഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി പഞ്ചാബ്, തമിഴ്‌നാട്, കേരളം അടക്കമുള്ള സര്‍ക്കാരുകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്.
ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ മാത്രം തീരുമാനമെടുക്കുന്ന രീതി മാറ്റണം. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓര്‍ക്കണം. ഭരണഘടനാപരമായ ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍, ഗവര്‍ണര്‍ ബില്ലുകളില്‍ ചില തീരുമാനങ്ങള്‍ എടുത്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്താണ് തീരുമാനമെന്ന് ഇപ്പോള്‍ വിശദീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ ഗവര്‍ണറുമായി ഒന്നു കൂടി സംസാരിച്ചശേഷം കോടതിയെ വിവരം അറിയിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായ അവകാശമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ വിഷയങ്ങള്‍ കോടതി പരിശോധിക്കും. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ അഭികാമ്യമല്ല. ഭരണഘടനാപരമായിട്ടാണ് കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
Recent Comments