by Midhun HP News | Jun 4, 2026 | Latest News, കേരളം
വാഹന പ്രേമികളായ യുവാക്കള്‍ക്കും പ്രത്യേകിച്ച് ജെന്‍ സി (Gen Z) തലമുറയ്ക്കും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD). കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട്, സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മാറ്റങ്ങള്‍ (Modifications) വാഹനങ്ങളില്‍ വരുത്താന്‍ അനുമതി നല്‍കാനാണ് എം.വി.ഡി ആലോചിക്കുന്നത്.
വാഹനങ്ങളുടെ സുരക്ഷയെയും ഘടനയെയും ബാധിക്കാത്ത രീതിയിലുള്ള ചെറിയ മാറ്റങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക. നിലവില്‍ ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയാല്‍ പോലും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുവാക്കളുടെ താല്പര്യങ്ങള്‍ കൂടി പരിഗണിച്ച് നിയമങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നത്.
ബോഡി സ്റ്റിക്കറുകളും ഗ്രാഫിക്സുകളും: വാഹനത്തിന്റെ ലുക്ക് മാറ്റുന്ന തരത്തിലുള്ള ആകര്‍ഷകമായ സ്റ്റിക്കറിങ്.
അധിക ലൈറ്റുകള്‍: സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍.
അലോയ് വീലുകള്‍: കമ്പനി നിര്‍ദ്ദേശിക്കുന്ന അളവിലുള്ള മാറ്റമില്ലാത്ത അലോയ് വീലുകള്‍.
ബോഡി കിറ്റുകള്‍: വലിപ്പത്തിലോ ഘടനയിലോ വലിയ മാറ്റം വരുത്താത്ത ചെറിയ ബോഡി കിറ്റുകള്‍.
വാഹനത്തിന്റെ എഞ്ചിന്‍ ക്ഷമത മാറ്റുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കോ, റോഡിലെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ക്കോ, അതിശക്തമായ എല്‍.ഇ.ഡി/എച്ച്.ഐ.ഡി ലൈറ്റുകള്‍ക്കോ യാതൊരുവിധ അനുമതിയും ഉണ്ടായിരിക്കില്ല.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും ഏതൊക്കെ മാറ്റങ്ങളാണ് കൃത്യമായി അനുവദിക്കുക എന്നതിന്റെ സമ്പൂര്‍ണ്ണ പട്ടികയും ഉടന്‍ തന്നെ എം.വി.ഡി പുറത്തുവിടുമെന്നാണ് സൂചന. ഇതോടെ വലിയ പിഴപ്പേടിയില്ലാതെ തന്നെ വാഹനങ്ങള്‍ ചെറുതായി അണിയിച്ചൊരുക്കാന്‍ ഉടമകള്‍ക്ക് സാധിക്കും.

by Midhun HP News | Jun 4, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 1,14,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 14,310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 4, 2026 | Latest News, കേരളം
വർക്കല: ധർമ്മപുരി ബൈനായ്ക്കർപ്പെട്ടി സ്വദേശി 21 വയസ്സുള്ള ശക്തി വേലിനെയാണ് ആയിരൂർ പോലീസിൻ്റെ പിടിയിലായത്. 2025 ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയും ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അയിരൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി പെൺകുട്ടിയുമായി കേരളത്തിൽ എത്തുകയും പോലീസിന്റെ പിടിയിൽപെടാതിരിക്കാൻ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
തുടർന്ന് പ്രതിയെ കണ്ടെത്താൻ അയിരൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അയിരൂർ എസ് എച്ച് ഒ മോഹൻദാസിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ രജിത്തിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു ശ്രീദേവി, നൂർ അമീൻ, വിഷ്ണു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ തിരുവണ്ണാമലയ്ക്ക് സമീപമുള്ള കോറിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായി അയിരൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റീമാൻഡ് ചെയ്തു.

by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: മുൻ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുൻ ആരോപണത്തെത്തുടർന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലിൽ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.
കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപയാണെന്നാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും (മറ്റൊരു കണക്കിൽ ഏകദേശം 80 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് നിലവിൽ വിനിയോഗിക്കുന്നത്. ഈ നിലവിലെ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും നിലനിൽക്കുന്നതല്ലെന്ന് ധനകാര്യ റിപ്പോർട്ട് ഗൌരവമായി വിലയിരുത്തുന്നു.
സംസ്ഥാനം നേരിടുന്ന ട്രഷറി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാരിന് പൂർണ്ണമായും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ രീതിയിൽ ശമ്പളത്തിനും പലിശയ്ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ മുൻ സർക്കാർ രൂപീകരിച്ച കിഫ്ബിഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ നിലവിലുള്ള 21,000 കോടി രൂപയുടെ വലിയ വായ്പാബാധ്യതയും അതിന്റെ തിരിച്ചടവും പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും വരിക. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള പ്രാദേശിക അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20 ശതമാനത്തോളം ഫണ്ട് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.

by Midhun HP News | Jun 4, 2026 | Latest News, കേരളം
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമവും സംസ്ഥാനത്ത് നടപ്പാക്കിയേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സിന് മൂന്ന് മാസത്തേയ്ക്ക് അയോഗ്യത കല്‍പ്പിക്കാനാകും. എന്നാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല. പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്‌പെന്‍ഷന്‍. ചട്ടലംഘനം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്.
ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സിനെയാണ് ഇത് ബാധിക്കുക.
സിസിടിവി ക്യാമറകള്‍ വഴി ഹെല്‍മെറ്റില്ലാത്ത യാത്ര കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ ശക്തമാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതു കൂടാതെ മറ്റ് ചട്ടലംഘനങ്ങള്‍ക്കു നേരെയും കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതിക തകരാറുള്ള വാഹനം നിരത്തിലിറക്കുക എന്നിവയ്ക്ക് ആറു മാസത്തെ സസ്‌പെന്‍ഷനും മൂന്ന് ദിവസത്തെ ക്ലാസുമുണ്ടാകും. ആംബുലന്‍സ്, അഗ്നിശമന സേന എന്നിവയുടെ യാത്ര തടസപ്പെടുത്തിയാലും ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം. അതിവേഗം, അമിതഭാരം എന്നിവയ്ക്ക് മൂന്നുമാസത്തെ സസ്‌പെന്‍ഷന്‍ ഉണ്ടാകും. ലൈസന്‍സ് പുനഃസ്ഥാപിച്ചു കിട്ടാന്‍ പിഴയൊടുക്കുന്നതിനു പുറമെ പ്രത്യേക ക്ലാസിലും പങ്കെടുക്കണം.

by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം പരിഗണിച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐക്ക് വിട്ടുകൊണ്ട് ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ ഇനി സിബിഐയാണ് നിലപാട് സ്വീകരിക്കേണ്ടത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയാണ് ഏക പ്രതി.
നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തത്.അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സിപിഎം എതിര്‍ക്കുകയാണ്. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വിലയിരുത്തിയതാണെന്നും, കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ആരോപിക്കുന്നു. വിഡി സതീശന്‍ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെയാണ് അമിതമായി വിശ്വസിക്കുന്നതെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
നവീന്‍ബാബുവിന്റെ യാത്രയയപ്പു വേളയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് സംഭവത്തിന് തുടക്കം. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ദിവ്യ ആരോപിച്ചത്. ആരോപണത്തില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തന്റെ, പാര്‍ട്ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ നിലവില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Recent Comments