കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞുവീണു

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം.

1860ല്‍ നിര്‍മ്മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയും കാലപ്പഴക്കുവുമാണ് മതില്‍ ഇടിയാന്‍ കാരണമായതെന്ന് ജയില്‍ സൂപ്രണ്ട് പി വിജയന്‍ പറഞ്ഞു. വിവരം ഡിജിപി, കലക്ടര്‍ ഉള്‍പ്പടെ എല്ലാവരെയും അറിയിച്ചതായി ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

ജയിലിലെ ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞത്. മതിലിന് ഏകദേശം 160 വര്‍ഷത്തിലേറേ പഴക്കമുണ്ട്. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. ലീവിലുള്ള ഉദ്യോദസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് വിളിച്ചിട്ടുണ്ട്. മതിലിന്റെ മറ്റ് ഭാഗങ്ങളും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആ ഭാഗങ്ങളിലേക്ക് പോകന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്. എംഎല്‍എ കെവി സുമേഷും പിഡബ്ലുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെല്ലോ അലര്‍ട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയര്‍ത്തി. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളം ഒഴുക്കുന്നു. പാംബ്ല ഡാമും ഉടന്‍ തുറക്കുമെന്നാണ് വിവരം. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വയനാട്ടിൽ വീണ്ടും പനി മരണം; എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു

വയനാട്ടിൽ വീണ്ടും പനി മരണം; എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു

വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. ജൂൺ 30 നാണ് ആയിഷയ്ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.

വയനാട് ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ.അസ്മ റഹീമിന്‍റെ നേതൃത്വത്തില്‍ രണ്ടു സംഘമായാണ് ജില്ലയിലെ രോഗബാധിത മേഖലകളില്‍ പരിശോധന നടത്തിയത്.

പനി ബാധിച്ച് മരിച്ച നാലുവയസുകാരി രുദ്രയുടെ കോളനി സന്ദര്‍ശിച്ച സംഘം പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് പ്രതികരിച്ചിരുന്നു. ബത്തേരി മാറോട് ചവനന്‍ കോളനി സന്ദര്‍ശിച്ച സംഘം കുടിവെള്ള സാംപിളുകളടക്കം ശേഖരിച്ചു. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കമ്പളക്കാട്, കണിയാമ്പറ്റ, ബേഗൂര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറും.

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണവിപണയില്‍ വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടര്‍ന്ന ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5425 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 43320 രൂപയും ഗ്രാമിന് 5425 രൂപയുമായിരുന്നു ഇന്നലത്തെ വില.

വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളം പോലീസ്. നിരത്തുകളിൽ വാഹനങ്ങൾ തെന്നി നീങ്ങി അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ വേഗം കുറച്ച് സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. മഴ സമയത്ത് അമിത വേഗത്തിൽ വന്ന കാർ തെന്നി നിയന്ത്ര വീട് മതിലിൽ ഇടിക്കുന്ന ദൃശ്യങ്ങൾ ഉദാഹരണമായി പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് വാഹനങ്ങൾ വേഗത കുറച്ചുപോകണം. സഡൻ ബ്രേക്ക് ഒഴിവാക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. ടയറുകളുടെയും ബ്രേക്കിന്റേയും പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കോടതിയിൽ ഹാജരാക്കിയത് 9 തിരുത്ത് വരുത്തിയ മാർക്ക് ലിസ്റ്റ്

കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ കോടതിയിൽ ഹാജരാക്കിയത് 9 തിരുത്ത് വരുത്തിയ മാർക്ക് ലിസ്റ്റ്

കൊല്ലം: കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമിഖാൻ കോടതിയിൽ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ്. ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമിഖാൻ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ൽ വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാർക്ക് കുറവായതിനാൽ പ്രവേശനം നടന്നില്ല. സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയിൽ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയിൽ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്‍റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്‍റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തിൽ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാൻ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു.

32കാരന് 17കാരി വധു; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്, നാല് പേരും മുങ്ങി

32കാരന് 17കാരി വധു; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്, നാല് പേരും മുങ്ങി

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ തൂത ഭഗവതിക്ഷേത്രത്തിൽ നടന്ന ബാലവിവാഹത്തിൽ വരനുൾപ്പെടെ മൂന്നുപേർക്കെതിരേ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 32കാരൻ വിവാഹം കഴിച്ച സംഭവത്തിലാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് കേസെടുത്തത്. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയും അന്വേഷണം നടത്തും.

മുപ്പത്തിരണ്ടുകാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ കുടുംബത്തിൻറെ സാമ്പത്തിക പരാധീനത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. വധുവിൻറെ പ്രായത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. തുടരന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.