by liji HP News | Jul 5, 2023 | Latest News, കേരളം
തൃശ്ശൂര്‍: തൃശ്ശൂരില്‍ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട നേരിയ ഭൂചലനത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ആവശ്യപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം രണ്ട് സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനം അനുഭവപ്പെട്ട കാര്യം റവന്യൂമന്ത്രി അടക്കം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിക്ക് ഭൂചലനം രേഖപ്പെടുത്താന്‍ കഴിയാതെ വന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂര്‍, ഒല്ലൂര്‍, ലാല്ലൂര്‍, കണ്ണന്‍കുളങ്ങര, കൂര്‍ക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് രാത്രിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.
by liji HP News | Jul 5, 2023 | Latest News, കേരളം
മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. മൂന്നു പേരെ രക്ഷപ്പെടുത്തി.
കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവരാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.
by liji HP News | Jul 5, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും. മഴക്കെടുതി മൂലം ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായതിനെ തുടർന്നാണ് ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്. മൂന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർമാർ നിർദേശിച്ചു.
by liji HP News | Jul 5, 2023 | Latest News, കേരളം
കൊച്ചി: കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു.
പാംബ്ല ഡാമിൽ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാർകുട്ടി ഡാമിൽ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക. അതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രതാ പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. കെഎസ്ഇബി ഡാമുകളിൽ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്.
by liji HP News | Jul 4, 2023 | Latest News, കേരളം
രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ചുയരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തക്കാളി വില പിടിച്ചുനിർത്താൻ പെടാപാട് പെടുകയാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. തക്കാളി വില 100 ഉം കടന്ന് 160 ഉം കടന്ന് കുതിക്കുമ്പോൾ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനം.
സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
by liji HP News | Jul 4, 2023 | Latest News, കേരളം
കൊച്ചി: സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ തുടങ്ങി ചലച്ചിത മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്.
ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന്‍ 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.
Recent Comments