by liji HP News | Jul 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മഴയ്‌ക്കൊപ്പം പകര്‍ച്ചപ്പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെയും പകര്‍ച്ചപ്പനി ബാധിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ മരിച്ചു. എലിപ്പനി, എച്ച്1എന്‍1 എന്നിവയ്‌ക്കൊപ്പം ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ളവയും പകരുന്നുണ്ട്. എറണാകുളത്താണു ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം 13,93,429 പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം 4 മരണവും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 3571 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ആകെ 13 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു 30 മരണവും കഴിഞ്ഞ മാസം രേഖപ്പെടുത്തി. എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേരാണു മരിച്ചത്. പേവിഷബാധയെ തുടര്‍ന്ന് 7 മരണങ്ങളും രേഖപ്പെടുത്തി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് 4 പേരാണു മരിച്ചത്.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഒരു മരണവും ഹെപ്പറ്റൈറ്റിസ് സി ബാധിച്ച് ഒരാളും മരിച്ചു. ഒരു ദിവസം ശരാശരി 13,000ല്‍ അധികം ആളുകള്‍ പകര്‍ച്ചപ്പനി ബാധിതരാകുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മലപ്പുറം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പനിബാധിതര്‍ ഏറെയും.
by liji HP News | Jul 4, 2023 | Latest News, കേരളം
കൊച്ചി: വണ്ണം കുറക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ക്ലിനിക്കിനെതിരെ അന്വേഷണം. ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ചികിത്സ പിഴവ് ആരോപിച്ച് കൊച്ചി കലൂരിലെ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മെയ് 19നാണ് വർഷ കൊച്ചിയിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. പ്രസവ ശേഷം ശരീരത്തിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാനാണ് ഇവിടെയെത്തിയത്. ആദ്യം കീ ഹോൾ സർജറി നടത്തുകയും ഇത് പരാജയപ്പെട്ടതിന് പിന്നാലെ ജൂൺ 11ന് വയറിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് ആരോഗ്യം അപകടത്തിലായി. തുടർന്ന് ജൂൺ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്.
പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി വഴിയാണ് വർഷയും കുടുംബവും കൊച്ചിയിലെ ക്ലിനിക്കിലെത്തിയത്. അറുപതിനായിരം രൂപ ഇവർ ചികിത്സക്കായി മുടക്കി. പരാതി പരിശോധിക്കുകയാണെന്നും ഡോക്ടർക്കെതിരെ ലഭിക്കുന്ന ആദ്യത്തെ പരാതിയാണെന്നും കടവന്ത്ര പൊലീസ് പറഞ്ഞു.
by liji HP News | Jul 4, 2023 | Latest News, കേരളം
അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിന്റെ കരുമാടിയിലുള്ള വീട്ടില്‍ രാത്രിയിലെത്തിയ പ്രതി വീട്ടില്‍ വെച്ചിരുന്ന അനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഇരുമ്പ് കസേര വെച്ച ശേഷം അതിലും ബൈക്കിലും വയര്‍ ചുറ്റി വയറിന്റെ ഒരഗ്രം അനില്‍കുമാറിന്റെ വീടിന്റെ മുന്‍വശത്തുള്ള കെഎസ്ഇബിയുടെ വൈദ്യുത ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി കൊടുത്തു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കരുമാടി ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ലോട്ടറി വില്‍പ്പനക്കായി ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. തുടര്‍ന്ന് നാട്ടുകാര്‍ കെഎസ്ഇബിയിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തനിക്ക് ശത്രുക്കളാരും ഇല്ലാ എന്നായിരുന്നു അനില്‍ കുമാറിന്റെ മൊഴി, അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളും, സംഭവങ്ങളും ഈ അടുത്ത കാലത്തു നടന്നിട്ടില്ലായെന്നു അയല്‍വാസികളും മൊഴി നല്‍കി. തുടര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പിഎസ്‌സി കോച്ചിങ് സെന്ററിലെ സിസിടിവിയില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച് മുണ്ടും ഷര്‍ട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിനെ പിന്തുടര്‍ന്ന് 60ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനില്‍കുമാറും തമ്മില്‍ അടുപ്പം ഉണ്ടോ എന്ന് സംശയിച്ചാണ് കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി
by liji HP News | Jul 4, 2023 | Latest News, കേരളം
തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനാൽ ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. തിരുവനന്തപുരം – ന്യൂഡൽഹി, കേരള എക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക.
by liji HP News | Jul 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
by liji HP News | Jul 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ) ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.
ആറാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലത്ത് മാത്രം. ആറാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രവചനം. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Recent Comments