സംസ്ഥാനത്ത് മഴ വ്യാപകമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വ്യാപകമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമ‍ർദ്ദമായി മാറും. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽകടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ കളക്ടർ ഈ മാസം 12ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം. പോർട്ട് ഓഫീസറോടും വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കും താനൂർ മുൻസിപ്പാലിറ്റിക്കും കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്.

ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്ന് പറഞ്ഞ ഹൈക്കോടതി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത താനൂര് കാരെ അഭിനന്ദിച്ചു. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് ഹൈകോടതി നിർദേശം നൽകി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോ‍ർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

ചോറുണ്ടാക്കാതെ കറിയുണ്ടാക്കിയ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു

ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരൻ സനാതൻ ധരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാർക്ക് ഒരു മകളും മകനുമുണ്ട്.

സംഭവം നടക്കുന്ന ദിവസം മകൻ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. മകൾ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനാതൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് ഭർത്താവിനെ പിടികൂടുകയായിരുന്നു.

കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്

കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് ഇന്ന്

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് (ഇന്ന്) മെയ് 9. വർക്കല എസ് എൻ കോളേജിൽ മന്ത്രിമാർ നേരിട്ട് എത്തി പരാതികൾ സ്വീകരിക്കും.

ചെങ്കിക്കുന്നിൽ മര്‍ദനമേറ്റ് മരണം; 3 പേര്‍ പിടിയിൽ

ചെങ്കിക്കുന്നിൽ മര്‍ദനമേറ്റ് മരണം; 3 പേര്‍ പിടിയിൽ

ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍(45) ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദനമേറ്റ് മരിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. നഗരൂര്‍ രാമനല്ലൂര്‍ക്കോണം ചരുവിള വീട്ടില്‍ എസ്.സുജിത്ത് (31), കിളിമാനൂര്‍ കണ്ണയംകോട് പ്രസന്നമന്ദിരത്തില്‍ പി. വിഷ്ണു (30), കിളിമാനൂര്‍ കണ്ണയംകോട് ചരുവിള വീട്ടില്‍ ജി. അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചത് ചോദ്യം ചെയ്തതും കുറിയിടത്തുകോണം അപ്പൂപ്പന്‍കാവ് ക്ഷേത്രം കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കവും ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടിപിടിയെ തുടര്‍ന്നു ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണമെന്ന് പൊലീസ് പറഞ്ഞു.

ഞായര്‍ രാത്രി 8.30 മണിയോടെ കുറിയിടത്തുകോണം മേലെ മഠത്തിനു സമീപമാണ് സംഭവം. പുഷ്‌കരനും മകന്‍ ശിവയും ബൈക്കില്‍ ബന്ധു വീട്ടില്‍ പോയി രാത്രി തിരികെ എത്തി. ബന്ധുവായ വേണുവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മൂന്നംഗ സംഘം ഇവരുടെ മുന്നിലേക്ക് ഗ്ലാസ് എറിഞ്ഞു ഉടച്ചു. ഇതു ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത സംഘം കാരണം കൂടാതെ ആദ്യം വേണുവിനെ മര്‍ദിച്ചു. പിന്നീട് പുഷ്‌കരനെ വളഞ്ഞിട്ട് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ പുഷ്‌കരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം കിളിമാനൂര്‍ വാലഞ്ചേരിയിലെ കുടുംബ വീട്ടില്‍ നടന്നു. ഭാര്യ: സുനിത. മകന്‍: ശിവ. ആറ്റിങ്ങല്‍ എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദ്, നഗരൂര്‍ എസ്‌ഐ അമ്യത് സിങ് നായകവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അതേസമയം വാരാന്ത്യത്തിൽ അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെയും 10 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയിൽ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4705 രൂപയായി.