by Midhun HP News | Dec 27, 2025 | Latest News, കേരളം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്.
കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍. സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.
ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന് എതിരെ കേസില്ല. വീഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്ക് എതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കമാണ് നടക്കുന്നത്. നിയമ നടപടികളെ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍.സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
by Midhun HP News | Dec 26, 2025 | Latest News, കേരളം
കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലം കാത്തുവച്ച കാവ്യനീതിയാണ് തന്റെ മേയര്‍ സ്ഥാനമെന്ന് ദിയ പറഞ്ഞു.എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
കാലം കാത്തുവച്ച കാവ്യനീതിയാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിയയുടെ പ്രതികരണം. ഒത്തിരി സന്തോഷം തോന്നുന്നു. ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദിയ പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളിക്കക്കണ്ടം ബിജു, പുളിക്കക്കണ്ടം, ബിനു, പുളിക്കക്കണ്ടം ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രയായ മായ രാഹുലും വിജയിച്ചിരുന്നു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇതാദ്യമാണ് പാലാ നഗരസഭ കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാകുന്നത്. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.
ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാര്‍ഡില്‍ നിന്നാണ് മകള്‍ ദിയ ജയിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.
മുന്നണികള്‍ മാറിമാറി മത്സരിച്ച ചരിത്രമാണ് ബിനു പുളിക്കക്കണ്ടത്തിന്റേത്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു എതിരാളി. 2020ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തിലായിരുന്നു ബിനുവിന്റെ മത്സരം.
സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. എന്നാല്‍ ജോസ് കെ മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ ബിനു വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബിജു പുളിക്കക്കണ്ടം ദീര്‍ഘനാള്‍ കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.



by Midhun HP News | Dec 26, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, കലക്ടര്‍ മുമ്പാകെ വി കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍.
മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി ജഗദംബികയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 22 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പ്രിയ പ്രശാന്തിന് ആറു വോട്ടുകളും ലഭിച്ചു. ദീപ്തിമേരി മോള്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പിന് ശേഷം മിനിമോളെ അഭിനന്ദിച്ചു.
വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും, ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ചുമതലയേറ്റശേഷം മിനിമോള്‍ പറഞ്ഞു. ഇടതുമുന്നണി ഭരണം തകര്‍ത്താണ് യുഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടിയത്. മേയര്‍ പദവിയില്‍ ടേം അവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും.



by Midhun HP News | Dec 26, 2025 | Latest News, കേരളം
പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം. റീനാ സാമുവല്‍ ആദ്യ മൂന്നുവര്‍ഷം അടൂര്‍ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനല്‍കും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത്.
മേയര്‍ സ്ഥാനം ഒരുവര്‍ഷം കഴിഞ്ഞാല്‍ വിട്ടുനല്‍കണമെന്ന് പാര്‍ട്ടി അറിയിച്ചതോടെ റീന സാമുവേല്‍ രാജി ഭീഷണി മുഴക്കിയിരുന്നു. പദവി വീതം വെക്കാനുള്ള തീരുമാനമാണ് റീനയെ ചൊടിപ്പിച്ചത്. താന്‍ സീനിയറാണെന്നും മേയര്‍ സ്ഥാനം വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കിയിരുന്നു. അതേസമയം പത്തനംതിട്ട നഗരസഭയില്‍ ആദ്യത്തെ രണ്ടുവര്‍ഷം സിന്ധു അനില്‍ നഗരസഭ അധ്യക്ഷയാകും.മൂന്നാമത്തെ വര്‍ഷം ഗീത സുരേഷ് അധ്യക്ഷപദത്തില്‍ എത്തും. അവസാന രണ്ട് വര്‍ഷം അംബികാ വേണു അധ്യക്ഷയാകും.
തിരുവല്ല നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ എസ് ലേഖ ആദ്യ നാല് വര്‍ഷം നഗരസഭ അധ്യക്ഷയാകും. അവസാന ഒരു വര്‍ഷം മുസ്ലിംലീഗിന്റെ വിദ്യാ വിജയന്‍ അധ്യക്ഷസ്ഥാനത്തേക്ക് വരും. പന്തളം നഗരസഭയില്‍ സിപിഎമ്മിലെ എം ആര്‍ കൃഷ്ണകുമാരി നഗരസഭ അധ്യക്ഷയാകും. സിപിഐയുടെ കെ മണിക്കുട്ടന്‍ വൈസ് ചെയര്‍മാന്‍ ആകും.



by Midhun HP News | Dec 26, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഭീതി പടര്‍ത്തിയ നരഭോജി കടുവ പിടിയില്‍. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ എന്ന മാരനെ (60) കൊലപ്പെടുത്തിയ കടുവയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് വണ്ടിക്കടവ് മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് ഇന്ന് പുലര്‍ച്ചെ കെണിയില്‍ അകപ്പെട്ടത്.
കഴിഞ്ഞ 20 ന് ആണ് മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കൂടിന് സമീപത്തായി നിരീക്ഷണത്തിന് ലൈവ് കാമറകളും സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കടുവ കൂട്ടിലകപ്പെട്ട വിവരം വനം വകുപ്പ് അധികൃതകര്‍ അറിഞ്ഞത്.
മാരനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് വച്ചായിരുന്നു മാരനെ കടുവ ആക്രമിച്ചത്. പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കെണിയില്‍ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായാധിക്യവും പരിക്കുകളുമേറ്റ നിലയിലാണ് കടുവയുള്ളത്. ഇത് തന്നെയാണ് കടുവയെ ഇരതേടാന്‍ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.



by Midhun HP News | Dec 25, 2025 | Latest News, കേരളം
തിരുവനന്തപുരം: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.
ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.
രാജേഷിനെ തഴയുന്നതില്‍ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാളെയാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. 101 അംഗ നഗരസഭയില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.
Recent Comments