ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപമായിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് തീര്‍ഥാടകര്‍ അതിവേഗം പുറത്തുകടന്നത് കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ഇതിന് പിന്നാലെ കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേന എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. എന്നാൽ കാർ പൂർണമായി കത്തിനശിച്ചു. നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ തീര്‍ഥാടക സംഘം അവിടെ നിന്ന് ഒരു കാര്‍ വിളിച്ച് ശബരിമലയിലേക്ക് പോകുകയായിരുന്നു. ഈ കാറിനാണ് തീപിടിച്ചത്. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഇക്കാര്യം അഗ്നിരക്ഷാസേന അന്വേഷിച്ച് വരികയാണ്.

സ്വര്‍ണവില കുറഞ്ഞു; 95,500ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 95,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് ശക്തമായ മഴ.

ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ട: ഹൈക്കോടതി

ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ട: ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ വൃശ്ചികോത്സവത്തിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ബൗണ്‍സര്‍മാരെ നിയോഗിച്ചത്. ബൗണ്‍സര്‍മാര്‍ എന്നെഴുതിയ ടി-ഷര്‍ട്ട് ഇട്ടുകൊണ്ട് കുറച്ച് ആളുകള്‍ ഭക്തരെ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം നഷ്ടമായ കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്.

പ്രായവും ആരോഗ്യപ്രശ്നവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതി ഈ ആവശ്യം അം​ഗീകരിച്ചില്ല. വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർത്തിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.

2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്‍റെ അറിവോടു കൂടിയാണ് എന്നാണ് എസ്ഐടി കണ്ടെത്തിയത്. എന്നാൽ ആരോപണം വാസു നിഷേധിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറുമ്പോള്‍ എൻ വാസു സ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് വാസുവിന് കൃത്യമായി ധാരണയുണ്ടായിരുന്നെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടി അറിയിച്ചത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയത്. അതിനിടെ, ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് എസ്ഐടിക്ക് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്.

‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

‘എന്റെ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല’; രാഹുലിനെതിരായ നടപടിയില്‍ ഷാഫി പറമ്പില്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ നടക്കുകയാണ്. രാഹുലിനെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതില്‍ പാര്‍ട്ടി നേതൃത്വം കൂട്ടായി കൂടിയാലോചിച്ച് കെപിസിസി അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും തന്റെതു കൂടിയാണെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് യോജിച്ചെടുക്കുന്ന തീരുമാനങ്ങളാണത്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നതും പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതില്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തി ചിത്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.

വേറൊരു പാര്‍ട്ടിയും കൈകാര്യം ചെയ്യാത്ത തരത്തിലാണ് രാഹുല്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്. സമാനമായ കേസും കാര്യങ്ങളും ഉണ്ടായപ്പോള്‍ സിപിഎമ്മില്‍ എത്രപേര്‍ പുറത്തുപോയി, എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നതെല്ലാം മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റു പാര്‍ട്ടി ചെയ്യുന്നതു പോലെയല്ല കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. രണ്ടാമതൊരു പരാതി വന്നപ്പോഴും സിപിഎം ചെയ്തതുപോലെ, കമ്മീഷനെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. മറിച്ച് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ ധാരണകളും അടുപ്പവും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ നേരിട്ട നടപടികള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. അയ്യന്റെ സ്വര്‍ണം കവരാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൂട്ടുനിന്നിട്ട്, പ്രതിയായ ആള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പോഴും തുടരുകയാണ്. അയാള്‍ എന്തെങ്കിലും പറയുമോ എന്നു പേടിച്ചിട്ടാണ് ജാഗ്രതയോടെ സിപിഎം നടപടിയെടുക്കാത്തതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.