രാഹുലിനെ പുറത്താക്കും?; കെപിസിസിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം ഉടന്‍

രാഹുലിനെ പുറത്താക്കും?; കെപിസിസിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം ഉടന്‍

കോട്ടയം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കര്‍ശനനടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍. പാര്‍ട്ടിയുടെ അന്തസ്സ് കാത്തൂസൂക്ഷിക്കാനും ജനങ്ങളുടെ മനസില്‍ കോണ്‍ഗ്രസിനുള്ള അംഗീകാരം വീണ്ടെടുക്കാനുമായി ആരോപിതനായ രാഹുലിനെ പുറത്താക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടി വേണമെന്നാണ് തിരുവഞ്ചൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും നിലപാട് എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും തിരവഞ്ചൂര്‍ പറഞ്ഞു.

രാഹുലിന്റെ കാര്യത്തിലെ നടപടിയില്‍ ഇന്നുതന്നെ കെപിസിസി തീരുമാനമുണ്ടാകും. രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും. എംഎല്‍എ സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം രാഹുലിന് എടുക്കാമെന്നും നേതാക്കള്‍ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനിലാണ്. തെറ്റു തിരുത്താനുള്ള മാര്‍ഗമായാണ് സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടു തന്നെ ശ്കതമായ നടപടിയുണ്ടാകും. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. കെ മുരളീധരന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്പെന്‍ഷനിലായതിനാല്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ സ്ഥാനത്തു തുടരണോ എന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊക്കിള്‍ കൊടി ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു. അതിനാല്‍ ഇനി അതില്‍ ഒരു ഉത്തരവാദിത്തവുമില്ല. സാഹചര്യങ്ങള്‍ പരിശോധിച്ച് എംഎല്‍എ സ്ഥാനത്തു തുടരണോ വേണ്ടയോ എന്ന് സ്പീക്കര്‍ തീരുമാനിക്കട്ടെ. എംഎല്‍എ സ്ഥാനം പാര്‍ട്ടി നല്‍കിയ പദവിയാണെങ്കിലും, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാത്തയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്, അല്ലാതെ മതില്‍ ചാടാനല്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി ഓരോ സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി, ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന വ്യക്തി, ഇവര്‍ക്കൊന്നും ഇമ്മാതിരി പ്രവര്‍ത്തിക്കാനാകില്ല. കാരണം ഒരുപാട് ഔദ്യോഗിക ജോലികളും പാര്‍ട്ടി ജോലികളും അവര്‍ക്കുണ്ട്. ഇപ്പോള്‍ പറയപ്പെടുന്ന കാര്യങ്ങളൊക്കെ ചെയ്തുവെങ്കില്‍ പൊതു രംഗത്ത് എന്നല്ല ഒരു രംഗത്തും തുടരാന്‍ അര്‍ഹനല്ല. രാഹുലിനെ തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിയോയെന്ന ചോദ്യത്തിന്, ആരുടെയും മനസ്സ് കാമറ വെച്ച് പരിശോധിക്കാനാകില്ലല്ലോ എന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. കോടതിയില്‍നിന്ന് നടപടികളുണ്ടായാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.

കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പുത്തന്‍പറമ്പില്‍ രാഹുലിനെ (38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു രാഹുല്‍. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും

സഞ്ചാര്‍ സാഥി ആപ്പ് ഐഫോണുകളിൽ വരില്ല?, കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിക്കും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാം

പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.

‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്സ് നീക്കം ചെയ്യാം.’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ -അദ്ദേഹം പറഞ്ഞു.

വായില്‍ തുണി തിരുകി 95 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 64 കാരന്‍ അറസ്റ്റില്‍

വായില്‍ തുണി തിരുകി 95 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 64 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി- ssc),കേന്ദ്ര സായുധ പൊലീസ് (സിഎപിഎഫ്-CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്-SSF), അസം റൈഫിൾസിലെ റൈഫിൾമാൻ തസ്തികകളിലായി 25,487 ജനറൽ ഡ്യൂട്ടി (ജിഡി) കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ, സേനകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിൽ വിളിച്ചിട്ടുള്ള 25,487 ഒഴിവുകളിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ആകെ 23,467 ഒഴിവുകളും സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് 2,020 ഒഴിവുകളും ഉണ്ട്. ഇതിൽ എസ്‌സി വിഭാഗത്തിന് 3,702 എസ്ടി വിഭാഗത്തിൽ 2,313 ഒബിസി വിഭാഗത്തിൽ 5,765 ഇഡബ്ല്യുഎസിന് 2,605, പൊതുവിഭാഗത്തിൽ11,102 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിൾസ്, എസ്എസ്എഫ് തുടങ്ങിയ പ്രധാന അർദ്ധസൈനിക സേനകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കും.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

ശമ്പളം : ലെവൽ-3 ശമ്പള സ്കെയിലിൽ വരുന്ന ഈ തസ്തികകൾ 21,700 – 69,100 രൂപ .

പ്രായ പരിധി : 18 നും 23 നും ഇടയിൽ

എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭ്യമാണ്, ഒബിസി അപേക്ഷകർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷം വരെ ഇളവ് ലഭിക്കും.

എൻ‌സി‌സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അവരുടെ സർട്ടിഫിക്കിനെ അടിസ്ഥാനമാക്കിയുള്ള ബോണസ് മാർക്ക് ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെ (സിബിഇ) അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയമനം. ഈ പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള തീയതികളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ പരീക്ഷയ്ക്ക് ശേഷം ശാരീരികക്ഷമതാ പരീക്ഷയും ഉദ്യോഗാർത്ഥികൾ വിജയിക്കേണ്ടതുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE) ഇംഗ്ലീഷ്, ഹിന്ദി എന്നിവയക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള 13 ഭാഷകളിലും നടത്തും.

അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ssc.gov.in വഴി അപേക്ഷ സമർപ്പിക്കാം

അപേക്ഷകർ ഓർമ്മിച്ചിരിക്കേണ്ട പ്രധാന തീയതികൾ, കാര്യങ്ങൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും:ഡിസംബർ 31 രാത്രി 11 മണി വരെ (31-12-2025).

അപേക്ഷാ ഫീസ് അടയ്ക്കേണ്ടുന്ന അവസാന തീയതി : 2026 ജനുവരി ഒന്ന് വരെ അപേക്ഷാ ഫീസ് അടയ്ക്കാം,

അപേക്ഷാ ഫീസ് നൂറ് രൂപയാണ്.വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുത്തലുകൾ വരുത്താനുള്ള സമയം: 2026 ജനുവരി എട്ട് മുതൽ ജനുവരി 10 വരെ അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ എസ് എസ് സി (SSC) അനുവദിക്കും, ബാധകമായ തിരുത്തൽ നിരക്കുകൾ അടയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

അച്യുത മേനോന്‍ കോളജ് മാത്തമാറ്റിക്‌സ് അസോസിയേഷന്‍ ടിഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

അച്യുത മേനോന്‍ കോളജ് മാത്തമാറ്റിക്‌സ് അസോസിയേഷന്‍ ടിഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ശ്രീ സി അച്യുത മേനോന്‍ ഗവണ്മെന്റ് കോളജ് മാത്തമാറ്റിക്‌സ് & ഡാറ്റാ സയന്‍സ് വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനവും പ്രായോഗിക ഗണിതത്തിലൂന്നിയുള്ള ഏകദിന സെമിനാറും പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ലോകോത്തര ഗണിത സാഹിത്യ രചനകളെപ്പറ്റിയും കേരളീയ ഗണിത സരണിയെ പറ്റിയും അദ്ദേഹം സംസാരിച്ചു.

തുടര്‍ന്ന് റിയലിസ്റ്റിക് മാത്തമാറ്റിക്‌സിലെ വിവിധ വിഷയങ്ങള്‍ പോള്‍സണ്‍ റാഫേല്‍ പരിചയപ്പെടുത്തി.

വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കെപ്പാട്ട്, ഡോ.സോണി ടി. എല്‍., ഡോ. സ്മിത ആര്‍, ഡോ. മനു മാധവ്, അഭിരാമി, കോളജ് യൂണിയന്‍ സെക്രട്ടറി അഭിജിത്, അസോസിയേഷന്‍ സെക്രട്ടറി വര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.