by Midhun HP News | Aug 19, 2025 | Latest News, കേരളം
കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.


by Midhun HP News | Aug 19, 2025 | Latest News, കേരളം
മലപ്പുറം: വണ്ടൂരില്‍ കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കളപ്പാട്ടുക്കുന്ന് തോങ്ങോട്ട് വീട്ടില്‍ അജയിയെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഓഗസ്റ്റ് പത്തിനും പതിനാലിനുമായിരുന്നു കേസിന് ആസ്പദമായ സംഭവം. ടാപ്പിങ് തൊഴിലാളിയാണ് സുന്ദരന്‍. പുലര്‍ച്ചെ തന്നെ ബൈക്കില്‍ ടാപ്പിങ്ങിന് പോകും. ജോലിക്കിടയില്‍ കുടിക്കാന്‍ ഫ്‌ലാസ്‌കില്‍ കട്ടന്‍ ചായ കരുതാറുണ്ട്. ഇത് ബൈക്കില്‍ തന്നെയാണ് പതിവായി വെക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചായ കുടിക്കുമ്പോള്‍ രുചി വ്യത്യാസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. സംശയം തോന്നി പൊലീസില്‍ പരാതിപ്പെട്ടു. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജയിയുടെ പങ്ക് തെളിഞ്ഞത്.


പൊലീസ് വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിഷം കലര്‍ത്തിയ കാര്യം അജയ് സമ്മതിച്ചത്. രണ്ടു തവണ വിഷം കലര്‍ത്തിയതായി പ്രതി വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കാരണം എന്നാണ് അജയ് പറഞ്ഞത്. അറസ്റ്റിന് ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

by Midhun HP News | Aug 19, 2025 | Latest News, കേരളം
തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളാണ് തോട്ടത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തിയത്.

50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


by Midhun HP News | Aug 18, 2025 | Latest News, കേരളം
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. വലതുവശത്തേക്ക് വീണ കുട്ടിയുടെ തലയിലൂടെ തൊട്ടുപിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയായിരുന്നു.
വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിതാവിന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ അപകടം തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.
by Midhun HP News | Aug 18, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.
റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. കുറിപ്പില്‍ ആണ്‍ സുഹൃത്തും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.
by Midhun HP News | Aug 18, 2025 | Latest News, കേരളം
കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.
ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.


മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.

Recent Comments