by Midhun HP News | Aug 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
by Midhun HP News | Aug 9, 2025 | Latest News, കേരളം
കൊച്ചി: ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുത്തതോടെ പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ. പരസ്യ പ്രതികരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് വരണാധികാരി അഡ്വ കെ മനോജ് ചന്ദ്രന്റെ മുന്നറിയിപ്പ്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അമ്മയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചേരിതിരിഞ്ഞ് താരങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. പലരും മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബുവും ഉഷ ഹസീനയും രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടിയെന്നോണം മാല പാർവതിയടക്കമുള്ള നടിമാർ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ പരസ്യമായ ആരോപണങ്ങളിലേക്ക് കടന്നതോടു കൂടിയാണ് വരണാധികാരിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 15 ന് രാവിലെ 11 മണി മുതലാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുക. വൈകിട്ടോടു കൂടി ഫലവും പ്രഖ്യാപിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തതും വാർത്തയായി മാറിയിരുന്നു. കേസിന് പിന്നിൽ നടൻ ബാബുരാജ് ആണെന്ന് ആരോപിച്ച് മാല പാർവതി രംഗത്തെത്തിയിരുന്നു. ദേവൻ, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
by Midhun HP News | Aug 9, 2025 | Latest News, കേരളം
ഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു നൽകിയതായി സൂചന. ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.അഡിഷണൽ ചീഫ് സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. ഡോക്ടർ ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെജിഎംസിടിയെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഈയാഴ്ച കെജിഎംസിടിഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ഡോ.ഹാരിസിനെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്ന് കെജിഎംസിടിയെ മുന്നറിയിപ്പ് നൽകിയിരുന്നു.എച്ച്ഡിഎസ് വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. അതിനിടെ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിനിടെ മെഡിക്കൻ കോളജ് സൂപ്രണ്ടിനെ വിളിച്ചത് ഡിഎംഇ ഡോ. വിശ്വനാഥനെന്ന് സ്ഥിരീകരണം. വിദഗ്ധസമിതി റിപ്പോർട്ടിലെ കണ്ടെത്തലിൽ നിന്ന് വാർത്താസമ്മേളനം മാറിയപ്പോഴാണ് വിളിച്ചതെന്ന് ഡിഎംഇ സ്ഥീരികരിച്ചു.
by Midhun HP News | Aug 9, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വേടനായി അന്വേഷണം നടത്തുന്നത്.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.
by Midhun HP News | Aug 9, 2025 | Latest News, കേരളം
പ്രതിമാസം 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്റേണ്‍ഷിപ്പ് അവസരവുമായി സിദ്ധാര്‍ത്ഥ് ഭാട്ടിയ. ജൗരവ അകയുടെ സഹസ്ഥാപകനും സിഇഒയുമാണ് സിദ്ധാര്‍ത്ഥ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അദേഹം വ്യക്തമാക്കിയത്.
എഐ എന്‍ജിനീയര്‍, ‘ഗ്രോത്ത് മജീഷ്യന്‍’ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതിന് ഔദ്യോഗിക ബിരുദത്തിന്റെ ആവശ്യമില്ല. അപേക്ഷാ രീതിയും തികച്ചും വ്യത്യസ്തമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഭാട്ടിയയുടെ പോസ്റ്റിന് താഴെ തങ്ങളുടെ കഴിവും താല്‍പ്പര്യവും പ്രകടിപ്പിച്ച് നേരിട്ട് കമന്റ് ചെയ്യണം.
ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ണ്ണമായും റിമോട്ട് ആയതിനാല്‍ ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാം. അപേക്ഷിക്കാന്‍, താത്പര്യമുള്ളവര്‍ സിഇഒ സിദ്ധാര്‍ത്ഥ് ഭാട്ടിയയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിന് താഴെ, എന്തുകൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണമെന്നും ജൗരവ അകയില്‍ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്കുള്ള ആവേശം എന്താണെന്നും വിശദീകരിച്ച് കമന്റ് ചെയ്താല്‍ മതി. മറ്റുള്ളവരെ നിര്‍ദ്ദേശിക്കാനും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
പോസ്റ്റ് വൈറലാക്കുകയും ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ നിന്ന് വലിയ ശ്രദ്ധ നേടുകയും ചെയ്തു. കമന്റ് ബോക്സ് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
by Midhun HP News | Aug 9, 2025 | Latest News, കേരളം
കൊച്ചി:നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വീണ്ടും ആവര്‍ത്തിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കണം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണെന്നും ഔദ്യോഗിക വാഹനത്തില്‍ പോകുന്നതിനിടെ സ്വകാര്യ ബസുകള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നും ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു. നഗരപ്രദേശങ്ങളില്‍ അഞ്ചു മിനിറ്റും ഗ്രാമ പ്രദേശങ്ങളില്‍ 10 മിനിറ്റും ബസ്സുകള്‍ക്കിടയില്‍ ഇടവേള വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ബസുകളുടെ നിയമലംഘനങ്ങളില്‍ പതിനായിരത്തിലേറെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും 18 ലക്ഷത്തിലേറെ പിഴ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ബസുകളുടെ അമിതവേഗത കാരണം രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തില്‍ ഗോവിന്ദ് എസ് ഷേണായി എന്ന വിദ്യാര്‍ഥിയും കളമശേരിയില്‍ സ്വിഗ്ഗി ജീവനക്കാരനായ മുഹമ്മദ് സലിം എന്നയാളുമാണ് മരിച്ചത്.
Recent Comments