ഡിജിറ്റൽ പഠനത്തിലൂടെ കർഷക ശാക്തീകരണം; ഡിജിഫാർമർ@പിരപ്പൻ മൺകാട്

ഡിജിറ്റൽ പഠനത്തിലൂടെ കർഷക ശാക്തീകരണം; ഡിജിഫാർമർ@പിരപ്പൻ മൺകാട്

ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയ പിരപ്പമൺകാട് കാർഷിക മുന്നേറ്റം വേറിട്ട വഴികളിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ്. കൃഷിയോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും ഏറ്റെടുത്തുകൊണ്ടാണ് പാടശേഖരസമിതിയും സൗഹൃദ സംഘവും പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷിയെ ശ്രദ്ധേയമാക്കിയത്. മാറിയ കാലഘട്ടത്തിൽ കർഷകൻ അറിയേണ്ടതായ സ്മാർട്ട് ഫോണിന്റെ സാധ്യതകളും ഒപ്പം വെല്ലുവിളികളും കർഷകരെ പഠിപ്പിക്കുന്നതിന് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വയൽക്കരയിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഡിജി ഫാർമർ @ പിരപ്പമൺകാട് എന്ന പേരിൽ ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

ക്ലാസിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഷൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബിജു . റ്റി എന്നിവർ ആശംസ പ്രസംഗം നടത്തി.

യോഗത്തിന് പാടശേഖരസമിതി സെക്രട്ടറി എ അൻഫാർ സ്വാഗതവും സൗഹൃദസംഘം കൺവീനർ ബിജു മാറ്റാടിയിൽ നന്ദിയും പറഞ്ഞു. കിളിമാനൂർ രാജാരവിവർമ്മ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് അധ്യാപകനുമായ പി നിസാം, കമ്പ്യൂട്ടർ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എസ് ദീപക് എന്നിവർ ക്ലാസ് നയിച്ചു.

പഠിതാക്കളായി എത്തിയ കർഷകർക്ക് സഹായികളായി സൗഹൃദ സംഘം വോളണ്ടിയർമാർ ഉണ്ടായിരുന്നത് വേറിട്ട പരിശീലനാനുഭവമായി. വിവിധതരം ഗവൺമെന്റ് സേവനങ്ങൾ, കൃഷി സംബന്ധമായ വിവിധ ആപ്പുകൾ, വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇവയുടെ സാധ്യതകൾ, ബാങ്കിംഗ് ആപ്ലിക്കേഷൻ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെ പ്രായോഗിക രീതികൾ പരിചയപ്പെടുത്തിയ ഡിജി ഫാർമർ@പിരപ്പമൺകാട് ഇവിടത്തെ കർഷക ശാക്തീകരണത്തിന്റെ പുതിയ അനുഭവമായി മാറി.

ഇത്തവണത്തെ ഞാറു നടീൽ പരീക്ഷണാർത്ഥം യന്ത്രവൽകൃത രീതിയിലേക്ക് മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് പാടശേഖര കൂട്ടായ്മ ഇപ്പോൾ. സാങ്കേതിക വിദ്യകളിലും യന്ത്രവൽക്കരണത്തിലും മുന്നേറുന്നതിനൊപ്പം കർഷകൻ അറിവ് മേഖലകളിലും ശാക്തീകരിക്കപ്പെടണം എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നത് .

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.

പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ കാല്‍ വഴുതി, യുവാവ് 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കോട്ടപ്പാറ വ്യൂ പോയിന്‍റില്‍ കാല്‍ വഴുതി, യുവാവ് 70 അടി താഴ്ചയിലേയ്ക്ക് വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ നിന്ന് തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം

ഈ മാസം 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ് നടത്തി, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍

സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ് നടത്തി, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍

കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്നാണ് പേര്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ വിലാസവുമാണ് നല്‍കിയത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും.

2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണ് ധനകാര്യസ്ഥാപനം പൊലീസില്‍ പരാതിപ്പെട്ടത്. പത്രത്തില്‍ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

പലയിടങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. കുമാരനല്ലൂരിലെ ഒരു ഫ്‌ളാറ്റിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സിനിമാ നടനാണെന്നാണ് ഇയാള്‍ സമീപവാസികളെ ധരിപ്പിച്ചിരുന്നത്.