by Midhun HP News | Apr 18, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കണ്ണൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തില്‍ ഇക്കുറിയും അടിയുത്സവം നടന്നു. പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ ആര്‍പ്പുവിളികളോടെയാണ് ഇക്കുറിയും പെരളശേരി മൂന്നാം പാലം നിലാഞ്ചിറ വയലില്‍ അടിയുത്സവം നടന്നത്.
സുധാകരന്റെ നേതൃത്വത്തില്‍ മൂത്ത കൂര്‍വാടിലെയും നിധിന്‍ നെടുമ്പറമ്പിന്റെ നേതൃത്വത്തില്‍ ഇളയ കൂര്‍വാടിലെയും കുളിച്ചുടുത്ത കരുത്തരായ വാല്യക്കാരുടെ ചുമലില്‍ ഇരുന്നാണ് അടിയുത്സവം നടത്തിയത്. വ്യാഴാഴ്ച രാത്രി 7.55 ന് തുടങ്ങിയ ആദ്യ റൗണ്ട് അടി 8.10 വരെയും 8 .10ന് തുടങ്ങിയ രണ്ടാം റൗണ്ട് അടി 8.20 വരെയും നീണ്ടുനിന്നു. ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുകാരും ഇരുവശവും ചേര്‍ന്നതോടെ അടിയുത്സവത്തിന്റെ ആവേശം പരകോടിയിലെത്തി.
ഒരു പിടി അവലിന് വേണ്ടി ദൈവത്താറീശ്വരന്റെ സാന്നിദ്ധ്യത്തില്‍ സഹോദരന്‍മാര്‍ നടത്തിയ അടിയുടെ ഓര്‍മ്മ പുതുക്കലാണ് അടിയുത്സവമായി ഇന്നും മാവിലാക്കാവില്‍ നടത്തിവരുന്നത്. കുന്നോത്തിടത്തില്‍ മുടിയും വില്ലാട്ടവും കഴിഞ്ഞ ശേഷം ദൈവത്താറുടെ മഞ്ഞള്‍ പൊടിയെറിഞ്ഞ് കൊണ്ടുള്ള നടപാഞ്ഞുകയറ്റം ചടങ്ങും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി വില്ലാട്ടവും മുടിയഴിക്കലും നടത്തിയ ശേഷമാണ് നിലാഞ്ചിറയില്‍ അടിയുത്സവം നടന്നത്. വിദേശ രാജ്യങ്ങളിലും സൈന്യത്തിലും ജോലി ചെയ്യുന്നവര്‍ ദൂരദേശങ്ങളില്‍ നിന്നും അടിയുത്സവത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.
വിഷുവിളക്കുത്സവത്തിന്റെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ മാവിലാക്കാവില്‍ അടി നടക്കുന്നത്. എട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഉപക്ഷേത്രങ്ങള്‍ മാവിലാക്കാവിനുണ്ട്. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ മാവിലായിയിലാണ് മാവിലാക്കാവ്. മൂന്നാം പാലത്തെ നിലാഞ്ചിറ വയലില്‍ ജന സഹസ്രങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അടി. നമ്പ്യാര്‍ സമുദായത്തിലെ കൈക്കോളന്‍മാര്‍ മൂത്ത കൂര്‍വാടും ഇളയകൂര്‍വാടുമായി ചേരിതിരിഞ്ഞ് മറ്റുള്ളവരുടെ ചുമലില്‍ കയറി ഇരുന്നു പരസ്പരം കൈകൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്.
അവില്‍പൊതിക്ക് വേണ്ടി ബാലന്‍മാര്‍ കച്ചേരി ഇല്ലത്ത് വെച്ചും തുടര്‍ന്ന് മാവിലായി വയലില്‍ വെച്ചും നടത്തിയ അടിയുടെ ഓര്‍മ്മയ്ക്കായാണ് അടിയുത്സവം കൊണ്ടാടുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരള മെങ്ങും അറിയപ്പെടുന്ന വ്യത്യസ്ത ക്ഷേത്രോത്സവങ്ങളിലൊന്നാണ് മാവിലാക്കാവിലെ അടിയുത്സവം. കച്ചേരിക്കാവില്‍ ബ്രാഹ്മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. ‘മൂത്തകുര്‍വാട്’, ‘ഇളയ കുര്‍വാട്’ എന്നിങ്ങനെ സഹോദരങ്ങള്‍ രണ്ടായി തിരിഞ്ഞാണ് അടി നടന്നത്. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി അന്യോന്യം പൊരുതുന്നു.
കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. ഇന്നത്തെ കടമ്പൂര്‍ അംശത്തിലെ ‘ഒരികര’ എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ ‘വണ്ണാത്തിക്കണ്ടി തണ്ടയാന്‍’ തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു. തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കണ്ണൂര്‍: വഖഫ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പിലും ഭൂമിയെ ചൊല്ലി അവ്യക്തത. തളിപ്പറമ്പിലും പരിസരത്തുമായി ഏകദേശം 250 ഏക്കറിലധികം വഖഫ് ഭൂമി അന്യാധീനപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ കണക്കുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. വഖഫ് രജിസ്റ്റര്‍ പ്രകാരം ഈ മേഖലയില്‍ ബോര്‍ഡിന്റെ കൈവശം 339.17 ഏക്കര്‍ ഭൂമിയാണുള്ളത്. എന്നാല്‍ നിലവിലെ മാനേജ് കമ്മിറ്റിയുടെ കൈവശം 82.72 ഏക്കര്‍ മാത്രമാണുള്ളത്. കണക്കുകളിലെ വ്യത്യാസം മാത്രം 250 ഏക്കറില്‍ അധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ 25 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നത്.
വഖഫ് സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് സയ്യിദ് നഗര്‍, ഫാറൂഖ് നഗര്‍, മന്ന കരിമ്പത്തുവിലെ അണ്ടകല, സാധു മുട്ടി എന്നീ പ്രദേശങ്ങളിലാണ് വഖഫ് ഭൂമികളുള്ളത്. തളിപ്പറമ്പ് മുനിസിപ്പല്‍ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി തുടങ്ങിയവയും തര്‍ക്കഭൂമിയില്‍ നൂറുകണക്കിന് വീടുകളും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ സ്ഥിതി ചെയ്യുന്നതും വഖഫ് ഭൂമിയില്‍ ആണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ അവകാശം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കാനാണ് വഖഫ് സംരക്ഷണ സമിതിയുടെ തീരുമാനം. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് 2022 ല്‍, വഖഫ് സംരക്ഷണ സമിതി സമര്‍പ്പിച്ച പരാതിയില്‍ വഖഫ് ബോര്‍ഡ് ഭൂമി സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരവ് ചെലവ് രേഖകള്‍ കാണാതായ സംഭവത്തില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. ഇ കെ കരുണാകരന്റെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ 2013 മുതല്‍ 21 വരെയുള്ള സ്‌കൂളിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ ശുപാര്‍ശ പ്രകാരം ഡിവിഷണല്‍ ഓഫീസര്‍ തര്‍ക്ക ഭൂമി അളക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ സര്‍വേ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നത് കൂടുതല്‍ നിയമനടപടികളിലേക്ക് നയിച്ചേക്കാമെന്ന് വഖഫ് സംരക്ഷണ സമിതി പ്രസിഡന്റ് കെ പി എം റിയാസ് പറയുന്നു. തളിപ്പറമ്പില്‍ 604 ഏക്കര്‍ വഖഫ് ഭൂമി ഉണ്ടായിരുന്നു. നിലവില്‍ 339.17 ഏക്കറിന് മാത്രമേ രേഖകളുള്ളൂ. തളിപ്പറമ്പ്, പട്ടുവം, കുറ്റേരി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇതില്‍ ഭൂരിഭാഗവും സ്വാതന്ത്ര്യത്തിന് മുമ്പ് ദാനം ചെയ്യപ്പെട്ടതാണ്. ഭൂമി കൈവശപ്പെടുത്തിയവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറല്ലെന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു എന്നും കെ പി എം റിയാസ് വ്യക്തമാക്കുന്നു. ഭൂമി തിരികെ ബോര്‍ഡിന് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും റിയാസ് ചുണ്ടിക്കാട്ടുന്നു.
അതേസമയം, സര്‍ സയ്യിദ് കോളേജ് ഭൂമി തര്‍ക്കം മുസ്ലിം ലീഗിനുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കഭൂമി കോളേജിന് പാട്ടത്തിന് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക നേതാക്കള്‍ ഒരു തുറന്ന കത്ത് പുറത്തിറക്കിയിരുന്നു. സര്‍ സയ്യിദ് കോളേജിന്റെ ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റേതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നിട്ടും, ലീഗ് നേതാവ് അല്ലംകുളം മഹമൂദ് വഖഫ് ഭൂമി കോളേജിന് കൈമാറാന്‍ ശ്രമിക്കുകയാണ് എന്നും കത്ത് ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ നേട്ടത്തിനായി സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ആരോപിച്ചു. ഭൂമി തളിപ്പറമ്പ് ജമാഅത്തിന്റെ ഉടമസ്ഥതയിലാണെന്നതില്‍ മുസ്ലീം ലീഗിന് എതിരഭിപ്രായമില്ല, ചില ലീഗ് നേതാക്കള്‍ നിലവില്‍ സര്‍ സയ്യിദ് കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് കോളേജ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ ഇന്ന് പൊലീസ് നോട്ടീസ് അയക്കും. തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കുന്ന നോട്ടീസ് അനുസരിച്ച് പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന നിര്‍ദേശമാണ് താരത്തിന് നല്‍കുക.
എന്നാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോയുടെ മൊബൈലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുകൊണ്ട് താരം കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.
അവിടെ നടന്‍ മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്സിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന്‍ മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന്‍ പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന്‍ അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന്‍ കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് താരം ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായാണ് ജർമ്മൻ സർക്കാർ ഇക്കാര്യം അറിയിച്ചത്. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴി കൂടുതൽ ബോട്ടുകൾക്ക് വായ്പ നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. കെഎംആർഎല്ലിനെ [കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്] പിന്തുണയ്ക്കുന്ന ജിഐഇസ്ഡുമായി ഞങ്ങൾ സാങ്കേതിക സഹകരണം തുടരും.”- ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിലെ ഡെവല്പ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി മേധാവി കാരൻ ബ്ലൂം പറഞ്ഞു.
“ഗതാഗതം സുഖകരവും ആകർഷകവും, അതുപോലെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നതും താങ്ങാനാവുന്നതും ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മറ്റ് നഗരങ്ങളെക്കൂടി പ്രചോദിപ്പിക്കുന്ന ഒരു മാതൃകയായിരുക്കും ഇതെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളമുള്ള 24 സ്ഥലങ്ങളിൽ കൂടി സമാനമായ ഒരു സംവിധാനം ഒരുക്കാനുള്ള നീക്കം ഇന്ത്യാ ഗവൺമെന്റ് ഇതിനോടകം പരിശോധിച്ചുവരികയാണെന്നും” കാരൻ കൂട്ടിച്ചേർത്തു.
“17 സ്ഥലങ്ങളിൽ കൂടി വാട്ടർ മെട്രോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കാൻ ജർമ്മൻ സർക്കാരിന് താൽപ്പര്യമുണ്ടെന്ന് കെഡബ്ല്യുഎംഎല്ലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗളൂരു, ഗാന്ധിനഗർ, ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
മറ്റ് നഗരങ്ങളിലും പദ്ധതിക്ക് ധനസഹായം നൽകാൻ അവർ തയ്യാറാണ്. തുടക്കത്തിൽ ആകെ 17 സ്ഥലങ്ങളാണ് നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ, ഏഴ് നഗരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും” കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.
ജർമ്മൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായ കെഎഫ്ഡബ്ല്യു, ജർമ്മൻ സാമ്പത്തിക സഹകരണ വികസന മന്ത്രാലയം (ബിഎംഇസഡ്) എന്നിവർ ചേർന്ന് കൊച്ചി വാട്ടർ മെട്രോ സംവിധാനം നടപ്പിലാക്കുന്നതിനായി 110 മില്യൺ യൂറോ ആണ് വായ്പ അനുവദിച്ചത്. കെഎംആർഎല്ലുമായുള്ള സഹകരണം, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഗ്രീൻ ആന്‍ഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിന്റെ (ജിഎസ്ഡിപി) ഭാഗമാണ്. ഗതാഗത സംവിധാനം കൂടുതൽ പരിസ്ഥിതി സൗഹൃദപരവും, വൈകല്യമുള്ളവർക്ക് പ്രവേശിക്കാവുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം എന്നും കാരൻ കൂട്ടിച്ചേർത്തു.
കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിൽ ജർമ്മൻ ടീം സന്തുഷ്ടരാണെന്നും പ്രതിനിധി പറഞ്ഞു. നഗരങ്ങളിലേക്കുള്ള ദ്വീപ് നിവാസികളുടെ ഈ പുതിയ യാത്ര കാണുമ്പോൾ സന്തോഷമുണ്ട്. ഇത് ഒരേസമയം ആധുനികവും സുസ്ഥിരവുമാണ്. വാട്ടർ മെട്രോ ഒരു പുതിയ ആശയമാണെങ്കിലും, കൊച്ചി നിവാസികളിൽ അതിന്റെ സ്വാധീനം ഇതിനോടകം തന്നെ ദൃശ്യമാണ്. കൂടുതൽ ഉപയോക്താക്കൾ വരുന്നതോടെ തൊഴിൽ, യാത്രാ സമയം കുറയ്ക്കൽ തുടങ്ങിയവയിലൊക്കെ കൂടുതൽ നേട്ടങ്ങൾ ദൃശ്യമാകും, ”കാരൻ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ നിലവിലെ പൊതുഗതാഗത സംവിധാനവുമായി കൊച്ചി വാട്ടർ മെട്രോ കൂടുതൽ സംയോജിപ്പിക്കാനും, മലിനീകരണം കുറവുള്ള ബസുകൾ അല്ലെങ്കിൽ മെട്രോകൾ പോലുള്ള കാലാവസ്ഥാ സൗഹൃദ ഗതാഗത മാർഗ്ഗങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കാനും ശ്രമിക്കുമെന്നും ജർമ്മൻ പ്രതിനിധി പറഞ്ഞു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Recent Comments