മോട്ടോര്‍ വാഹന നികുതി പുതുക്കി; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

മോട്ടോര്‍ വാഹന നികുതി പുതുക്കി; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വര്‍ധനയുണ്ടായിട്ടുള്ളത്.

15 വര്‍ഷം രജിസ്‌ട്രേഷന്‍കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 400 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍ ഓര്‍ഡിനറി, പുഷ്ബാക്ക്, സ്ലീപ്പര്‍ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയില്‍ കുറവുവന്നിട്ടുണ്ട്.

അഞ്ചുവര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കുക. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും.

മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഏപ്രില്‍ ഒന്നുമുതലുള്ള നികുതി മാര്‍ച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കില്‍ ആ വാഹനത്തില്‍നിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിര്‍ദേശമുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഏപ്രില്‍ എട്ടിന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഏപ്രില്‍ എട്ടിന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിനാണ് പ്രസിദ്ധീകരിക്കുക. 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാര്‍ച്ച് 28ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,78,08,252 വോട്ടര്‍മാരാണുള്ളത്.

ഐബി ഉദ്യോഗസ്ഥയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്ക്’; സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്ക്’; സുഹൃത്ത് ഒളിവില്‍

പത്തനംതിട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

അതിനിടെ കോന്നി പൂഴിക്കാട് മേഘയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തുവന്നു. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന്, ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായി മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറയുന്നു.

മേഘ ട്രെയിനിന് മുന്നില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത് ഇയാളോടായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘയെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മേഘ ഇയാളില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ടതായി സംശയിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പേട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ മേഘയെ തിങ്കളാഴ്ചയാണ് തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതിനിടെ മരണത്തിന് തൊട്ടുമുന്‍പ് മേഘയെ ഫോണില്‍ വിളിച്ചത് ഐബി ഉദ്യോഗസ്ഥനായ സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. എട്ട് സെക്കന്‍ഡ് മാത്രമായിരുന്നു കോളിന്റെ ദൈര്‍ഘ്യം. സംഭവദിവസം രാവിലെയും മേഘയും സുഹൃത്തും പരസ്പരം വിളിച്ച കോളുകളെല്ലാം സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. മേഘയെ ട്രെയിന്‍ തട്ടിയതോടെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്ത് പലരെയും മേഘ താമസസ്ഥലത്ത് എത്തിയോ എന്ന് അന്വേഷിച്ചതായും പൊലീസ് പറയുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച മേഘയുടെ തകര്‍ന്ന മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച് വരികയാണ്.

ആശവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേയ്ക്ക്; നാളെ മുടി മുറിച്ച് പ്രതിഷേധം

ആശവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേയ്ക്ക്; നാളെ മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേയ്ക്ക്. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തി. നിരാഹാരമനുഷ്ഠിച്ചിരുന്നവരില്‍ എസ് ഷൈലജയെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച, മുടി മുറിച്ചുള്ള പ്രതിഷേധമടക്കമാണ് ആശമാര്‍ ആസൂത്രണംചെയ്തിരിക്കുന്നത്.

48ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ള പ്രമുഖര്‍ സമരപ്പന്തലിലെത്തി. സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമരത്തിലൂടെ വളര്‍ന്ന് മന്ത്രിമാരായവര്‍ക്കിപ്പോള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങളോട് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.

ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ കെ പി ധനപാലന്‍, വി എസ് ശിവകുമാര്‍ തുടങ്ങിയവരും വേണുഗോപാലിനോടൊപ്പമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസും ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.

‘എമ്പുരാൻ ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’

‘എമ്പുരാൻ ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി, 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി, 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്.

പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കണ്ടെടുത്ത പണം കുഴല്‍പ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പണം എത്രയെന്നതിന്റെ കണക്ക് പൂര്‍ണമായും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.