by Midhun HP News | Nov 28, 2024 | Latest News, കേരളം
ശബരിമല: ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. നല്ലനടപ്പുപരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്താണ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നാലാം ബറ്റാലിയനിലാണ് പരിശീലനം.
എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹൈക്കോടതിയില്‍ എഡിജിപി വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര് അറിയിച്ചു. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം.
തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത പൊലീസ് ഫോട്ടോഗ്രഫറെയും തിരിച്ചു വിളിച്ചു. പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് എഡിജിപിയെ അതൃപ്തി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ഇനി മുതല്‍ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉള്‍പ്പെടെ ആരെയും അനുവദിക്കില്ല. മേലേ തിരുമുറ്റം, സോപാനം, മേല്‍പാലം, മാളികപ്പുറം ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും വിലക്കും.അതേ സമയം ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
by Midhun HP News | Nov 28, 2024 | Latest News, കേരളം
കൊച്ചി: വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ ഒന്നു മുതൽ പദ്ധതി യാഥാർത്ഥ്യമാകും.വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴിൽ വരുന്ന തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സെൻട്രൽ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലുള്ള 235 സെക്ഷൻ ഓഫിസ് സജ്ജമായതായി ബോർഡ് അറിയിച്ചു.
പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകർ പണം അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടണം.
by Midhun HP News | Nov 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.
ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഇതുവരെ 6.69 ലക്ഷം സിം കാര്‍ഡുകളും 1.32 ലക്ഷം ഇ എം ഇ ഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാര്‍ രാജ്യസഭയില്‍ മറുപടി നല്‍കി.
ഇതിന് പുറമെ അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികളെ നിയന്ത്രിക്കാനും ബ്ലോക്ക് ചെയ്യാനും കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല രീതിയിലായി അടുത്തിടെ രാജ്യത്ത് വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഒ ടി പി തട്ടിപ്പ് മുതല്‍ സൈബര്‍ അറസ്റ്റ് വരെ നീളുന്ന സൈബര്‍ ആക്രമണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
by Midhun HP News | Nov 28, 2024 | Latest News, കേരളം
സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചത് കൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇവർ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും
അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. അനധികൃതമായി പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു
ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും സാങ്കേതിക വകുപ്പിൽ 46 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്.
by Midhun HP News | Nov 28, 2024 | Latest News, കേരളം
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം.
ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Recent Comments