by Midhun HP News | Aug 17, 2024 | Latest News, കേരളം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്.
ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറും. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.
ഒഴുക്ക് ശക്തമായതോടെ ഗംഗാവലി പുഴയിലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.

by Midhun HP News | Aug 17, 2024 | Latest News, കേരളം
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാനാകും..
ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്
by Midhun HP News | Aug 17, 2024 | Latest News, കേരളം
തിരുവല്ല: മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്പിഐഒ) ആണ് അതു പുറത്തുവിടേണ്ടത്. സമയമാവുമ്പോള്‍ അതു പുറത്തുവിടുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന് പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിനോ സാംസ്കാരിക വകുപ്പിനോ പങ്കൊന്നുമില്ല. എസ്പിഐഒയ്ക്കാണ് വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി പറഞ്ഞ സമയം ആയിട്ടില്ല. സമയം ആവുമ്പോള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. അതില്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്തിനെന്ന് സജി ചെറിയാന് ചോദിച്ചു.
ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, മലയാള സിനിമയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അതൊരു വലിയ തുകയായി കാണുന്നില്ലന്ന് മന്ത്രി പറഞ്ഞു.

by Midhun HP News | Aug 17, 2024 | Latest News, കേരളം
ആലപ്പുഴ: കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കരുവാറ്റ താമല്ലാക്കൽ സ്വദേശി ലത (62) ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം ഒന്നിന് അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനായി പോയതാണ് അയൽവാസികളായ നാല് സ്ത്രീകൾ. ഓട്ടോറിക്ഷയിൽ പോകുമ്പോൾ, നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി
by Midhun HP News | Aug 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Aug 17, 2024 | Latest News, കേരളം
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു.
റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാർ ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Recent Comments