by Midhun HP News | May 3, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.
രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡുള്ള ഐഡി നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 6 വരെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | May 3, 2026 | Latest News, കേരളം
കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്.
ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ പ്രഖ്യാപനം.
നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

by Midhun HP News | May 3, 2026 | Latest News, കേരളം
തിരുവനന്തപുരം: കണക്കുകൂട്ടലുകളും ഉദ്വേഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.
ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജം.
85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടുമെന്ന കണക്കുകൂട്ടലും യുഡിഎഫിനുണ്ട്. അതില്ലെങ്കിൽ പോലും യുഡിഎഫിനു 80നു മുകളിൽ സീറ്റുറപ്പാണെന്നു അവർ പ്രതീക്ഷിക്കുന്നു. കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമെന്ന എക്സിറ്റ്പോൾ ഫലങ്ങളും അവരെ ആവേശം കൊള്ളിക്കുന്നു.
എന്നാൽ, എക്സിറ്റ്പോളുകളെ എൽഡിഎഫ് തള്ളുന്നു. തുടരെ മൂന്നാം വട്ടവും അധികാരത്തിൽ വന്ന് ചരിത്രമെഴുതുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 75 സീറ്റ് വരെ കിട്ടുമെന്നാണ് അവർ കണക്കാക്കുന്നത്.
നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. പാലക്കാട്, ചാത്തന്നൂർ സീറ്റുകളിലും എൻഡിഎ ജയം പ്രതീക്ഷിക്കുന്നു.
ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്. പരാജയമാണെങ്കിൽ ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്തവരായി എൽഡിഎഫ് മാറും. തുടരെ 10 വർഷം പ്രതിപക്ഷത്തിരുന്ന ശേഷവും ഭരണം പിടിക്കാനായില്ലെങ്കിൽ സംസ്ഥാനത്തെ യുഡിഎഫ് സംവിധാനം തന്നെ ഉലയുന്ന സ്ഥിതിയാണ് മറുഭാഗത്ത്.

by Midhun HP News | May 3, 2026 | Latest News, കേരളം
കണ്ണൂര്‍: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും. വൈശാഖോത്സവത്തിന്റെ ചടങ്ങുകളും തീയതിയും നിശ്ചിക്കുന്ന പ്രക്കൂഴം ഇക്കരെ കൊട്ടിയൂരില്‍ നടന്നു. 28നു നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.
പ്രധാന വിശേഷ ദിവസങ്ങള്‍: ജൂണ്‍ 5 തിരുവോണം ആരാധാന, ഏഴിന് ഇളനീര്‍ വെപ്പ്, എട്ടിന് ഇളനീരാട്ടം, അഷ്ടമി ആരാധന. ജൂണ്‍ 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന.
ജൂണ്‍ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണര്‍തം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം. 20ന് മകം കലംവരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ.
24ന് തൃക്കലശാട്ട്. ഈ മാസം 30 മുതല്‍ ജൂണ്‍ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകള്‍ക്കു അക്കരെ കൊട്ടിയൂരില്‍ പ്രവേശനം.

by Midhun HP News | May 2, 2026 | Latest News, മരണം
ഇടവ മരക്കടമുക്ക് സന്തോഷ് നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ സുധ (81)നിര്യാതയായി.
മകൻ
സന്തോഷ്
മരുമകൾ
പ്രിയ
സഞ്ചയനം
ബുധൻ രാവിലെ 8 മണി
by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ
02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
04/05/2026 : ഇടുക്കി, പാലക്കാട്
05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Recent Comments