പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് 12 ലക്ഷം പിഴ ഇട്ട് ബിസിസിഐ

പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് 12 ലക്ഷം പിഴ ഇട്ട് ബിസിസിഐ

ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചാം മത്സരത്തിലെ അവസാനപന്തില്‍ ഗുജറാത്ത് ടെറ്റന്‍സ് പരാജയപ്പെടുത്തി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് അസാധ്യമെന്ന് തോന്നിച്ച വിജയം എത്തിപ്പിടിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ടിം ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴശിക്ഷ ലഭിക്കുന്നത്.

ആദ്യ തവണയാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎല്‍ പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.

ചെന്നൈ സൂപ്പര്‍ കിങ്സിന് ആവേശം പകര്‍ന്ന് മമിത ഗ്യാലറിയില്‍; ക്രഷിനെ കണ്ട ആവേശത്തില്‍ ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്സിന് ആവേശം പകര്‍ന്ന് മമിത ഗ്യാലറിയില്‍; ക്രഷിനെ കണ്ട ആവേശത്തില്‍ ആരാധകര്‍

ചെന്നൈ: തുടർതോൽവിക്ക് ശേഷം കൊൽക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയപ്പോൾ ​ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റ​ഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഐപിഎൽ മത്സരത്തിൽ അഞ്ച് കളികളിൽ മൂന്നാം ജയമാണ് ചെന്നൈയുടെത്. അപരാജിതരായി തുടർന്ന കൊൽക്കത്തയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ടീം ക്യാപ്‌റ്റനായ ഋതുരാജ് ഗെയ്ക്‌വാദിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ​ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ

എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ​ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ

വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി വമ്പൻ പരാജയമേറ്റു വാങ്ങിയപ്പോൾ അതിൽ നിർണായകമായി ഡിആർഎസ് റിവ്യു. പന്ത് എടുക്കാൻ മടിച്ച രണ്ട് ഡിആർഎസുകൾ നിർണായകമായി. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങാണ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐപിഎൽ ടീം ടോട്ടലിലേക്ക് കൊൽക്കത്തയെ നയിച്ചത്. അതിലേക്ക് എത്തും മുൻപ് നരെയ്നെ പുറത്തക്കാൻ ഡൽ​ഹിക്ക് അവസരം കിട്ടിയിരുന്നു. എന്നാൽ ഡിആർഎസ് എടുക്കാത്തത് വിനയായി മാറി.

നരെയ്ൻ 22ൽ നിൽക്കെ ഇഷാന്തിന്റെ പന്ത് നരെയ്ന്റെ ബാറ്റിൽ തട്ടി ഋഷഭിന്റെ കൈയിലെത്തിയിരുന്നു. എന്നാൽ പന്തോ, ഇഷാന്തോ അപ്പീലിനു മുതിർന്നില്ല. ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്ത് മിച്ചൽ മാർഷ് ഋഷഭിനോടു റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു.

പക്ഷേ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. റീപ്ലേയിൽ പന്ത് നരെയ്ന്റെ ബാറ്റിൽ നേരിയ രീതിയിൽ ടച്ച് ചെയ്യുന്നുണ്ട് എന്നു വ്യക്തം. അതിനു വലിയ വിലയാണ് ടീം പിന്നീട് നൽകിയതെന്നു നരെയ്ന്റെ പ്രകടനം കണ്ടാൽ മനസിലാകും. 39 പന്തിൽ ഏഴ് വീതം സിക്സും ഫോറും പറത്തി 85 റൺസ് അടിച്ചുകൂട്ടിയാണ് താരം ക്രീസ് വിട്ടത്.

അവിടെയും തീർന്നില്ല. റാസിഖ് സലാം എറിഞ്ഞ 15ാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് വീണ്ടും ഋഷഭിന്റെ ​ഗ്ലൗവിലൊതുങ്ങി. ഡൽഹി താരങ്ങളെല്ലാം അപ്പീൽ ചെയ്തു. അവിടെയും പന്ത് താൻ ശബ്ദമൊന്നും കേട്ടില്ലെന്ന നിലപാടിലായിരുന്നു. റിപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയെന്നു വ്യക്തമായിരുന്നു. ‌
മത്സരത്തിൽ പന്തിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ജാ​ഗ്രത കുറവ് വ്യക്തമായിരുന്നുവെന്നും പോരാട്ടം ഇത്ര ദയനീയമായതിൽ താരത്തിന്റെ ബൗളിങ് മാറ്റങ്ങളിലെയടക്കമുള്ള തീരുമാനം ഘടകമായെന്നും വിലയിരുത്തലുണ്ട്. പവർ പ്ലേയിൽ റണ്ണൊഴുക്ക് തടയാനുള്ള ഒരു ശ്രമവും പന്ത് എടുത്തില്ല എന്ന വിമർശനവും ഉയർന്നു.

ഐപിഎല്‍ ചരിത്രത്തിലാദ്യം; ചെന്നൈ- ബംഗളൂരു മത്സരത്തിന് റെക്കോര്‍ഡ് കാണികള്‍

ഐപിഎല്‍ ചരിത്രത്തിലാദ്യം; ചെന്നൈ- ബംഗളൂരു മത്സരത്തിന് റെക്കോര്‍ഡ് കാണികള്‍

ഐപിഎല്ലിന്റെ പതിനേഴാം സീസണിലെ ആദ്യ ദിനം കാണികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയതായി ഡിസ്‌നി സ്റ്റാര്‍. സീസണിലെ ആദ്യ മത്സരം 16.8 കോടി കാണികള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടന ദിവസം 1276 കോടി മിനിറ്റ് സമയം കാണികളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലായിരുന്നു ആദ്യ മത്സരം. ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കില്‍ 6.1 കോടി കാണികളാണ് ഒരേസമയം മത്സരം കണ്ടത്.

ക്രിക്കറ്റിന്റെയും ടാറ്റ ഐപിഎല്ലിന്റെയും വളര്‍ച്ചയില്‍ ബിസിസിഐയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായി സ്റ്റാര്‍ സ്പോര്‍ട്സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ഐപിഎല്ലിന് ഒരാഴ്ച മുമ്പ് വരെ 24.5 കോടിയിലധികം കാഴ്ചക്കാരെ ആകര്‍ഷിച്ച പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ദിനത്തിലെ റെക്കോര്‍ഡ് ടിവി കാഴ്ചക്കാരുടെ എണ്ണം.

റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

റണ്ണൊഴുകും, സഞ്ജുവോ, പന്തോ?; കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. സഞ്ജുവും കൂട്ടരും രണ്ടാം ജയം തേടി ഇറങ്ങുമ്പോള്‍ ആദ്യ ജയത്തിനാണ് ഋഷഭ് പന്തും സംഘവും ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് ഡല്‍ഹി തോറ്റത്. ലക്‌നൗവിനെതിരെയാണ് രാജസ്ഥാന്‍ ജയം നേടിയത്. ജയ്പൂരില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയ കുതിപ്പ് തുടരാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ജയ്പൂരിലെ പിച്ച് പേസിനെ പിന്തുണക്കുന്നതല്ല. കഴിഞ്ഞ മത്സരഫലം ഇത് തെളിയിച്ചിരുന്നു. പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായേക്കാം. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ ടീമുകള്‍ അടിച്ചെടുത്തേക്കും.

രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തില്‍ ഡല്‍ഹി വിജയിച്ചു, 14 എണ്ണം രാജസ്ഥാന്‍ നേടി. റോയല്‍സിനെതിരെ ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 207 ആണ്, ഡല്‍ഹിക്കെതിരെ രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 222ഉം.

തോല്‍വിക്ക് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; നായകന്‍ ഗില്ലിന് പിഴ; 12 ലക്ഷം രൂപ ഒടുക്കണം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഔവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.

‘ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ടീമിന്റെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,’ ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.