പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് പാക് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോടു അട്ടിമറി തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പിന്നാലെ ഇന്ത്യയോടും തോറ്റതോടെ അവരുടെ പ്രതീക്ഷകള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ചായി.

അമേരിക്ക അയര്‍ലന്‍ഡ് മത്സരം നടക്കുകയും അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പ്പിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ മത്സരം നടന്നില്ല. ഇതോടെ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിച്ചു.

നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയേക്കാള്‍ സാധ്യത പാകിസ്ഥാനുണ്ടായിരുന്നു. എന്നാല്‍ യുഎസ്എ- അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചതോടെ ആതിഥേയര്‍ക്ക് അഞ്ച് പോയിന്റുകളായി.

പാകിസ്ഥാന് നിലവില്‍ രണ്ട് പോയിന്റാണുള്ളത്. കാനഡയെ കീഴടക്കിയാണ് നേട്ടം. അവസാന പോരാട്ടത്തില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഇതില്‍ ജയിച്ചാലും അവര്‍ക്ക് നാല് പോയിന്റേ കിട്ടു. ഇതോടെ പ്രതീക്ഷകളും തീര്‍ന്നു.

തുടക്കത്തില്‍ വിറച്ചു, 15 റണ്‍സിന് രണ്ടുവിക്കറ്റ്; സൂര്യ- ദുബെ കൂട്ടുകെട്ട് രക്ഷയായി, യുഎസിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍

തുടക്കത്തില്‍ വിറച്ചു, 15 റണ്‍സിന് രണ്ടുവിക്കറ്റ്; സൂര്യ- ദുബെ കൂട്ടുകെട്ട് രക്ഷയായി, യുഎസിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ വിറച്ച ശേഷം ജയം സ്വന്തമാക്കി ഇന്ത്യ. യുഎസ്എ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കോഹ് ലിയെയും നഷ്ടമായി. 15 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി യുഎസ്ഇ ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തുവിട്ട ഋഷഭ് പന്ത് കഴിഞ്ഞ കളികളിലെ ഫോം തുടരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 18 റണ്‍സിന് ഔട്ടായി. മൂന്ന് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ്- ശിവം ദുബെ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ സൂര്യ 49 പന്തില്‍ നിന്നാണ് 50 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ടുവീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നല്‍കിയ ദുബെ 35 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎസ്എ 110 റണ്‍സ് സ്‌കോര്‍ ചെയ്തത്. 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത നിതീഷ് കുമാറാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സ്റ്റീവന്‍ ടെയലറും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സ് തുറക്കും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഷയാന്‍ ജഹാംഗിറിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. പിന്നീട് 3ന് വരണ്ട്, 25 ന് മൂന്ന്, 56 ന് നാല് എന്നിങ്ങനെ യുഎസിന്റെ വിക്കറ്റുകള്‍ വീണു.

അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍(24), കൊറി ആന്‍ഡേഴ്‌സന്‍(14) എന്നിവരുടെ ഇന്നിങ്സുകള്‍ ടീമിനെ 14.4 ഓവറില്‍ 81 ല്‍ എത്തിച്ചു. എന്നാല്‍ നീതീഷ് കുമാര്‍ പുറത്താതിന് പിന്നാലെ യുഎസ്എയുടെ വിക്കറ്റുകള്‍ വീണ്ടും തുടര്‍ച്ചയായി വീണു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനെ ടീമിന് കഴിഞ്ഞുള്ളു.

ഇന്ത്യക്കായി നാല് വിക്കറ്റ് പ്രകടനത്തോടെ അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴത്തി.

മഴയില്‍ വൈകി, ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

മഴയില്‍ വൈകി, ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയച്ചു. മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ നിന്നതോടെയാണ് ടോസിട്ടത്. മത്സരം അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.

ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തി. സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല.ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ശിവം ഡുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ.

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ഡല്ലാസ്: ടി20 ലോകകപ്പില്‍ യുഎസിനെതിരെ പാകിസ്ഥാന് തോൽവി. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റു ചെയ്ത യു എസ് 19 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

നോര്‍വേ: ചെസ് വിസ്മയം മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ .നോര്‍വേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറില്‍ ആദ്യമായാണ് ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്പിക്കുന്നത്. മുന്‍പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടമാണ്.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്‌നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ മുന്നില്‍ എത്തുകയായിരുന്നു.ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സന്റെ ജന്മനാട് കൂടിയാണ് നോര്‍വേ. പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തില്‍ മുന്നിലുള്ളത്.

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.

ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.

രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.