by Midhun HP News | Jul 15, 2024 | Latest News, കായികം
മയാമി: കൊളംബിയയെ ഒരു ഗോളിന് തകർത്ത് കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീന നേടി. ഫൈനലിൽ എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്‍റീനയുടെ വിജയം. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.
by liji HP News | Jul 9, 2024 | Latest News, കായികം
ന്യൂജേഴ്സി: കോപ്പ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് ലോക ചാമ്പ്യൻമാരായ അർജന്‍റീന നാളെയിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് തുടങ്ങുന്ന സെമിയിൽ കാനഡയാണ് എതിരാളികൾ. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ലെങ്കിലും വിപിഎന്‍ വഴി നിരവധി വെബ്സൈറ്റുകള്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇതുവഴി ആരാധകര്‍ക്ക് മത്സരം കാണാനാകും.അർജന്‍റീനയ്ക്കും കോപ്പയ്ക്കും ഇടയിലെ ദൂരം ഒറ്റമത്സരത്തിലേക്ക് ചുരുക്കാനാണ് അർജന്‍റീന ഇറങ്ങുന്നത്. എന്നാല്‍ ഇതുവരെ പതിവ് മികവിലേക്ക് ഉയരാനായിട്ടില്ല നിലവിലെ ചാമ്പ്യൻമാർക്ക്. എതിരാളികൾ കാനഡ ആയതിനാൽ ലിയോണൽ മെസിക്കും സംഘത്തിനും സെമിയിലും കാര്യമായ ആശങ്കകളില്ല.
ഉദ്ഘാടന മത്സരത്തിൽ രണ്ടുഗോളിന് തോറ്റെങ്കിലും ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അര്‍ജന്‍റീനയെ അട്ടിമറിച്ചാലും അത്ഭുഭതപ്പെടേണ്ടെന്നാണ് കാനഡ പരിശീലകന്‍ ജെസെ മാർഷിന്‍റെ മുന്നറിയിപ്പ്. ക്വാർട്ടറിൽ ഗോളടിക്കാൻ പാടുപെട്ട അർജന്‍റീന ഷൂട്ടൗട്ടിലാണ് ഇക്വഡോറിനെ മറികടന്നത്.
ടീമിന്‍റെ പ്രകടനത്തിൽ കോച്ച് ലിയോണൽ സ്കലോണി ഒട്ടും തൃപ്തനല്ല. അതുകൊണ്ടുതന്നെ കാനഡയ്ക്കെതിരെ ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്.മുന്നേറ്റത്തിൽ നിക്കോ ഗോൺസാലസ്, ലൗറ്റരോ മാർട്ടിനസ് എന്നിവർക്ക് പകരം ഏഞ്ചൽ ഡി മരിയയും ജൂലിയൻ അൽവാരസും മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് പകരം ജിയോവനി ലോസെൽസോയോ ലിയാൻഡ്രോ പരേഡസോ ടീമിലെത്തും.ഗോളി എമി മാർട്ടിനസിനും പ്രതിരോധ നിരയ്ക്കും ഇളക്കമുണ്ടാവില്ല. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഗോള്‍ കണ്ടെത്താനാവാത്ത മെസി പരിക്കിൽനിന്ന് മുക്തനായി യഥാർഥ ഫോമിലേക്ക് എത്തിയാൽ അർജന്‍റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കാനഡ സെമിയിലേക്ക് മുന്നേറിയത്.
മതസരം നിയന്ത്രിക്കാന്‍ അര്‍ജന്‍റീനയുടെ ഭാഗ്യ റഫറി
ചിലിക്കാരനായ പിയറോ മാസ ആകും അർജന്‍റീന-കാനഡ സെമി പോരാട്ടം നിയന്ത്രിക്കുക. ഇതിന് മുൻപ് മാസ നിയന്ത്രിച്ച രണ്ട് കളിയിലും അർജന്‍റീന ജയിച്ചിരുന്നു .ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനും ഫൈനലിസിമയിൽ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളിനും അർജന്‍റീന തോൽപ്പിച്ചപ്പോൾ മാസ ആയിരുന്നു റഫറി.

by liji HP News | Jul 6, 2024 | Latest News, കായികം
ഹരാരെ: ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. അഭിഷേക് ശര്‍മ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുമെന്നും ഗില്‍ സ്ഥിരീകരിച്ചു.
ട്വന്റി 20 ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുള്‍പ്പടെ ഒരുപാട് യുവതാരങ്ങള്‍ ഈ ടീമിലുണ്ട്. ചിലര്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചു. മറ്റുചിലര്‍ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
by Midhun HP News | Jul 4, 2024 | Latest News, കായികം
ന്യൂഡൽഹി: ട്വൻ്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നാട്ടിലെത്തി. മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ടീം ഇന്ന് രാവിലെയാണ് ഡൽഹിയിലെത്തിയത്. ഹോട്ടലിലെക്കു പോയ ടീം അൽപ്പസമയത്തിനുള്ളിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
വമ്പിച്ച സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ദില്ലി വിമാനത്താവളത്തില്‍ ലഭിച്ചത്. താരങ്ങളെ സ്വീകരിക്കാന്‍ ഏറെ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മെഡലുകള്‍ കഴുത്തില്‍ അണിഞ്ഞാണ് സഞ്ജു അടക്കമുള്ള താരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. കപ്പുമായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ട്രോഫി ഉയര്‍ത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.
by Midhun HP News | Jul 2, 2024 | Latest News, കായികം
ബാര്‍ബഡോസ്: ചുഴലിക്കാറ്റ് ഭീഷണി മുന്നറിയിപ്പിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ടീം നാളെ നാട്ടിലേക്ക് മടങ്ങും. ടി20 ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് തിരികെ എത്തിക്കുന്നത്.
ബാര്‍ബഡോസില്‍ ചുലിക്കാറ്റ് മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്നു വിമാനങ്ങള്‍ റദ്ദാക്കിയതാണ് ഇന്ത്യന്‍ ടീമിന്റെ തിരികെ യാത്ര മുടക്കിയത്. മുന്നറിയിപ്പിനെ തുടര്‍ന്നു വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ബാര്‍ബഡോസിലെ ഹോട്ടലില്‍ തങ്ങുകയാണ് ഇന്ത്യന്‍ ടീം.നാളെ ബാര്‍ബഡോസ് സമയം വൈകീട്ട് 6.00 മണിക്ക് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ആയിരിക്കും. നാളെ വൈകീട്ട് 7.45ഓടെ ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Jun 29, 2024 | Latest News, കായികം
ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.
മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് – സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ – ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തും കേശവ് മഹാരാജിന് തൊടാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. അടുത്ത പന്തില്‍ മില്ലര്‍ രണ്ട് റണ്‍ നേടി. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. ഇനി വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.
Recent Comments